ഗൃഹാന്തരീക്ഷം ശുദ്ധീകരിച്ച് വായുവില്‍ തങ്ങിനില്‍ക്കുന്ന മലിനീകാരകങ്ങളെ ആഗിരണം ചെയ്ത്, കാര്‍ബണ്‍ഡൈഓക്‌സൈഡ് വലിച്ചെടുത്ത് പ്രാണവായുവായ ഓക്‌സിജന്‍ വലിയ തോതില്‍ പുറന്തള്ളാന്‍ പ്രത്യേക സിദ്ധിയുള്ള ചില ചെടികള്‍ നമുക്ക് ചുറ്റുമുണ്ട്. വീടുകളില്‍ 80 ചതുരശ്ര മീറ്റര്‍ സ്ഥലം ശുദ്ധീകരിക്കാന്‍ ഇത്തരം മൂന്നോ നാലോ ചെടി മതി; 500 ചതുരശ്ര മീറ്റര്‍ സ്ഥലത്താകട്ടെ ഇതുപോലുള്ള 15-18 ചെടികളും സവിശേഷ സിദ്ധിയുള്ള ഈ ചെടികളെ തിരിച്ചറിഞ്ഞ് ചട്ടികളിലും മറ്റും ഒതുക്കി വളര്‍ത്തി വീടിന്റെ അകത്തളങ്ങളില്‍ വച്ചാല്‍ ഗൃഹാന്തരീക്ഷം സംശുദ്ധമാകുമെന്നു മാത്രമല്ല ഓക്‌സിജന്‍ സമൃദ്ധമാകുകയും ചെയ്യും. അതുകൊണ്ടാണ് ഇത്തരം ചെടികളെ ഓക്‌സിജന്‍ ബോംബുകള്‍ എന്നു വിളിക്കുന്നത്.

ഇനി അധികമൊന്നും പറ്റിയില്ലെങ്കിലും ഇവയില്‍ ഒന്നോ രണ്ടോ എണ്ണം വളര്‍ത്തി വെച്ചു നോക്കൂ. ഗുണം അനുഭവിച്ചറിയാം. മനുഷ്യായുസ്സിന്റെ ഏറെ സമയവും നാമെല്ലാം വീട്ടിനുള്ളിലാണ് കഴിയുന്നത്. അതായത് ഗൃഹാന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന വിഷമയമായ വിവിധതരം മലിനീകാരകങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തിന് വളരെ ഹാനികരമാണെന്ന് കണ്ടെത്തിയിരിക്കുന്നു.

ഗൃഹാന്തരീക്ഷത്തിലെ മലിനീകാരകങ്ങള്‍

ഗൃഹാന്തരീക്ഷത്തിലെ മലിനീകാരകങ്ങള്‍ അല്ലെങ്കില്‍ നമ്മുടെ വീടിന്റെ അകത്തളങ്ങള്‍ വിഷമയമാക്കുന്ന പദാര്‍ഥങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം:

റാഡോണ്‍: അദൃശ്യമായ ഒരു റേഡിയോ ആക്ടീവ് വാതകമാണിത്. വീടിന്റെ അടിഭാഗത്തുള്ള ചിലയിനം പാറകളിലും ഗൃഹനിര്‍മാണ സാമഗ്രികളിലുമാണിത് കാണുന്നത്. സ്ഥിരമായി റാഡോണിന്റെ സാന്നിദ്ധ്യം ശ്വാസകോശ അര്‍ബുദം പോലുള്ള ഗുരുതര രോഗങ്ങളില്‍ വരെ എത്താം.

പുക: അടുപ്പ്, സ്റ്റൗ, കുക്കിങ്ങ് റേഞ്ച്, ഗ്യാസ് അടുപ്പ് എന്നിവയില്‍ നിന്നുണ്ടാകുന്നു. ആസ്തമ, ശ്വാസോച്ഛ്വാസം, വിമ്മിട്ടം തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ബാഷ്പശീല ജൈവ സംയുക്തങ്ങള്‍: ഗൃഹാന്തരീക്ഷത്തില്‍ നിരന്തരം ഉപയോഗിക്കുന്ന നിരവധി പദാര്‍ഥങ്ങളില്‍ നിന്ന് ഇത്തരം സംയുക്തങ്ങള്‍ ഉണ്ടാകാറുണ്ട്. പെയിന്റ്, വാര്‍ണിഷ്, പെയിന്റ് റിമൂവര്‍, വൃത്തിയാക്കാനുള്ള പദാര്‍ഥങ്ങള്‍, ഗൃഹനിര്‍മാണ സാമഗ്രികള്‍, പശ, ഫോട്ടോകോപ്പിയര്‍, പ്രിന്റര്‍ തുടങ്ങിയവ ഇത്തരം സംയുക്തങ്ങളുടെ ഉറവിടമാണ്.

