കാടുകയറി സസ്യങ്ങള്‍ തിരയുകയാണ് സലിം പിച്ചന്‍. അപൂര്‍വ സസ്യങ്ങളെ എളുപ്പം തിരിച്ചറിയാന്‍ സലിമിനു കഴിയും. പ്രാദേശിക നാമം, ശാസ്ത്രനാമം, ഔഷധഗുണം, ഉപയോഗിക്കുന്ന രീതി എന്നിവയെല്ലാം സലീമിന് മനഃപാഠം. വയനാട് എം.എസ്. സ്വാമിനാഥന്‍ ഗവേഷണകേന്ദ്രം ജീവനക്കാരനായ ഇദ്ദേഹത്തെ തേടി ഒട്ടേറെ പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്. 

സലീം

2009-ല്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ എക്സലന്റ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച സലിമിന് 2011-ല്‍ കേരള സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. പശ്ചിമഘട്ട മലനിരകളിലെ മഴക്കാടുകളിലെ പ്രാധാന്യമര്‍ഹിക്കുന്ന വയനാടന്‍ മലനിരകളിലെ സസ്യസമ്പത്തിനെപ്പറ്റി സലിം പഠനം നടത്തിയിട്ടുണ്ട്. ആയിരത്തി എഴുന്നൂറില്‍പ്പരം സസ്യങ്ങളിലെ വൈവിധ്യത്തെ കണ്ടെത്തുന്നതിനും അവയുടെയെല്ലാം പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിനുമായി വനസംരക്ഷണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരോടൊപ്പവും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. 

വയനാടന്‍ മണ്ണില്‍നിന്നും ലോകത്തിന്റെ നെറുകയിലേക്ക് അത്യപൂര്‍വമായ ഇരപിടിയന്‍ സസ്യത്തെ കണ്ടെത്തിയതിലും ഓര്‍ക്കിഡ് കുടുംബത്തില്‍നിന്നും പുതിയയിനം സസ്യത്തെ കണ്ടെത്തി ഡെന്‍ഡ്രോബിയം അനിലി എന്നു നാമകരണം ചെയ്തതിലും സലിമിന്റെ പ്രയത്‌നമുണ്ട്. മധ്യഭാരതത്തിലും ഡക്കാന്‍ പീഠഭൂമിയിലും മാത്രം കണ്ടിരുന്ന സോമലതയുടെയും പാവട്ടയുടെയും ബന്ധുവിനെ വയനാട്ടില്‍ കണ്ടെത്തിയതിലും സലിമിന്റെ പങ്ക് പ്രശംസാര്‍ഹമായി. നൂറ്റാണ്ടുകള്‍ക്കപ്പുറം അജ്ഞാതമായി കിടന്നിരുന്ന അത്യപൂര്‍വ ഇഞ്ചിവര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളെ സലിം കണ്ടെത്തിയതും ശാസ്ത്രലോകം അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്. 

വയനാട് ജില്ലയിലെ സസ്യസമ്പത്തിനെപ്പറ്റി നടത്തിയ പഠനപ്രവര്‍ത്തനങ്ങളും പുതിയ കണ്ടെത്തലുകളും മാനിച്ചുകൊണ്ട് ലോക സസ്യവൈവിധ്യത്തിന്റെ താളുകളിലേക്കായി കേരളത്തില്‍നിന്നും പുതുതായി കണ്ടെത്തിയ സസ്യത്തിന് ശാസ്ത്രജ്ഞര്‍ 'സ്വീഡന്‍ ഫെഡിനെല്ല സലീമി' എന്ന പേര് നല്‍കി. 

ജൈവവൈവിധ്യത്തെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നതിനും വംശനാശം സംഭവിക്കുന്ന സസ്യങ്ങളെ സംരക്ഷിക്കുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഈ വര്‍ഷം യുവപ്രതിഭ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. വയനാട് അത്തിമൂലയില്‍ താമസിക്കുന്ന പിച്ചിന്‍ മുഹമ്മദിന്റെയും കാപ്പന്‍ സൈനബയുടെയും മകനാണ് ഈ പ്രതിഭ. (ഫോണ്‍: 9387422851).