മറയൂര്‍: കാന്തല്ലൂരില്‍ പെയ്ത കനത്തമഴ തകര്‍ത്തത് ഉരുളക്കിഴങ്ങ്, കാരറ്റ്, കര്‍ഷകരുടെ സ്വപ്നങ്ങളാണ്. വിളവെടുക്കാറായപ്പോഴേക്കും കനത്ത മഴയെത്തിയതും വിളകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തയ്യാറാകാത്തതുമാണ് കിഴങ്ങും കാരറ്റും ചീഞ്ഞ് നശിക്കാൻ കാരണം.
 
ഓണക്കാലത്ത് നല്ല വിളവും വിലയും പ്രതീക്ഷിച്ച് കൃഷിയിറക്കിയ കര്‍ഷകരാണ് ദുരിതമനുഭവിക്കുന്നത്. 100 ലധികം ഏക്കറിലെ കൃഷിയാണ് നശിച്ചത്. കൊളുത്താമല, ഗുഹനാഥപുരം, പെരുമല, പുത്തൂര്‍, ആടിവയല്‍ എന്നീ മേഖലകളിലെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.
 
ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറി ഇപ്പോള്‍ കാന്തല്ലൂരില്‍നിന്ന് സംഭരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതുമൂലം കര്‍ഷകര്‍ക്ക് വിളകള്‍ വില്ക്കുന്നതിന് ഇടനിലക്കാരെയും തമിഴ്നാട് വ്യാപാരികളെയും ആശ്രയിക്കേണ്ടിവരുന്നു. വളരെ വില കുറച്ച് വിളകള്‍ വില്‍ക്കേണ്ട സാഹചര്യത്തിലാണ് കര്‍ഷകര്‍ ഇപ്പോള്‍ ഉള്ളത്.