പൂപ്പല്‍: ദീര്‍ഘനാള്‍ അനുഭവിക്കാനിടയായാല്‍ പൂപ്പല്‍ വലിയ ഉപദ്രവകാരിയായി തീരാറുണ്ട്. നനഞ്ഞ് ഈര്‍പ്പമയമായ, വെളിച്ചം കയറാത്ത സാഹചര്യത്തിലാണ് പൂപ്പല്‍ വളരുക. ആസ്തമ, അലര്‍ജി, ശ്വാസോച്ഛ്വാസ പ്രശ്‌നങ്ങള്‍ എന്നിവ വരുത്താന്‍ പൂപ്പലിന് സാധിക്കും. 

കാര്‍ബണ്‍ മോണോക്‌സൈഡ്:

ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോള്‍ ആണ് പ്രധാനമായും കാര്‍ബണ്‍ മോണോക്‌സൈഡ് ഉണ്ടാകുക. കൂടാതെ സിഗരറ്റ്, കേടായ ചൂളകള്‍, ഹീറ്റര്‍ പോലെ ചൂടാക്കാന്‍ ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയും കാര്‍ബണ്‍ മോണോക്‌സൈഡ് ഉത്പാദിപ്പിക്കും. വളരെ തീക്ഷ്ണതയുള്ള വിഷവാതകമാണിത്. ക്ഷീണം, തളര്‍ച്ച, ബോധക്ഷയം എന്നിവയ്ക്കു പുറമേ ഇത് മരണ കാരണവുമായി മാറാം.

ആസ്ബസ്റ്റോസ്:
ചില ഗൃഹനിര്‍മാണ സാമഗ്രികളിലും വളരെ പഴയ വീടുകളിലുമൊക്കെ ആസ്ബസ്റ്റോസിന്റെ സാന്നിധ്യമുണ്ട്. ഇതിന്റെ നിരന്തര സാന്നിദ്ധ്യം ശ്വാസകോശ അര്‍ബുദത്തിനിടയാകും.

ഓസോണ്‍:

അള്‍ട്രാ വയലറ്റ് രശ്മികളും വൈദ്യുതിയുടെ സാന്നിധ്യവുമുമൊക്കെയാണ് ഓസോണ്‍ ഉത്പാദനത്തിനിടയാക്കുന്നത്. അന്തരീക്ഷത്തില്‍ ഉയര്‍ന്ന തലങ്ങളിലാണിത് കാണുക പതിവെങ്കിലും ഭൂപ്രതലത്തിലും ഇതിന്റെ സാന്നിദ്ധ്യം ഉണ്ടാകാറുണ്ട്. നെഞ്ചുവേദന, ആസ്തമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഓസോണ്‍ സാന്നദ്ധ്യം ഇടയാക്കും.

ഇപ്പറഞ്ഞ ഉപദ്രവകാരികളായ മലിനീകാരകങ്ങളെ സമര്‍ഥമായി ഒഴിവാക്കാനും ഗൃഹാന്തരീക്ഷം ശുദ്ധീകരിച്ച് പ്രാണവായു നിറയ്ക്കാനും പറ്റിയ പത്ത് ഉദ്യാനസസ്യങ്ങള്‍ പരിചയപ്പെടാം.

i) ഇംഗ്ലീഷ് ഐവി

medicinal plant
ഇംഗ്ലീഷ് ഐവി

'ഹെഡറ ഹെലിക്‌സ്' എന്ന് സസ്യനാമം. ഗൃഹാന്തരീക്ഷത്തില്‍ നിന്ന് പൂപ്പലിന്റെ സാന്നിദ്ധ്യം കുറയ്ക്കാന്‍ സഹായിക്കുന്ന ചെടിയാണിത്. ചെറിയ വേരുകളെറിഞ്ഞ് ഏത് പ്രതലത്തിലും പറ്റിപ്പിടിക്കാന്‍ കഴിവുള്ള വളളിച്ചെടി. ജൈവവളക്കൂറുള്ള തണലിടങ്ങളില്‍ നന്നായി വളരും. ചട്ടികള്‍ക്കു പുറമെ തൂക്കുകൂടകളിലും വളര്‍ത്താം. അന്തരീക്ഷത്തിലെ ഫോര്‍മാല്‍ഡിഹൈഡ് അരിച്ച് ഒഴിവാക്കാനും ഈ ഉദ്യാനസസ്യത്തിന് കഴിയും.

