തലശ്ശേരി: 80 ശതമാനം സബ്സിഡിയുണ്ടായിട്ടും ജലകൃഷി വികസന ഏജന്‍സി(അഡാക്)യുടെ നെല്ലും മീനും കൃഷി നടപ്പായത് ലക്ഷ്യമിട്ടതിന്റെ ആറിലൊന്ന് ഭാഗം മാത്രം. ഇതുകാരണം കോടിക്കണക്കിന് രൂപയാണ് പാഴാകുന്നത്. ജില്ലയിലെ 23 പഞ്ചായത്തുകളിലായി 600 ഹെക്ടര്‍ കൈപ്പാട് നിലമാണ് കൃഷിയോഗ്യമായിട്ടുള്ളത്. ഇതില്‍ 300 ഹെക്ടറില്‍ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇതുവരെ 13 സംഘങ്ങളിലൂടെ 65 ഹെക്ടറില്‍ മാത്രമാണ് നടപ്പായത്. 2019 വരെ സഹായം നല്‍കാവുന്ന പദ്ധതിയുടെ ആകെ തുക 12.50 കോടിയാണ്. ഇതില്‍ 2.60 കോടി രൂപ മാത്രമാണ് ഇതുവരെ അനുവദിക്കപ്പെട്ടത്. 2015 ഡിസംബറിലായിരുന്നു പദ്ധതിയുടെ തുടക്കം. 2019 വരെയാണ് പദ്ധതി കാലയളവ്.

ഓരു ജലം കയറിയിറങ്ങുന്ന കൈപ്പാട് കൃഷിയിടങ്ങളെയാണ് പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞത് അഞ്ച് ഹെക്ടറെങ്കിലും വിസ്തൃതിയുള്ള പാടങ്ങളെ ഒരുയൂണിറ്റായി കണക്കാക്കി കുറഞ്ഞത് അഞ്ചു പേരടങ്ങിയ സംഘത്തിനാണ് സഹായം നല്‍കുന്നത്. ഒരുയൂണിറ്റിന് 20 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ജലനിയന്ത്രണത്തിനായി ഒരുപൊതുബണ്ടും മഞ്ച(ചീര്‍പ്പ്)യും നിര്‍മിച്ച് നെല്‍, മത്സ്യ കൃഷിക്ക് നിലം അനുയോജ്യമാക്കുകയാണ് ആദ്യം വേണ്ടത്. ബണ്ടിന് ചുറ്റും കണ്ടല്‍ നട്ടുപിടിപ്പിക്കണം.
 
ഓരോഘട്ടം തീരുന്നതിനനുസരിച്ചാണ് ഫണ്ട് നല്‍കുന്നത്. ബണ്ട് നിര്‍മാണത്തിന് എട്ടുലക്ഷം രൂപയും മഞ്ചനിര്‍മാണത്തിന് ഒരുലക്ഷം രൂപയും നല്‍കും. നെല്‍കൃഷിക്ക് 4.35 ലക്ഷം, ചെമ്മീന്‍ കൃഷിക്ക് 4.06 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിക്കുക. ജൂണ്‍-ഒക്ടോബര്‍ കാലയളവില്‍ നെല്‍കൃഷിയും തുടര്‍ന്നുള്ള മാസങ്ങളില്‍ മത്സ്യകൃഷിയുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. ഇതുവരെ ചെറുകുന്ന്, കണ്ണപുരം, ധര്‍മടം, പിണറായി, ചേലോറ പഞ്ചായത്തുകളിലും തലശ്ശേരി, ആന്തൂര്‍ നഗരസഭകളിലുമാണ് പദ്ധതി നടപ്പായത്. വളവും കീടനാശിനികളും ഉപയോഗിക്കാതെ തികച്ചും ജൈവരിതീയിലുള്ള ഉത്പാദനമാണ് കൈപ്പാട് കൃഷിനിലങ്ങളുടെ സവിശേഷത.

ഒരുമിച്ച് സ്ഥലം കിട്ടാത്തത് തടസ്സം

ഒരുമിച്ച് അഞ്ചുഹെക്ടര്‍ കൈപ്പാട് നിലം കിട്ടാത്തതാണ് പദ്ധതിക്ക് പ്രധാന തടസ്സമെന്നാണ് അഡാക് അധികൃതര്‍ പറയുന്നത്. സ്ഥലമുടമകള്‍ പാട്ടത്തിന് കൃഷിയിടം നല്‍കാത്തതാണ് മറ്റൊരു പ്രശ്നം. പാടം കുറേക്കാലം വെറുതെയിട്ടതിനാല്‍ വീണ്ടും കൃഷിയോഗ്യമാക്കാനുള്ള ബുദ്ധിമുട്ടും പദ്ധതിക്ക് വെല്ലുവിളിയാണെന്ന് അധികൃതര്‍ പറഞ്ഞു. നബാര്‍ഡ് മുഖേന ലഭിക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫണ്ടാണ് നെല്ലും മീനും പദ്ധതിക്കായി അഡാക്ക് അനുവദിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്.

Content highlights: Agriculture, Fish farming, Agency for development of aqua culture,Kaipad farming