മണം മാത്രമല്ല, പണവും ഉണ്ടാക്കിത്തരാന്‍ കഴിയുന്ന പുഷ്പമാണ് മുല്ല. പുഷ്പവിപണിയില്‍ ഏറ്റവുമധികം വില ലഭിക്കുന്ന ഇനവും മുല്ലപ്പൂതന്നെ. ഒരുദിവസം ഒരുമണിക്കൂര്‍ മുല്ലകൃഷിക്ക് മാറ്റിവയ്ക്കുന്ന എറണാകുളം കരുമാലൂര്‍ സ്വദേശിനി സിന്ധു അജിത്തിന്റെ ദിവസവരുമാനം ആയിരത്തിലധികം രൂപയാണ്.

സമീപവാസികളില്‍നിന്നാണ് സിന്ധു കുറ്റിമുല്ലകൃഷിയെക്കുറിച്ച് അറിയുന്നത്. ഇപ്പോള്‍ വീടിനുചുറ്റിലും ടെറസിലുമായി ചെടിച്ചട്ടികളില്‍ 250ലധികം കുറ്റിമുല്ലത്തൈകള്‍ കൃഷിചെയ്യുന്നു. തൃശ്ശൂര്‍ മണ്ണുത്തിയിലെ കാര്‍ഷികസര്‍വകലാശാലയില്‍നിന്ന് 10 രൂപ നിരക്കില്‍ കുറ്റിമുല്ലത്തൈകള്‍ വാങ്ങി ചുവന്ന മണ്ണും മണലും ചാണകവും ചേര്‍ത്ത് ചട്ടികളില്‍ നിറച്ചശേഷം തൈകള്‍ നട്ടു.

തൈനട്ട് നാലുമാസം  കഴിഞ്ഞപ്പോള്‍ മൊട്ടിട്ടുതുടങ്ങി. രാവിലെ ഒരുനേരം വെള്ളമൊഴിക്കും. ഇടയ്ക്കിടയ്ക്ക് കളകള്‍ പറിച്ചുമാറ്റണം. ചെടിക്കുചുറ്റുമുള്ള മണ്ണ് ആഴ്ചയിലൊരിക്കലെങ്കിലും ഇളക്കിക്കൊടുക്കണം. നല്ല  വെയില്‍കിട്ടുന്ന സ്ഥലത്ത് കൃഷി ചെയ്താല്‍ കൂടുതല്‍ നന്നായി മൊട്ടിടുമെന്നാണ് സിന്ധു പറയുന്നത്.

കൂടുതല്‍ പൂക്കള്‍ കിട്ടുന്നതിന് ചെടിയുടെ ചുവട്ടില്‍നിന്ന് ഒരടി ഉയരത്തില്‍ എല്ലാ ശാഖകളും മുറിച്ചുനീക്കണം. കൂടുതല്‍ മൊട്ടിടാനാണ് ഇങ്ങനെ ചെയ്യുന്നത്. രണ്ടാഴ്ചയ്ക്കിടയ്ക്ക് ചാണകപ്പൊടി, സ്റ്റെറാമില്‍ എന്നീ വളങ്ങള്‍ ഇടാറുണ്ട്. കുറ്റിമുല്ലകൃഷിയില്‍ പേടിക്കേണ്ടത് മൊട്ടിനെ കാര്‍ന്നുതിന്നുന്ന പ്രാണികളെയാണ്. ഇവയെ നശിപ്പിക്കാന്‍ കാന്താരി മുളക് അരച്ച് ഒരാഴ്ച വെള്ളത്തിലിട്ടശേഷം ചെടികളില്‍ തളിക്കണം.

രാവിലെ ഏഴുമണിക്കുമുമ്പ്  മൊട്ടുകള്‍ നുള്ളി സമീപത്തെ പറവൂര്‍താലൂക്കിലെ പുഷ്പകൃഷി വികസനസമിതിയില്‍ എത്തിക്കും. മിക്കദിവസവും ഒരു കിലോവരെ പൂമൊട്ട് ലഭിക്കും. ചില സമയങ്ങളില്‍ കിലോയ്ക്ക് ആയിരം രൂപവരെ  കിട്ടാറുണ്ട്. സമീപത്തെ കല്യാണവീടുകളിലും അമ്പലത്തിലും ഇടയ്ക്ക് സിന്ധുതന്നെ പൂമാല കെട്ടിക്കൊടുക്കും. മുറ്റത്തും ടെറസിലും നിറയെ മൊട്ടിട്ട കുറ്റിമുല്ലച്ചെടികളും ചുറ്റും മണവും നിറയുമ്പോള്‍ കുറ്റിമുല്ലകൃഷി ഈ വീട്ടമ്മയ്ക്ക് ചെറിയ അധ്വാനത്തിലൂടെ ലഭിക്കുന്ന വലിയ ലാഭമായിത്തീര്‍ന്നിരിക്കുന്നു.