തൃശ്ശൂര്‍/ കോട്ടയം: തലയിലെ മുടി കാണാന്‍ അഴകാണ്. എന്നാല്‍, ബാര്‍ബര്‍ഷോപ്പിലും മറ്റും കുന്നു കൂടുന്ന 'മുടി മാലിന്യസംസ്‌കരണം' ഒരു വെല്ലുവിളിയാണ്. മുടി മാലിന്യത്തെ ഒന്നാംതരം ജൈവവളമാക്കാനുള്ള ശ്രമത്തിലാണ്  കേരള കാര്‍ഷിക സര്‍വകലാശാലയും സംസ്ഥാനത്തെ ബാര്‍ബര്‍മാരുടെ സംഘടനയും. 

ചാണകത്തേക്കാള്‍ 25 ഇരട്ടി നൈട്രജന്‍ മൂലകം കൂടുതലാണ്  മുടിയില്‍. ഇത് ഫലപ്രദമായി ഉപയോഗിക്കാനാണ് നീക്കം. കാര്‍ഷിക സര്‍വകലാശാലയില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണം ഉടന്‍തന്നെ പൂര്‍ത്തിയാകുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.പി. രാജേന്ദ്രന്‍ പറഞ്ഞു. ഗവേഷണ വിഭാഗം മേധാവി ഡോ. സാജന്‍ കുര്യന്റെയും മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ഗിരിജയുടെയും നേതൃത്വത്തിലാണ് ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

മുടി മണ്ണിലലിയാന്‍ വളരെക്കാലം എടുക്കും. പെട്ടെന്നു ചീയുന്ന വസ്തുവുമായി സംയോജിപ്പിച്ചാല്‍ വിഘടന പ്രക്രിയ എളുപ്പമാക്കാം. പാരിസ്ഥിതിക പ്രശ്‌നംകൂടി ഒഴിവാക്കി വ്യാപകമായി ഉപയോഗത്തിലെത്തിക്കാനാണ് സര്‍വകലാശാലയുടെ ശ്രമം. വളമായി ഉപയോഗിക്കാന്‍ കഴിയുന്ന സ്ഥിതിവരുമ്പോള്‍ മുടി ശേഖരിക്കാനുള്ള സംവിധാനം  ഒരുക്കാന്‍ തദ്ദേശസ്ഥാപങ്ങള്‍കൂടി മുന്നോട്ടു വരേണ്ടിവരും. എണ്ണയുടെ അംശം വളരെ പെട്ടെന്ന് വലിച്ചെടുക്കുന്ന മുടി നദികളിലെ മാലിന്യം മാറ്റുന്നതിനും ഉപയോഗിക്കാമെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നുണ്ട്.

ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടെക്‌നോളജി ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അങ്കുഷ് ഗുപ്തയുള്‍പ്പെടെ ഈ വിഷയങ്ങളില്‍ പഠനം നടത്തിയിരുന്നു. പഠനവിവരങ്ങള്‍ ജേണല്‍ ഓഫ് വെയ്സ്റ്റ് മാനേജ്‌മെന്റ് മാസികയില്‍ പ്രസിദ്ധീകരിച്ചു. അമേരിക്കയിലെ സ്മാര്‍ട്ട് ഗ്രോ കമ്പനി ഹെയര്‍മാറ്റ് രൂപത്തില്‍ മുടിവളം വിതരണം ചെയ്യുന്നുണ്ട്. അവിടെ ചെറുസംരംഭകര്‍ ടീ ബാഗ് രൂപത്തിലും മുടിവളം വില്‍ക്കുന്നു.
 
ഇതിനുള്ള സാങ്കേതികവിദ്യയും സഹായവുംതേടി ബാര്‍ബര്‍മാരുടെ സംഘടനയും അടുത്തിടെ സെമിനാര്‍ നടത്തി. വെട്ടിയ മുടി സംസ്‌കരിക്കുന്നത് വലിയ പ്രശ്‌നമായതിനെത്തുടര്‍ന്നാണ് അസോസിയേഷന്‍ ഈ വഴിക്ക് ചിന്തിച്ചത്. ബാര്‍ബര്‍ഷോപ്പുകളില്‍നിന്ന് മുടി ശേഖരിക്കാനായാല്‍ പായ്ക്കറ്റുകളില്‍ ജൈവവളം നിര്‍മിച്ചുനല്‍കാമെന്നാണ് കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ഇ. ബഷീര്‍, ജനറല്‍ സെക്രട്ടറി യു.എന്‍. തമ്പി എന്നിവര്‍ പറയുന്നത്.