നിറയെ ഇലകളും നീണ്ട തണ്ടില്‍ മുള്ളു പോലുള്ള വിത്തുമായി നില്‍ക്കുന്ന ഒരു ചെറിയ സസ്യമാണ് കടലാടി. കാടുപോലെ വളര്‍ന്നു എന്നു പറഞ്ഞ് പിഴുതെറിയുന്നതിനു മുമ്പ് കടലാടിയുടെ ഗുണങ്ങളെപ്പറ്റി അറിയണം. 

അമരാന്തേസി സസ്യകുടുംബത്തിലെ അംഗമാണ് അര മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന കടലാടി. ഏകവര്‍ഷ സസ്യമായ കടലാടിയുടെ ശാസ്ത്ര നാമം അകിരാന്തസ് ആസ്പിറ എന്നാണ്. സംസ്‌കൃതത്തില്‍ ഇതിന് അപാമാര്‍ഗ, മയൂര:, ശിഖരീ, മര്‍ക്കടപിപ്പലീ, ദുര്‍ഗ്രഹ:, കരമഞ്ജരി, ഇന്ദുലേഖ എന്നീ പേരുകള്‍ പറഞ്ഞു വരുന്നു.

കടലാടി പ്രധാനമായും രണ്ടു തരത്തിലുണ്ട്. വെളുത്ത പൂവുള്ളതും ചുവന്ന പൂവുള്ളതും.

സമൂലം ഔഷധഗുണമുള്ള ഒരു സസ്യമാണ് കടലാടി. പലതരം രോഗങ്ങള്‍ക്ക് ഫലപ്രദം. കടന്നല്‍, തേനീച്ച, ഉറുമ്പുകള്‍ എന്നിവയുടെ കടിയേറ്റാലും പുഴു അരിച്ചാലും കടലാടിയുടെ ഇല ചതച്ച് ആ നീര് കടിയേറ്റ ഭാഗത്ത് വയ്ക്കുന്നത് നല്ലതാണ്. തേനീച്ചയുടെയും കടന്നലിന്റെയും മുള്ള് വേഗം ഊരിപ്പോരാനും നീര് വറ്റാനും കടലാടി സഹായിക്കും.

കഫം, വാതം, മുറിവുകള്‍, ഉദരരോഗങ്ങള്‍, കര്‍ണരോഗങ്ങള്‍, അതിസാരം, ദന്തരോഗം ഇവ ശമിപ്പിക്കാന്‍ അത്യുത്തമമാണ് കടലാടി. വിത്തില്‍ ഹൈഡ്രോകാര്‍ബണും സാപോണിനും അടങ്ങിയിരിക്കുന്നു. വേരിലെ ഗ്ലൈക്കോസൈഡിക്ക് അംശത്തില്‍ ഒലിയാനോലിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

കടലാടി കത്തിച്ച് കിട്ടുന്ന ചാരത്തില്‍ ധാരാളം പൊട്ടാഷ് അടങ്ങിയിരിക്കുന്നു. ചിലർ ഉദരരോഗങ്ങൾക്ക് ഈ ചാരം തേനുമായി ചേര്‍ത്തു കഴിക്കാറുണ്ട്. പല്ലുവേദന ഉണ്ടാകുമ്പോള്‍ വേര് ചതച്ചെടുത്ത് പല്ലു തേക്കുന്നത് നല്ലതാണ്. കടലാടി സമൂലം ഉണക്കി കത്തിച്ച് വെള്ളത്തില്‍ കലക്കി ഈ വെള്ളം തെളിച്ചെടുത്ത് കഴിച്ചാല്‍ വയറുവേദന ഭേദമാകും. വയറിളക്കം മാറുന്നതിന് കടലാടിയുടെ വിത്തരച്ച് പശുവിന്‍ പാലുമായി ചേര്‍ത്ത് കഴിച്ചാല്‍ മതി. 

കടലാടിയില ചുണ്ണാമ്പ്, വെളുത്തുള്ളി എന്നിവ ഒരേ അളവിലെടുത്ത് അരച്ച് മുറിവില്‍ വച്ചു കെട്ടിയാല്‍ മുറിവുണങ്ങും. കടലാടിയില ഉണക്കിപ്പൊടിച്ച് തേനുമായി ചേര്‍ത്ത് കഴിക്കുന്നത് അതിസാരം ശമിപ്പിക്കും. കടലാടി ഉണക്കിപ്പൊടിച്ച പൊടിയും ആലിപ്പഴവും ചേര്‍ത്ത് കഴിച്ചാല്‍ കോളറ മാറിക്കിട്ടും. നീര്‍വീക്കമുണ്ടായാല്‍ 30 എം.എല്‍ വീതം കടലാടിയിലക്കഷായം ദിവസവും ഉപയോഗിക്കുന്നതും നല്ലതാണ്. 

ഇത്രയേറെ ഔഷധമൂല്യമുള്ള കടലാടിയെ അധികമാരും നട്ടു വളര്‍ത്താറില്ല. മുള്ളു പോലുള്ള വിത്തുകള്‍ മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പറ്റിപ്പിടിച്ചാണ് വിതരണം ചെയ്യുന്നത്.