ii) ഗോള്‍ഡന്‍ പോത്തോസ്
ഗൃഹാന്തരീക്ഷത്തിലെ ഫോര്‍മാല്‍ഡിഹൈഡ് സാന്നിദ്ധ്യം ഒഴിവാക്കാന്‍ ഉചിതമായ ചെടിയാണ് ഗോള്‍ഡന്‍ പോത്തോസ്. 'സിന്‍ഡാപ്‌സസ്-ഓറിയസ്' എന്ന് സസ്യനാമം. സ്വര്‍ണനിറത്തില്‍ ഹൃദയാകൃതിയുള്ള ഇതിന്റെ ഇലകള്‍ അത്യാകര്‍ഷകമാണ്. അന്തരീക്ഷം കാര്‍ബണ്‍ മോണോക്‌സൈഡ് വിമുക്തമാക്കാനും ഗോള്‍ഡന്‍ പോത്തോസിന് കഴിയും. കിടപ്പുമുറിയിലും ഇതിലൊരു ചെടി വെയ്ക്കുന്നത് നന്ന്. അന്തരീക്ഷ വായുവിലെ ദുര്‍ഗന്ധങ്ങള്‍ അകറ്റാനും ബെന്‍സീന്‍ പോലുള്ള വിഷവാതകങ്ങള്‍ ഒഴിവാക്കാനും ഉത്തമം. തണ്ട് മുറിച്ചുനട്ടുവളര്‍ത്താം.

golden pothos
ഗോള്‍ഡന്‍ പോത്തോസ്‌

iii) ബോസ്റ്റണ്‍ ഫേണ്‍
പന്നല്‍ ചെടിയാണ് ബോസ്റ്റണ്‍ ഫേണ്‍. ഇലകള്‍ മീന്‍മുള്ളുപോലിരിക്കുന്നതിനാല്‍ 'ഫിഷ് ബോണ്‍ ഫേണ്‍' എന്നും പറയും. ചുവട്ടിലെ വേരോടിയ ചെറുതൈകള്‍ ഇളക്കി നട്ട് പുതിയ ചെടി വളര്‍ത്താം. വളരുന്ന സാഹചര്യത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇതിന്  കഴിയും. മികച്ച 'എയര്‍ ഫില്‍റ്റര്‍' എന്നാണിതറിയപ്പെടുന്നത്. ഫോര്‍മാല്‍ഡിഹൈഡ്, സൈലിന്‍ തുടങ്ങിയ മലിനീകാരകങ്ങളെ ഫലപ്രദമായി നീക്കും. 'നെഫ്രോലെപിസ് എക്‌സാള്‍ട്ടേറ്റ' എന്ന് സസ്യനാമം.

iv) ഡ്രസീന ഡെറമെന്‍സിസ്:

medicinal plant
ഡ്രസീന ഡെറമെന്‍സിസ്


സുപരിചിതമായ ഇലച്ചെടിയാണ് ഡ്രസീന.  വൈവിധ്യമാര്‍ന്ന നാല്‍പതിലേറെ ഇനങ്ങള്‍ ഇതിലുണ്ട്. ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ്, ട്രൈക്ലോറോ എത്തിലിന്‍, സൈലിന്‍ എന്നീ വിഷപദാര്‍ഥങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് നീക്കാന്‍ ഇവയ്ക്കു പ്രത്യേക കഴിവുണ്ട്.

v) ബാംബു പാം
ആകര്‍ഷകമായ ഇലച്ചെടിയാണ് ബാംബു പാം. 'റീഡ് പാം' എന്നും പേരുണ്ട്. അകത്തളങ്ങളില്‍ വളര്‍ത്താന്‍ ഉത്തമം. ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍, ട്രൈക്ലോറോ എത്തിലീന്‍ തുടങ്ങിയ വിഷവാതകങ്ങള്‍ ഗൃഹാന്തരീക്ഷത്തില്‍ നിന്നകറ്റാന്‍ ഉത്തമമാണ് ഈ അലങ്കാരച്ചെടി. ചെറിയ പൂക്കളും കായ്കളും ഉത്പാദിപ്പിക്കുന്ന ബാംബു പാം നേരിട്ടുള്ള സൂര്യപ്രകാശം അധികം ഇഷ്ടപ്പെടുന്നില്ല. 'കമിഡോറിയ സെയ്ഫ്രിസി' എന്ന് സസ്യനാമം.

