അടൂര്‍: ആറന്മുളയില്‍ 400 ഏക്കര്‍ സ്ഥലത്തും അടുത്തവര്‍ഷം പൂര്‍ണമായും കൃഷിയിറക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന കാര്‍ഷികവികസന വകുപ്പ് സമഗ്ര പച്ചക്കറികൃഷി വികസന പദ്ധതിയുടെ ജില്ലാതല അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

30 വര്‍ഷമായി കൃഷിചെയ്യാതെ കിടക്കുന്ന പന്തളം കരിങ്ങാലി പുഞ്ചയിലും അടുത്തവര്‍ഷം കൃഷിയിറക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവിടെ പൂര്‍ണമായി കൃഷിചെയ്യാനുള്ള പദ്ധതികളാണ് കൃഷി വകുപ്പ് തയ്യാറാക്കുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ കൃഷിയും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. പത്തനംതിട്ട ജില്ലയില്‍ കൃഷിചെയ്യാതെ കിടക്കുന്ന എല്ലാ പാടശേഖരങ്ങളും ഘട്ടംഘട്ടമായി കൃഷിയിറക്കാനുള്ള പദ്ധതിയും കൃഷി വകുപ്പ് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 

ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കാര്‍ഷികവികസന വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തി. ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ടി.മുരുകേഷ്, എലിസബത്ത് അബു, ഷൈലാ ജോസഫ്, സി.കെ.സജിത, സുജാ ജോര്‍ജ്, എ.പി.ജയന്‍, പ്രസന്നകുമാരി, പ്രസന്ന വിജയകുമാര്‍, കെ.വി.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. വി.എഫ്.സി.കെ. ഡെപ്യൂട്ടി മാനേജര്‍ ഷീജാ മാത്യു ക്ലാസ്സെടുത്തു.