ബാലുശ്ശേരി: അമൂല്യങ്ങളായ ഇരുനൂറില്‍പരം ഔഷധസസ്യങ്ങളുടെ കലവറയാണ് നൊച്ചാട് ഗവ. ആയുര്‍വേദ ആസ്പത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസറായ ഡോ. ടി.കെ. മുഹമ്മദിന്റെ വീട്ടുമുറ്റവും പരിസരവും. ചട്ടികളില്‍ പൂച്ചെടികള്‍ക്കുപകരം ഔഷധസസ്യങ്ങളാണ് വളര്‍ത്തിയിരിക്കുന്നത്. നിത്യേന രണ്ടുമണിക്കൂര്‍ സമയമാണ് ഔഷധസസ്യങ്ങളെ പരിപാലിക്കാന്‍ ഡോ. മുഹമ്മദ് ചെലവഴിക്കുന്നത്.

പാച്ചോറ്റി എന്ന ഇനത്തില്‍പ്പെട്ട അപൂര്‍വ ഔഷധച്ചെടി പൂത്തുനില്‍ക്കുന്നത് കൗതുകക്കാഴ്ചയാണ്. രണ്ടുതരം മൂവില, പെരീല, മൂന്നിനം ഞങ്ങലംപരണ്ട, അണലിവേഗം, രണ്ടിനം രാസ്‌ന, കര്‍പ്പൂരമരം, കരിമുത്തിള്‍, മൂന്നിനം മുറികൂട്ടി, പൂക്കൈത, അയമോദകം, കുറ്റിപാണല്‍ എന്നീ ഔഷധച്ചെടികള്‍ ഇവിടെ സമൃദ്ധമായി വളരുന്നു.

പാമ്പുകടിയേറ്റാല്‍ വിഷമകറ്റുന്ന ഔഷധങ്ങള്‍, കാന്‍സര്‍ചികിത്സയ്ക്കും ഇന്‍സുലിന് പകരമുപയോഗിക്കുന്ന പ്രത്യേക ഇനം ഔഷധസസ്യങ്ങളും ഡോക്ടര്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. ഞാവലും നീര്‍മാതളവും പടര്‍ന്നുപന്തലിച്ചിട്ടുണ്ട്. ഉമ്മവും ചതുരമുല്ലയും കാശാവും വളര്‍ത്തിയിട്ടുണ്ട്. വിവിധ രോഗങ്ങളുമായി ഡോക്ടറെ സമീപിക്കുന്ന രോഗികള്‍ക്ക് തന്റെ തോട്ടത്തിലെ ഔഷധങ്ങളുപയോഗിച്ചും ചികിത്സ നടത്താറുണ്ട്.
 
എസ്റ്റേറ്റ്മുക്ക് കക്കയംറോഡില്‍ താഴെ തലയാട് അങ്ങാടിക്കടുത്ത് റോഡരികില്‍ 24 സെന്റ് സ്ഥലത്താണ് വീടും ഔഷധത്തോട്ടവുള്ളത്. ഔഷധച്ചെടികളെ പരിപാലിക്കാന്‍ ഭാര്യയും മക്കളും ഡോക്ടറെ സഹായിക്കുന്നുണ്ട്. നമ്മുടെ ചുറ്റുപാടില്‍ ധാരാളം ഔഷധച്ചെടികളുണ്ടെന്നും അവ വളര്‍ത്താനുള്ള മനസ്സാണുവേണ്ടതെന്നും ഡോക്ടര്‍ മുഹമ്മദ് പറയുന്നു.