കൊച്ചി: ആര്‍ക്കും വേണ്ടാതെ ചക്ക  പ്ലാവിന്‍ ചോട്ടില്‍ വീണ് നശിക്കുന്ന കാലം കഴിഞ്ഞു. ചക്കയ്ക്ക് മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡാണ്. പച്ച ചക്ക കിലോയ്ക്ക് 25 രൂപ വരെ നല്‍കണം. സീസണാകാത്തതിനാലാണ് വില കൂടുതലെന്ന് എറണാകുളം മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന ആന്റണി പറഞ്ഞു.

കിലോ 22 രൂപയ്ക്കാണ് ആന്റണിയുടെ കച്ചവടം. നാല് മുതല്‍ 10 കിലോ വരെയുള്ള ചക്കകളാണ് കൂടുതലും വില്‍ക്കുന്നത്. അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ മേഖലകളില്‍ നിന്നെത്തുന്ന വരിക്ക ചക്കയ്ക്കാണ് ഡിമാന്‍ഡ്. കൂഴ എന്നറിയപ്പെടുന്ന പഴച്ചക്കയ്ക്ക് ആവശ്യക്കാരില്ല.

ചക്കയൊന്നിന് 20-25 രൂപ വരെ നല്‍കി പ്ലാവ് മൊത്തമായി പിടിക്കുകയാണ്. കയറ്റക്കൂലി നല്‍കി ക്ഷതമില്ലാതെ പറിച്ചിറക്കി എറണാകുളത്ത് എത്തിക്കുമ്പോള്‍ പിന്നെയും കാശാകും. ഇടിഞ്ചക്കയ്ക്കും ധാരാളം ആവശ്യക്കാരുണ്ട്. സീസണല്ലാത്തപ്പോള്‍ ഇത്തിരിപ്പോന്ന ഇടിഞ്ചക്കയ്ക്ക് 100 രൂപ വരെ നല്‍കണം.

ഷുഗറിനെ പ്രതിരോധിക്കുന്ന ഔഷധമാണെന്ന പ്രചാരണമാണ് പച്ച ചക്കയ്ക്ക് ഡിമാന്‍ഡ് കൂട്ടിയതെന്ന് വ്യാപാരികള്‍ പറയുന്നു. അടുത്തമാസം അവസാനത്തോടെ കൂടുതല്‍ ചക്ക വിപണിയിലെത്തും. അപ്പോള്‍ വില കിലോയ്ക്ക് 10 രൂപയിലും താഴെ വരും.

ചക്ക ധാരാളമുള്ള ഇടങ്ങളില്‍ നിന്ന് ഉത്തരേന്ത്യയിലേക്കും തമിഴ്നാട്ടിലേക്കുമൊക്കെ ധാരാളം കയറ്റിപ്പോകുന്നുമുണ്ട്.