vi) ഡ്രാഗണ്‍ ട്രീ

'ഡ്രസീന മാര്‍ജിനോ' എന്ന് സസ്യനാമം. കേരളത്തില്‍ സുലഭമായി വളരുന്ന ഇലച്ചെടി. ഗൃഹാന്തരീക്ഷം ശുദ്ധീകരിക്കാനും സൈലിന്‍, ട്രൈക്ലോറോ എത്തിലീന്‍ പോലുള്ള മലീനികാരകങ്ങള്‍ അരിച്ച് പുറന്തള്ളാനും ഇവയ്ക്ക് കഴിവുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ പഠനമുറികളില്‍, കളിസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് വളര്‍ത്താം 

medicinal plant
ബാംബു പാം

vii) പീസ് ലില്ലി
ആകര്‍ഷകമായ പച്ചിലകളും ഭംഗിയുള്ള തൂവെള്ള പൂക്കളും വിടര്‍ന്ന പീസ് ലില്ലി (സ്പാത്തിഫില്ലം) പശകള്‍, തുകല്‍വസ്തുക്കള്‍ തുടങ്ങിയവ ഉല്‍പാദിപ്പിക്കുന്ന വിഷമയമായ മലിനീകാരകങ്ങള്‍ അകറ്റാന്‍ ഉത്തമ ഉപാധിയാണ്. ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ്, ട്രൈക്ലോറോഎത്തിലിന്‍, സൈലിന്‍, ടൊളുവിന്‍, അമോണിയ പോലുള്ള വിഷാംശങ്ങള്‍ ഇത് ഒഴിവാക്കും. ചുവട്ടിലെ കിഴങ്ങ് ശ്രദ്ധാപൂര്‍വം ചട്ടിയിലിളക്കി നട്ട് പുതിയ ചെടി അനായാസം വളര്‍ത്താം.

viii) ലേഡി പാം
വിശറിപ്പനയുടെ വകഭേദമാണിത്. 'റാപിസ് എക്‌സല്‍സ' എന്ന് സസ്യനാമം. ചട്ടിയില്‍ വളര്‍ത്താം. പരമാവധി 4 മീറ്റര്‍ ഉയരം. ഈര്‍പ്പമുള്ള ഗൃഹാന്തരീക്ഷത്തില്‍ തങ്ങുന്ന പൂപ്പല്‍ ഉള്‍പ്പെടെയുള്ള മലിനീകാരകങ്ങളെ ഇത് അകറ്റും.

ix) സ്‌പൈഡര്‍ പ്ലാന്റ് 

 'ക്ലോറോഫൈറ്റം കോമോസം' ആണ് സ്‌പൈഡര്‍ പ്ലാന്റ് അഥവാ ചിലന്തിച്ചെടി. ഇതിന്റെ സമൃദ്ധമായ ഇലക്കൂട്ടം ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ്, കാര്‍ബണ്‍ മോണോകൈ്‌സഡ് എന്നിവയ്ക്കു പുറമെ റബര്‍, തുകല്‍, അച്ചടി വ്യവസായങ്ങളില്‍ ലായകമായുപയോഗക്കുന്ന സൈലിന്‍ എന്ന രാസപദാര്‍ഥത്തിന്റെ സാന്നിദ്ധ്യവും ഗൃഹാന്തരീക്ഷത്തില്‍ നിന്നൊഴിവാക്കും. ചെടിയില്‍ നിന്നുതന്നെ വളരുന്ന കുഞ്ഞുതൈകള്‍ ഇളക്കി നട്ട് വളര്‍ത്താം.

spider
സ്‌പൈഡര്‍ പ്ലാന്റ്‌

x) സ്‌നെയിക്ക് പ്ലാന്റ് 
ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ്, ട്രൈക്ലോറോഎത്തിലീന്‍, സൈലിന്‍ തുടങ്ങിയ മലിനീകാരകങ്ങളെ ഗൃഹാന്തരീക്ഷത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ കഴിവുള്ള ഇലച്ചെടി. 'സാന്‍സീപീരിയ ട്രൈഫേഷ്യേറ്റ' എന്ന് സസ്യനാമം.