orchidകല്‍പറ്റ: പശ്ചിമഘട്ട മലനിരകളിലെ വയനാടന്‍ മഴക്കാടുകളില്‍ നിന്നും പുതിയ ഇനം സസ്യത്തെ കണ്ടെത്തി. ഓര്‍ക്കിഡ് കുടുംബത്തില്‍പ്പെട്ട ലിപ്പാരിസ് ജനുസ്സില്‍പ്പെട്ടതാണിത്. മേപ്പാടിക്കടുത്ത തൊള്ളായിരം കാട്ടില്‍നിന്നാണ് സസ്യത്തെ കണ്ടെത്തിയത്. മലബാര്‍ പ്രദേശത്തെ പ്രതിനിധാനം ചെയ്തും 'അതീവ സുന്ദരമായ' എന്ന് അര്‍ഥംവരുന്ന അറബിക് നാമവും ചേര്‍ത്ത് ചെടിക്ക് ലിപ്പാരിസ് സനാമലബാറിക്ക എന്നുപേരിട്ടു. തായ്‌വാനിയ എന്ന അന്താരാഷ്ട്ര ജേണലിലാണ് കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. 

വയനാട്ടില്‍നിന്നും ഇതുവരെ 181-ല്‍പ്പരം ഓര്‍ക്കിഡുകളെ കണ്ടെത്തിയിട്ടുണ്ട്. അതില്‍ത്തന്നെ ലിപ്പാരിസ് ജനുസ്സില്‍ 14-ഓളം സസ്യങ്ങളുണ്ട്. നിത്യഹരിത വനങ്ങളിലെ മരങ്ങളില്‍ കൂട്ടമായി പറ്റിപ്പിടിച്ച് വളരുന്ന ഈ സസ്യങ്ങളില്‍ ഇലയുടെ അരികുകള്‍ കീറിയതുപോലെയാണ്. ഈ ചെടിയുടെ അടിവശം ഉരുണ്ട കാണ്ഡമാണ്. ഈ സസ്യത്തെ അതീവ സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. 

എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ സാങ്കേതികവിഭാഗം ജീവനക്കാരനായ പിച്ചന്‍ എം. സലീമാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ മുതിര്‍ന്നഗവേഷകനും സ്ഥാപന മേധാവിയുമായ ഡോ. വി. ബാലകൃഷ്ണനാണ് പഠനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.