കിഴങ്ങു വിളകളില്‍ പോഷക സമൃദ്ധിയില്‍ മുന്നില്‍ നില്‍ക്കുന്നതാണ് കാച്ചില്‍. പ്രകൃതിദത്ത സ്റ്റിറോയ്ഡാണ് ഇത്. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതുകൊണ്ട് രക്തസമ്മര്‍ദ്ദത്തെ തടയാന്‍ കാച്ചിലിന് കഴിയും. കാച്ചലില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് വളരെ സാവകാശമേ ഗ്ലൂക്കോസായി രൂപാന്തരപ്പെടുന്നുള്ളു.അതിനാല്‍ ശരീരത്തിലെ ഇന്‍സുലിന് പ്രവര്‍ത്തിക്കാനുള്ള സമയം കിട്ടുന്നു. കാച്ചില്‍ ഭക്ഷിക്കുന്നതുകൊണ്ട് പ്രമേഹം ഉണ്ടാകുന്നില്ല. 

നല്ല ചൂടും നീരാവിയുമുള്ള അന്തരീക്ഷമാണ് കാച്ചില്‍ കൃഷിക്ക് ഉത്തമം. ജൈവാംശം ധാരാളമുള്ള നല്ല നീര്‍വാര്‍ച്ചയും ഇളക്കവുമുള്ള മണ്ണില്‍ കാച്ചില്‍ നന്നായി വളരും. 

kaachil

ഇവിടെ കാച്ചില്‍ എങ്ങനെ ചാക്കില്‍ വിളയിക്കാമെന്നാണ് വിവരിക്കുന്നത്

1. 75 കിലോ അരിച്ചാക്ക് തുറന്ന് അടിഭാഗത്ത് 6 ഇഞ്ച് വ്യാസത്തില്‍ പ്ലാസ്റ്റിക് വട്ടത്തില്‍ മുറിച്ചുമാറ്റുന്നു.

2.  ഒന്നര അടി നീളത്തില്‍ മുറിച്ചെടുത്ത വാഴപ്പിണ്ടി, ചാക്കിന്റെ മധ്യ ഭാഗത്ത് ദ്വാരമുണ്ടാക്കിയ ശേഷം ആ ഭാഗത്ത്‌  നേരെ കുത്തിച്ചാരി നിറുത്തണം.

3.  വാഴപ്പിണ്ടിയുടെ ചുറ്റിനും ചാക്കിനുള്ളില്‍ മേല്മണ്ണ്, ചാണകപ്പൊടി, മണ്ണിരകമ്പോസ്റ്റ്, എല്ലുപൊടി , ചാരം, കരിയില പൊടിഞ്ഞത് എന്നിവയുടെ മിശ്രിതം നിറയ്ക്കുന്നു.

4. ഈ മിശ്രിതം വാഴപിണ്ടിയുടെ മുകളില്‍ വരെ നിരത്തണം. വാഴപിണ്ടിയുടെ നേരെ മുകളിലായി കാച്ചിലിന്റെ പൂള് വെട്ടി തയ്യാറാക്കിയ കഷ്ണം വെച്ചു ഇതേ മിശ്രിതം ഇട്ടു കരിയില വെയ്ക്കുന്നു.

5. കിളിര്‍ത്തു വരുമ്പോള്‍ കയര്‍ കെട്ടി വള്ളി മരങ്ങളിലേക്ക് കയറ്റി വിടുന്നു.

6. കാച്ചില്‍ വളരുന്നതിനനുസരിച്ച് വാഴപ്പിണ്ടി അഴുകി വളമാകുകയും കാച്ചിലിന് താഴോട്ടു വളരാനുള്ള സ്ഥലം കിട്ടുകയും ചെയ്യും.

7. രണ്ടാഴ്ച കൂടുമ്പോള്‍ , ജൈവ സ്ലറി നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കുന്നു . ഈ രീതിയില്‍ കൃഷി ചെയ്താല്‍, നല്ല വിളവ് കിട്ടുകയും, വളരെ നിസ്സാരമായി വിളവെടുക്കുകയും ചെയ്യാം.