തൃശ്ശൂര്‍: ഇറക്കുമതിത്തീരുവ എന്ന കടമ്പ മറികടക്കാനും ചെലവുകള്‍ കുറയ്ക്കാനും കൂടുതല്‍ വന്‍കിടക്കാര്‍ ആസിയാന്‍ രാജ്യങ്ങളില്‍ കൃഷിക്കൊരുങ്ങുന്നു. 2010ല്‍ പ്രമുഖ ടയര്‍ കമ്പനി ലാവോസില്‍ പതിനായിരം ഹെക്ടറില്‍ റബ്ബര്‍ക്കൃഷി തുടങ്ങിയിരുന്നു. മറ്റു വന്‍കിടക്കാരും ഇതേവഴി തിരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ഷിക കുടിയേറ്റമെന്ന പുതിയ സാധ്യതയിലേക്കാണ് ഇത് വഴിതുറക്കുന്നത്.

ഉത്പാദനച്ചെലവ് കുറവാണെന്നതാണ് ഇത്തരം രാജ്യങ്ങളിലെ ആകര്‍ഷണം. സ്ഥലം വാങ്ങാനാവില്ലെങ്കിലും പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നതിന് തടസ്സമില്ല. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബ്ബര്‍, ചുങ്കം കൊടുത്ത് കൊണ്ടുവന്നാലും ലാഭകരമാണ്. 
ഭാവിയില്‍ വന്‍കിട പ്ലാന്റര്‍മാരും ഇതേവഴി തിരഞ്ഞെടുത്താല്‍ അദ്ഭുതപ്പെടാനില്ല. ഇപ്പോള്‍ത്തന്നെ കര്‍ണാടകയിലും മറ്റും പോയി നിരവധി മലയാളി കര്‍ഷകര്‍ റബ്ബര്‍ക്കൃഷി നടത്തുന്നുണ്ട്. 

ആസിയാന്‍ രാജ്യങ്ങളിലെ രാഷ്ട്രീയസാമൂഹിക സാഹചര്യങ്ങള്‍ ഏതുസമയത്തും മാറാമെന്നതാണ് പലരെയും പിന്നോട്ടുവലിക്കുന്നത്. തായ്‌ലന്‍ഡില്‍ പട്ടാളഭരണമാണ്. എന്നിട്ടും അവിടത്തെ റബ്ബര്‍ക്കര്‍ഷകര്‍ വിലത്തകര്‍ച്ചയില്‍ നട്ടംതിരിഞ്ഞപ്പോള്‍ കൂടിയവിലയ്ക്ക് സര്‍ക്കാര്‍ റബ്ബര്‍ സംഭരിച്ചിരുന്നു. ഇത് ഇപ്പോള്‍ വിപണിയില്‍ ഇറക്കിയതിനാലാണ് ആഗോള റബ്ബര്‍വില ഇടിഞ്ഞത്. 

ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള പല ഉത്പന്നങ്ങളുടെയും തീരുവ 2019ഓടെ ഇല്ലാതാകുമെന്ന് കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്. കാപ്പി, കുരുമുളക്, തേയില, പാമോയില്‍ എന്നിവയുടെ ഇറക്കുമതിച്ചുങ്കം ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ നൂറുശതമാനത്തില്‍നിന്ന് 37.5 ശതമാനമായി കുറച്ചിരുന്നു. വിയറ്റ്‌നാമില്‍നിന്നും ശ്രീലങ്കില്‍നിന്നുമുള്ള കുരുമുളക് വിപണിയില്‍ വ്യാപകമായി. 
പാമോയില്‍ ഇറക്കുമതി കൂടിയാല്‍ കേരകര്‍ഷകരുടെ ഭാവി അവതാളത്തിലാകും.

കേരഫെഡ് വഴിയുണ്ടായിരുന്ന തേങ്ങസംഭരണത്തില്‍നിന്ന് 2016 അവസാനം സര്‍ക്കാര്‍ പിന്‍മാറുകയും ചെയ്തു. നാളികേര വിളവ് കുറഞ്ഞതും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരവ് കൂടിയതും കേരവിപണിക്ക് വെല്ലുവിളിയാണ്. സാര്‍ക്ക് രാജ്യങ്ങളില്‍നിന്ന് അടയ്ക്കയും ഇഞ്ചിയും വരുന്നുണ്ട്. ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് നികുതിയില്ലാതെ സ്വാഭാവിക റബ്ബര്‍ കൊണ്ടുവരാനാകില്ല. 
ഇറക്കുമതിത്തീരുവ ഒഴിവാക്കണമെന്ന് വ്യവസായികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യങ്ങളെല്ലാം കാര്‍ഷികമേഖലയെ ബദല്‍മാര്‍ഗങ്ങളിലേക്കു നയിക്കുമെന്നാണ് കരുതുന്നത്. തന്നാണ്ട് കൃഷികളിലേക്ക് കര്‍ഷകര്‍ തിരിയുന്നതാണ് ഇപ്പോഴത്തെ പ്രവണത.