കേരളത്തിലും ഇതാ സൂര്യകാന്തി. മലപ്പുറം പുലാമന്തോളിലെ ശശിധരന്റെ കാര്‍ഷികജീവിതം എന്നും പരീക്ഷണങ്ങളുടെ വഴിയിലാണ്. ഉത്പാദനക്ഷമതയേറിയ 'ഗോപിക' നെല്ല് വിളയിച്ചെടുത്ത ഇദ്ദേഹം ഇപ്പോള്‍ തന്റെ പാടത്ത് സൂര്യകാന്തി കൃഷിചെയ്തുവരുന്നു.

ഒരേക്കര്‍ പാടം ജൈവവളങ്ങള്‍ ചേര്‍ത്ത് ഉഴുതൊരുക്കി സൂര്യകാന്തി വിത്തുകള്‍ വിതച്ചു. പെട്ടെന്ന് മുളച്ച് കരുത്തോടെ വളര്‍ന്ന സൂര്യകാന്തികള്‍ രണ്ടുമാസത്തിനുള്ളില്‍ പൂവണിഞ്ഞു. പൂക്കളിലെല്ലാം നന്നായി വിത്തുകള്‍ ഉണ്ടാകാന്‍ പരാഗണം ആവശ്യമാണ്.

 ചെറുതേനീച്ചകളാണ് പരാഗണത്തെ സഹായിക്കുന്നത്. ഈച്ചകളുടെ വരവിനെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ സൂര്യകാന്തികൃഷിയില്‍ കീടനാശിനിപ്രയോഗം ഒഴിവാക്കണം. പൂക്കള്‍ വിടര്‍ന്ന് ഒരുമാസത്തിനുശേഷം കായ്കള്‍ ഉണങ്ങിത്തുടങ്ങും. 

സൂര്യകാന്തിച്ചെടികളും കരിഞ്ഞുണങ്ങുന്നതോടെ മുറിച്ച് നന്നായി വെയില്‍കൊള്ളിച്ച് കായ്കളില്‍ വടികൊണ്ട് അടിച്ചാണ് വിത്തുകള്‍ ശേഖരിക്കുന്നത്. ഒരേക്കര്‍ പാടത്തുനിന്ന് നാലുക്വിന്റലോളം വിളവാണ് ശശിധരന്‍ പ്രതീക്ഷിക്കുന്നത്. ഇത് ആട്ടി എണ്ണയെടുക്കും. സൂര്യകാന്തികൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് ശശിധരന്റെ ഇപ്പോഴത്തെ ശ്രമം. 

ഫോണ്‍: 9495344237.