വെള്ളറട: കര്‍ഷകരെ സങ്കടക്കെണിയിലാക്കി ഒറ്റശേഖരമംഗലത്തെ ഇടവാലിലും പരിസര ഏലാകളിലും വാഴക്കുല മോഷണം പെരുകുന്നു. പരാതികള്‍ നല്‍കിയിട്ടും മോഷ്ടാക്കളെ കണ്ടെത്താനുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കര്‍ഷകരുടെ പരാതി. 

ഇടവാല്‍ സ്വദേശികളായ നാരായണപിള്ള, കരുണാകരന്‍നായര്‍, മോഹനകുമാര്‍ എന്നിവര്‍ പാട്ടത്തിനെടുത്ത കൃഷിയിടത്തിലെ പത്തിലേറെ വാഴക്കുലകളാണ് മോഷണം പോയത്. പാകമാകാത്ത രണ്ടു കപ്പക്കുലകള്‍ വെട്ടിയിട്ട ശേഷം സമീപത്ത് ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്ന് കരുതുന്നതായി ഉടമകള്‍ പറയുന്നു. 

ആര്യങ്കോട്, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലെ ആര്യങ്കോട്, കുരവറ, മണ്ഡപത്തിന്‍കടവ്, പൂഴനാട്, കുന്നനാട് തുടങ്ങിയ ഏലാകളില്‍ മാസങ്ങളായി കുലമോഷണം വ്യാപകമായിട്ടുണ്ട്. രണ്ടുമാസത്തിനുമുമ്പ് ഈ പ്രദേശങ്ങളില്‍ നിന്ന് 250-ലേറ വാഴക്കുലകള്‍ മോഷണം പോയിട്ടുണ്ട്. ആര്യങ്കോട് പോലീസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള ഏലായില്‍ ഗോപാലകൃഷ്ണന്റെ കൃഷിയിടത്തില്‍ മുമ്പ് ഒരാഴ്ചയ്ക്കുള്ളിലായി നാലുതവണയായി 28 കുലകള്‍ മോഷണം പോയി. 

പതിവാകുന്ന കുലമോഷണം പാട്ടഭൂമിയില്‍ വായ്പയെടുത്ത് കൃഷിചെയ്യുന്ന കര്‍ഷകരെ വലയ്ക്കുന്നു. മോഷ്ടാക്കള്‍ ബൈക്കുകളിലും മറ്റ് വാഹനങ്ങളിലും എത്തി മോഷണം നടത്തുന്നുവെന്നാണ് സൂചന. രാത്രികാല പോലീസ് പട്രോളിങ് ശക്തമാക്കിയാല്‍ ഒരു പരിധിവരെ മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിയുമെന്ന് കര്‍ഷകര്‍ പറയുന്നു. മോഷണം പതിവായ സാഹചര്യത്തില്‍ കര്‍ഷകര്‍ സംഘടിച്ച് ഉന്നതപോലീസ് അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.