സുഗന്ധവ്യഞ്ജനവിളയാണ് മധുരത്തുളസി അഥവാ 'സ്വീറ്റ് ബേസില്‍.' ഇതിന്റെ ഇലകള്‍ പച്ചയ്‌ക്കോ ഉണക്കിയോ കുടിവെള്ളം തിളപ്പിക്കുമ്പോള്‍ ചേര്‍ത്താല്‍ വെള്ളത്തിന് നല്ല സ്വാദും സുഗന്ധവും കിട്ടും. പച്ചില അരച്ച് സലാഡില്‍ ചേര്‍ക്കാം. ഇലകള്‍ വാറ്റിയെടുക്കുന്ന സുഗന്ധതൈലം ബേക്കറി പലഹാരങ്ങളിലും കെച്ചപ്പ്, സോസ് തുടങ്ങിയവയിലും ചേരുവയാണ്. പ്രകൃതിചികിത്സാവിധിയായ 'അരോമ തെറാപ്പി'യിലും മധുരത്തുളസി ഉപയോഗിക്കുന്നു.

കേരളത്തില്‍ മധുരത്തുളസി വളരും. തറയിലും ചട്ടിയിലും വളര്‍ത്താം. തറയൊരുക്കി ചെറിയ കുഴികുത്തി അതില്‍ ഒന്നരക്കിലോ പൊടിഞ്ഞുണങ്ങിയ ചാണകം അടിവളമായി ചേര്‍ത്ത് വേരുപിടിപ്പിച്ച ഇളംതണ്ടുകളോ തൈകളോ നടാം. 20 ഗ്രാം സ്യൂഡോമോണസ് വെള്ളത്തില്‍ കലക്കി ആഴ്ചയിലൊരിക്കല്‍ തളിച്ചാല്‍ രോഗബാധകളുണ്ടാവില്ല. ചെടി പൂക്കാന്‍ തുടങ്ങിയാല്‍ തലപ്പ് നുള്ളി വിളവെടുക്കാം. ചട്ടിയില്‍ പോട്ടിങ് മിശ്രിതം നിറച്ചും തൈ നടാം.