കേരളത്തില്‍ ഇനിയും വിപുലമായി കൃഷിചെയ്യാത്ത പയറുവര്‍ഗ്ഗ വിളയാണ് ചെറുപയര്‍. എല്ലാത്തരം മണ്ണിലും നന്നായി വളരുന്ന ചെറുപയര്‍, വരള്‍ച്ചയെ അതിജീവിക്കുവാന്‍ കഴിയുന്ന ചെടിയാണ്. ഇന്ത്യയിലും വിദേശങ്ങളിലും പ്രിയമേറിയ ചെറുപയര്‍ കൃഷി ഇന്ത്യയില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര,മദ്ധ്യപ്രദേശ്, പഞ്ചാബ് ,രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക എന്നിവടങ്ങളിലാണ്.

ഒരു മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ പയറുവര്‍ഗ്ഗ ചെടിക്ക് സ്വയം പരാഗണം നടത്തുന്ന ചെറിയ ഇളം മഞ്ഞ നിറമുള്ള പൂക്കളാണ് ഉള്ളത്. കേരളത്തില്‍ വിളവെടുപ്പ് കഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ ഇത്തരം കൃഷി ചെയ്യുവാന്‍ നല്ലതാണ്. ഇടവിളയായും കൃഷി ചെയ്താല്‍ മികച്ച വിളവ് ലഭിക്കും. മരച്ചീനി, ചേന, ചേമ്പ്, തെങ്ങ്, വാഴ എന്നിവയുടെ ഇടവിളയായി ഇത് കൃഷി ചെയ്യാം. പുസ വൈശാലി, പുസ മോഹിനി, വര്‍ഷ, സുനയന, അമൃത്, കോപ്പാര്‍, ഗാവോണ്‍ എന്നിവയാണ് പ്രധാന ഇനങ്ങള്‍. ചെറുപയര്‍ കൃഷി ചെയ്യുമ്പോള്‍ നല്ല നീര്‍ വാര്‍ച്ചയുള്ള മണ്ണില്‍ കൃഷി ചെയ്യുന്നതാണ് ഉത്തമം.

എന്നാല്‍ പുളിപ്പും ഉപ്പും ഉള്ള മണ്ണില്‍ കൃഷി ചെയ്യുവാന്‍ നല്ലതല്ല. ഒറ്റ വിളയായി കൃഷി ചെയ്യുമ്പോള്‍ ഉഴുത സ്ഥലത്ത് വിത്ത് വിതറം. ഒറ്റ വിളകൃഷിയ്ക്ക് ഹെക്ടറിന് 20 മുതല്‍ 25 കിലോ ഗ്രാം വിത്ത് ആവശ്യമായി വരും എന്നാല്‍ ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ എട്ട് കിലോഗ്രം വിത്ത് മതിയാകും. കളകളും മറ്റും നീക്കം ചെയ്ത സ്ഥലം ഒരുക്കിയ ശേഷം 30 സെന്റിമീറ്റര്‍ വീതിയിലും 15 സെന്റിമാറ്റര്‍ ആഴത്തിലുമുള്ള ചാലുകള്‍ ഉണ്ടാക്കണം. 

മഴക്കാലത്താണ് കൃഷി ചെയ്യുവാന്‍ നല്ല സമയം. കാലിവളംഹെക്ടറിന് 20 ടണ്‍, ചുണ്ണാമ്പ് 250 കിലോഗ്രാം, ഡോളോമൈറ്റ് 400 കിലോഗ്രാം, നൈട്രജന്‍ 20 കിലോഗ്രാം,പൊട്ടാസ്യം 30 കിലോഗ്രം,ഫോസ്ഫറസ് 30 കിലോഗ്രം  എന്നിവളങ്ങള്‍ ചെറുപയര്‍ കൃഷിക്ക് ആവശ്യമാണ്. നിലം ഉഴുതുന്നതിനോടൊപ്പം ചുണ്ണാമ്പ് ചേര്‍ക്കുന്നത് നല്ലതാണ്.

ഇതിന് ശേഷം പകുതി നൈട്രജന്‍ വളവും, പൊട്ടാഷും, ഫോസ്ഫറസും മുഴുവനായും അവസാനം ഉയുതുന്ന സമയത്ത് ചേര്‍ക്കണം. പിന്നിട് മിച്ചമുള്ള നൈട്രജന്‍ രണ്ട് ശതമാനം വീര്യമുള്ള യുറിയ ലായിനില്‍ ചേര്‍ത്ത്  തുല്യഅളവില്‍ വിതച്ച് 15, 30 എന്നി ദിവസങ്ങളില്‍ തളിക്കണം. ചെറുപയര്‍ കൃഷി പ്രധാനമായും നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്ന് തളിര്‍ ഇലകളും കായ്കളും തിന്ന് നശിപ്പിക്കുന്ന പുഴുക്കളുടെ ആക്രമണമാണ്.

ഇതിനെ ചെറുക്കനായി 0.1 ശതമാനം വീര്യമുള്ള ക്യുനാല്‍ഫോസ് പൂവിടുന്ന സമയത്ത് തളിക്കണം. പൂക്കളെ ആക്രമിക്കുന്ന കീടങ്ങള്‍ക്കെതിരെ 10 ശതമാനം വീര്യത്തില്‍ സൈത്തയോണ്‍ കീടനാശിനി ഉപയോഗിക്കാം. മികച്ചയിനം വിത്തുകള്‍ കൃഷിക്കായി ഉപയോഗിച്ചാല്‍ രോഗങ്ങളെ പ്രതിരോധിക്കുവാന്‍ കഴിയും. പോഷകമൂല്യമുള്ള നല്ല ആഹാരങ്ങളുടെ പട്ടികയില്‍ പെടുന്നതാണ് ചെറുപയര്‍.