തൃശ്ശൂര്‍: തരിശിടുന്ന കൃഷിഭൂമി കൃഷിക്കായി വിട്ടുനല്‍കിയാല്‍ റോയല്‍റ്റി നല്‍കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കൃഷിഭൂമി തരിശിടുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ കരട് നിയമത്തില്‍ ഈ വ്യവസ്ഥകൂടി ഉള്‍പ്പെടുത്തിയെന്ന് അദ്ദേഹം 'മാതൃഭൂമി'യോട് പറഞ്ഞു.

തരിശിടുന്ന കൃഷിഭൂമിക്ക് ഉടമ പിഴ നല്‍കേണ്ടിവരുമെന്ന് നേരത്തേ മാതൃഭൂമി വാര്‍ത്ത നല്‍കിയിരുന്നു. കൃഷിക്ക് വിട്ടുനല്‍കുന്ന ഭൂമിയുടെ ഉടമയ്ക്ക് അവകാശം പൂര്‍ണമായും സംരക്ഷിക്കുന്ന വ്യവസ്ഥകളും നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പിഴയും റോയല്‍റ്റിയും എത്രയാണെന്ന് ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കും. 
കൃഷി ചെയ്യാത്തതും കൃഷിക്ക് ഭൂമി വിട്ടുനല്‍കാത്തതും വലിയ കുറ്റമാണെന്നു തോന്നത്തക്ക വിധത്തിലാകും പിഴത്തുക. ഭൂമി തരിശിട്ട് കാലക്രമത്തില്‍ തരംമാറ്റി മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയുകയാണ് ലക്ഷ്യം. റവന്യൂ വകുപ്പ് മുന്‍കൈയെടുത്താണ് നിയമം തയ്യാറാക്കിയിരിക്കുന്നത്.

ഉടമയും കൃഷിക്കാരുമായി പ്രത്യേക കരാറുണ്ടാക്കിയാണ് മൂന്നുകൊല്ലം മുതല്‍ അഞ്ചുകൊല്ലം വരെ കൃഷിക്ക് ഭൂമി നല്കുക. ഇത് ഭൂമി ഏറ്റെടുക്കലോ പിടിച്ചെടുക്കലോ പഴയ പാട്ടവ്യവസ്ഥയോ അല്ല. വ്യക്തികള്‍ക്കോ അവരുടെ ഗ്രൂപ്പുകള്‍ക്കോ പുറമേ കര്‍ഷകസമിതികള്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ക്കും കൃഷിയിറക്കാം. കൃഷിക്ക് നിലവിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും കിട്ടും.

പദ്ധതി നടപ്പാക്കുന്നതിനായി കൃഷി റവന്യൂ മന്ത്രിത ചര്‍ച്ചകള്‍ നടന്നു. ഇനി കൃഷി വിദഗ്ധര്‍, കര്‍ഷക സംഘടനകള്‍, മുന്നണി തല ചര്‍ച്ചകള്‍ എന്നിവ നടക്കാനുണ്ട്.

കൃഷിക്കാര്‍ക്കുള്ള വ്യവസ്ഥകള്‍ 

വിട്ടുനല്‍കുന്ന ഭൂമി നിര്‍ബന്ധമായും കൃഷിചെയ്തിരിക്കണം. കൃഷിചെയ്യാതിരുന്നാല്‍ കുറഞ്ഞ കാലാവധിയായ മൂന്ന് കൊല്ലത്തിനകം ഉടമയ്ക്ക് തിരിച്ചെടുക്കാം. ഭൂമിയുടെ തരംമാറ്റം, മണ്ണിന് യോജ്യമല്ലാത്ത വിളവിറക്കല്‍, കൃഷിരീതി, വളപ്രയോഗം എന്നിവ അനുവദിക്കില്ല.

കൃഷി പരിസ്ഥിതി സൗഹൃദമാകണം. നിശ്ചിത കാലാവധി കഴിഞ്ഞാല്‍ വീണ്ടും അതേ വിഭാഗത്തിന് കൃഷി അനുവദിക്കില്ല. കര്‍ഷകരുമായി കരാര്‍ ഉള്ളതിനാല്‍ ഉടമയ്ക്ക് സംരക്ഷണം ഉറപ്പ്.