ചാണക വളത്തെക്കാളും ബയോഗ്യാസ് സ്ലറിക്കാണ് മെച്ചം. മറ്റു ചിലപ്പോള്‍ സ്ലറിയെക്കാളും ചാണക വളം അഥവാ ആലവളമാണ് മുമ്പനെന്നു കേള്‍ക്കാം .ഇതൊന്നുമല്ല പച്ചചാണകമാണ് നല്ലതെന്നുള്ള വാദവുമുണ്ട് .ബാക്ടീരിയകളും പ്രോട്ടോസോവകളും ധാരാളം അതിലുണ്ടെന്നാണ് ന്യായീകരണം . ഇതില്‍ ഏതാണ് ശരി?

പുളിപ്പിച്ച വളങ്ങളില്‍ സൂക്ഷ്മ ജീവികളുടെ വിഘടനം പൂര്‍ത്തിയായതാണ്. ഇവ ചെടികള്‍ക്ക് കാലതാമസമില്ലാതെ വലിച്ചെടുക്കാം .അതിനാല്‍ സസ്യവളര്‍ച്ചയില്‍ പ്രകടമായ മാറ്റം കാണാം .സ്ലറി  ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടവയാണ് .

കൃഷിയിടത്തില്‍ ബയോഗ്യാസ് സ്ലറിയുടെ ഉപയോഗം കൂടിവരികയും ആലവളം ചേര്‍ക്കുന്നത് കുറയുകയും ചെയ്യുന്ന പ്രവണത കൂടിവരുന്നുമുണ്ട് . ചാണക വളവും ബയോഗ്യാസ് സ്ലറിയും രണ്ടുതരത്തിലുള്ളവയാണ് .ചാണകവളം വിഘടനം പൂര്‍ണ്ണമായും നടന്നിട്ടില്ലാത്തവയാതിനാല്‍ അതിലടങ്ങിയ സൂക്ഷ്മ പോഷക മൂലകങ്ങള്‍ ചെടികള്‍ക്ക് അനുഭവിക്കുവാന്‍ സമയമെടുക്കും 

ചാണകവളത്തില്‍ ദീര്‍ഘകാലത്തേക്കും  ബയോഗ്യാസ് സ്ലറിയില്‍ നിന്നും ഹ്രസ്വകാലത്തേക്കും ഗുണഫലം ലഭിക്കുന്നു .

സസ്യപോഷക മൂലകങ്ങള്‍     ചാണകം     ബയോഗ്യാസ് സ്ലറി 
നൈട്രജന്‍ (പാക്യജനകം ) 1.5% 1.6% to 1.8%
ഫോസ്ഫറസ് (ഭാവഹം ) 0.3% 1.1% to 2%
ക്ഷാരം (പൊട്ടാസ്യം ) 0.2% 0.8% to 1.2%

 

പുളിപ്പിച്ച സ്ലറിയോടൊപ്പം ഖരവളങ്ങള്‍ അതായത് ആലവളമോ വിവിധതരം കമ്പോസ്റ്റ് വളങ്ങളോ നല്‍കണം .അപ്പോള്‍ ഇടതടവില്ലാതെ ചെടികള്‍ക്ക് സസ്യപോഷക മൂലകങ്ങള്‍ ലഭിക്കും .ഇതിലൂടെ മണ്ണിന്റെ ആരോഗ്യം വര്‍ദ്ധിക്കും .ചെടിയുടെ കരുത്ത് കൂടും . ഗുണമേന്മയുള്ള വിളവുകളുണ്ടാവും .അത് ഭക്ഷിക്കുന്ന ജീവജാലങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുന്നു .

സ്ലറിമാത്രം നല്‍കുമ്പോള്‍ തുടര്‍ച്ചയായി കൊടുത്തു കൊണ്ടിരിക്കണം . നല്‍കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ചെടികളെ വേഗത്തില്‍ അനാരോഗ്യത്തിലേക്ക് നയിക്കും .എളുപ്പത്തില്‍ മണ്ണിന്റെ ഘടനയും പോഷകവും സമ്പുഷ്ടമാക്കുവാന്‍ പുളിപ്പിച്ച വളങ്ങളോടൊപ്പം ഖര ജൈവവളങ്ങളും നല്‍കുകയെന്നതാണ് ലളിതമായ പോംവഴി .

പച്ചച്ചാണകത്തില്‍ സൂക്ഷ്മ ബാക്ടീരിയകളുടെയും മറ്റും വിഘടനം നടന്നിട്ടില്ലാത്തതിനാല്‍ ചെടികള്‍ക്ക് വേഗത്തില്‍ ലഭിക്കില്ല .ഇതിനെ വിഘടിപ്പിക്കുകയെന്നത് തല്ക്കാലം ചുവട്ടില്‍ നിലവിലുള്ള സൂക്ഷ്മാണുക്കളുടെ പണിയാണ് .ഈ അവസരത്തില്‍ ഇവയുടെ സേവനം ചെടികള്‍ക്ക് ലഭിക്കുന്നത് കുറയും .പോഷകകമ്മിയുടെ രൂപത്തില്‍ ചെടികളില്‍ അനാരോഗ്യം പ്രത്യക്ഷപ്പെടുകയും ചെയ്യും . 

(ലേഖകന്‍ പെരിങ്ങോം വയക്കര കൃഷിഭവനിലെ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റാണ്‌)

MOB; 9747369672.

 ramesanperool@gmail.com