കേരള-കര്‍ണാടക അതിര്‍ത്തിഗ്രാമമായ ഗുണ്ടല്‍പ്പേട്ടിലെ പ്രധാന കൃഷിയാണ് ചെണ്ടുമല്ലിയും സൂര്യകാന്തിയും. കാഴ്ചക്കാര്‍ക്ക് മനോഹരമായ ദൃശ്യവിരുന്നാണ് ഇവ ഒരുക്കുന്നതെങ്കില്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനമാണ് നേടിക്കൊടുക്കുന്നത്.
കാലാവസ്ഥ അനുകൂലമാണെങ്കില്‍ വിളയും മികച്ചതാവും. മൂന്നുമാസം കൊണ്ട് വിളവെടുക്കാമെന്ന പ്രത്യേകതയും ഈ കൃഷികള്ക്കുണ്ട്. അത്യുപാദനശേഷിയുള്ള വിത്തുകളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. മുന്‍വര്‍ഷത്തെ വിളവെടുപ്പ് കഴിഞ്ഞ് അടുത്ത വിളവെടുപ്പിനായി കൃഷിയിടങ്ങള്‍ ഒരുക്കുമ്പോള്‍ ഉണങ്ങിയ ചെണ്ടുമല്ലിയുടെയും സൂര്യകാന്തിയുടെയും ചെടികള്‍ കത്തിച്ചും കര്‍ണാടകയില്‍ സമൃദ്ധമായി കിട്ടുന്ന ചാണകവും ചേര്‍ത്ത് കൃഷിയിടങ്ങള്‍ സജ്ജമാക്കുകയാണ് ചെയ്യുന്നത്. കര്‍ണാടക ഗ്രാമീണരുടെ ഭൂരിഭാഗം കൃഷിയും ഈ രീതിയില്‍ തന്നെയുള്ളതാണ്.
ഗുണ്ടല്‍പ്പേട്ടിലെ സഹകരണസംഘങ്ങള്‍ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. 150-ഗ്രാം വരുന്ന ഒരു പാക്കറ്റ് ചെണ്ടുമല്ലി വിത്തിന് 3,500-രൂപ വില വരും. ഈ വിത്തുകള്‍ ഒരേക്കര്‍ സ്ഥലത്ത് വിതയ്ക്കാന്‍ കഴിയും. ഒരേക്കറില്‍ നിന്ന് നല്ല വിളവാണെങ്കില്‍ 20-ടണ്‍ പൂവ് വരെ ലഭിക്കും വിത്ത് വിതച്ച് ഇരുപത് ദിവസം കഴിയുമ്പോള്‍ പറിച്ചു വാരമെടുത്ത് നടണം. 3X2 അടി അനുപാതത്തിലാണ് നടുന്നത്.
പറിച്ചു നട്ടാല്‍ ഉടന്‍തന്നെ രാസവളങ്ങള്‍ ഉപയോഗിക്കും. ഇലകളില്‍ പുഴുക്കുത്ത് ഉണ്ടാകാതിരിക്കാന്‍ കീടനാശിനിയും തളിക്കും. പറിച്ചു നട്ട് 45 ദിവസം കഴിയുമ്പോള്‍ ചെണ്ടുമല്ലി മൊട്ടിടും. ഈ സമയത്ത് ചെണ്ടുമല്ലിയുടെ കൂമ്പുകള്‍ നുള്ളണം. ഇങ്ങനെ ചെയ്താല്‍ തണ്ടില്‍ നിന്ന് കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടാകുകയും നല്ല വിളവ് കിട്ടുകയും ചെയ്യും. ഓരോ ആഴ്ചയും വിളവെടുപ്പ് നടത്തണം. ഏഴാഴ്ച വരെ ഒരു സീസണ് കാലത്ത് വിളവെടുക്കാന്‍ കഴിയും.