തൃശ്ശൂര്‍: കൊയ്ത്തുയന്ത്രമോ തെങ്ങുകയറ്റയന്ത്രമോ എവിടെ കിട്ടുമെന്നന്വേഷിച്ച് ഇനി അലയേണ്ട. ഓരോ ജില്ലയിലെയും കാര്‍ഷിക ഉപകരണങ്ങളുടെയും സേവനങ്ങളുടെയും ലഭ്യതയറിയാന്‍ കമ്പ്യൂട്ടര്‍ ക്ലിക്കുകള്‍ മാത്രംമതി. asha.kerala.gov.in എന്ന പേരില്‍ പോര്‍ട്ടല്‍ രൂപവത്കരിച്ചാണ് ഇത് ഏകോപിപ്പിക്കുന്നത്. നിങ്ങള്‍ക്കാവശ്യമുള്ള യന്ത്രം എവിടെ കിട്ടും, എത്രയാണ് വാടക തുടങ്ങിയവയെല്ലാം പോര്‍ട്ടലില്‍ ലഭിക്കും.

ജില്ല, ബ്ലോക്ക്, പഞ്ചായത്തു തലങ്ങളിലെ വിവരങ്ങള്‍ ഇതില്‍ തരംതിരിച്ച് ലഭ്യമാകും. പ്രാദേശികമായ വാടകനിരക്കുകളും അറിയാം. അടുത്തുള്ള സേവനകേന്ദ്രത്തില്‍ ആവശ്യമുള്ള യന്ത്രങ്ങള്‍ ഇല്ലെങ്കില്‍ മറ്റു കേന്ദ്രങ്ങളിലുള്ളത് തേടാനും ഇതിലൂടെ സാധിക്കും. ഓപ്പറേറ്ററുടെ സേവനം ആവശ്യമില്ലെങ്കില്‍ യന്ത്രങ്ങള്‍ മാത്രമായി വാടകയ്ക്ക് കിട്ടാനും അവസരമുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്കാണ് യന്ത്രങ്ങള്‍ ബുക്കുചെയ്യാനാകുക.

പദ്ധതിയുടെ സംസ്ഥാനതല പരിശീലനം കഴിഞ്ഞ ദിവസം സമാപിച്ചു. ഓരോ ജില്ലയിലെയും രണ്ടുപേര്‍ക്കാണ് പരിശീലനം നല്‍കിയത്. യന്ത്രവത്കരണ സേവന പദ്ധതികളായ കസ്റ്റം ഹയറിംഗ് സെന്ററുകള്‍, കാര്‍ഷിക സേവനകേന്ദ്രങ്ങള്‍, കാര്‍ഷിക കര്‍മസേനകള്‍ എന്നിവ വഴിയാണ് സേവനങ്ങള്‍ ലഭിക്കുക.