ഇലയില്‍ 'ചിത്രം വരയ്ക്കുന്ന' ചിത്രകീടം തക്കാളിക്കും പയറിനും പാവലിനും നാശം വരുത്തും. ചിത്രകീടത്തിന്റെ പുഴുക്കള്‍ ഇലയിലെ കോശങ്ങളില്‍ തുളച്ചുകയറി ഹരിതകം തിന്നുനശിപ്പിക്കും. ഫലം ഇലകളില്‍ വെളുത്തനിറത്തില്‍ ചിത്രംവരച്ച പാടുകള്‍ കാണുന്നു. ആക്രമണം കനക്കുമ്പോള്‍ ഇലകള്‍ മഞ്ഞളിച്ച് ക്രമേണ കരിയും.

ആക്രമണ ലക്ഷണം കൂടുതലായി കാണുന്ന ഇലകള്‍ നുള്ളി നശിപ്പിക്കുന്നതാണ് ചിത്രകീടത്തിനുള്ള ആദ്യ നിയന്ത്രണമാര്‍ഗം. അതിരാവിലെയാണ് ഈ കീടം ചിത്രം വരയ്ക്കാനെത്തുക. അതിനാല്‍ അതിരാവിലെ തന്നെ അസാഡിറക്ടിന്‍ അടങ്ങിയ ഒരു ശതമാനം വീര്യമുള്ള വേപ്പധിഷ്ഠിത കീടനാശിനി അഞ്ചുമില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളിലും മണ്ണിലും തളിച്ചുകൊടുത്താല്‍ ഇവയെ നിയന്ത്രിക്കാം. 10മില്ലി വേപ്പെണ്ണയും ഒരു നുള്ള് ബാര്‍സോപ്പും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും ഫലംചെയ്യും. സമാധിദശയിലുള്ള ചിത്രകീടത്തെ നിയന്ത്രിക്കാന്‍ തടത്തില്‍ വേപ്പിന്‍കുരു ചതച്ചതോ വേപ്പിന്‍ പിണ്ണാക്കോ ചേര്‍ക്കണം.