തിരുവനന്തപുരം: മികച്ച കര്‍ഷകര്‍ക്കുള്ള മാതൃഭൂമി ന്യൂസിന്റെ കൃഷിഭൂമി പുരസ്‌കാരം കണ്ണൂരില്‍ നിന്നുള്ള സഹോദരന്മാരായ കെ.എം.രാജനും കെ.എം. ദാമോദരനും ഗവര്‍ണര്‍ പി.സദാശിവം സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.തിരഞ്ഞെടുക്കപ്പെട്ട  കര്‍ഷകരായ പാലക്കാട് നിന്നുള്ള അരവിന്ദന്‍, ആലപ്പുഴ സ്വദേശിയായ ശുഭകേശന്‍, വയനാട്ടില്‍ നിന്നുള്ള കര്‍ഷകനായ അയൂബ്, മലപ്പുറത്തു നിന്നുള്ള ഗോവിന്ദന്‍കുട്ടി വാര്യര്‍, കാര്‍മല്‍ ജ്യോതി സ്‌പെഷല്‍ സ്‌കൂള്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ നല്‍കി.

പുരസ്‌കാരം കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന് ഏറെ പ്രചോദനമാണെന്നും മാതൃഭൂമിയുടെ ആദ്യത്തെ കൃഷിഭൂമി പുരസ്‌കാരം സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ തനിക്കേറെ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു.  കര്‍ഷക കുടുംബത്തില്‍ ജനിച്ച തനിക്ക് കൃഷി എന്നും ഇഷ്ടവിഷയവും ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന തൊഴിലുമായിരുന്നു. കുട്ടിക്കാലം മുതല്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ താന്‍ ശ്രദ്ധിച്ചിരുന്നു. കൃഷി ലാഭകരമാണെങ്കില്‍ മാത്രമേ ജനങ്ങള്‍ കാര്‍ഷികവൃത്തിയിലേക്ക് തിരിയുകയുള്ളു. അതുകൊണ്ടുതന്നെ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.

മാതൃഭൂമിയുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ക്ക് കൃഷി സംബന്ധമായ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താനും ജനങ്ങള്‍ക്ക് കൃഷിയോടുള്ള താത്പര്യം വര്‍ദ്ധിപ്പിക്കുന്നതിനും ഏറെ സഹായകരമായി. കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

തന്റെ അച്ഛന്‍ മികച്ച കരിമ്പ് കര്‍ഷകനുള്ള അവാര്‍ഡ് നേടിയ കൃഷിക്കാരനായിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ 20 ഏക്കര്‍ സ്ഥലത്ത് താന്‍ കരിമ്പ് കൃഷി ചെയ്യുന്നുണ്ട്. കണ്ണൂരില്‍ കര്‍ഷകര്‍ കരിമ്പു കൃഷി ചെയ്യുന്നുണ്ടെന്ന് താന്‍ മനസ്സിലാക്കിയത് കൃഷിഭൂമി പരിപാടിയിലൂടെയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൃഷിഭൂമി പുരസ്‌കാര ജേതാക്കളെ സ്വാതന്ത്ര്യദിനത്തില്‍  രാജ്ഭവനിലേക്ക് ഗവര്‍ണറുടെ അതിഥികളായി ക്ഷണിക്കുകയും ചെയ്തു.

 

agriculture
കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ചടങ്ങില്‍ സംസാരിക്കുന്നു: ഫോട്ടോ: എസ്.ശ്രീകേഷ്

അന്തിമ റൗണ്ടിലെത്തിയ മറ്റ് അഞ്ചു കര്‍ഷകരും ചടങ്ങില്‍ പങ്കെടുത്തു. കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍, മാതൃഭൂമി മാനേജിങ് എഡിറ്റര്‍  പി.വി ചന്ദ്രന്‍, വിധികര്‍ത്താക്കളായ ഹരിത കേരള മിഷന്‍ ഉപാധ്യക്ഷ ഡോ. ടി. എന്‍ സീമ, കേരള കാര്‍ഷിക സര്‍വ്വകലാശാല ഡീന്‍ ഡോ. എ. അനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

agriculture
മാതൃഭൂമി മാനേജിങ്ങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ സംസാരിക്കുന്നു : ഫോട്ടോ: എസ്. ശ്രീകേഷ്

മാതൃഭൂമി ന്യൂസിലെ കൃഷിഭൂമി പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ട കര്‍ഷകരില്‍ നിന്ന് രണ്ടു റൗണ്ടുകളിലായിട്ടാണ് പ്രേക്ഷകരും വിദഗ്ധരും ചേര്‍ന്ന് വിജയിയെ തിരഞ്ഞെടുത്തത്. കാര്‍ഷിക കേരളത്തിന്റെ നല്ല നാളേയ്ക്കായി കഠിനാദ്ധ്വാനത്തിന്റെ നല്ല മാതൃകകളെ ആദരിക്കുക എന്നതാണ് ലക്ഷ്യം.