പ്രമുഖ ഇംഗ്ലീഷ് കാല്പനിക കവി വില്യം വേഡ്‌സ് വര്‍ത്തിന്റെ പ്രശസ്തമായ കവിത ഡാഫോഡില്‍സിലെ സ്വര്‍ണത്തിരമാലാ കല്പനയെ വെല്ലുന്ന കാഴ്ചയാണ് അമ്പലവയലിലെ പൂപ്പൊലിയില്‍ ഒരുക്കിയിരിക്കുന്ന ഗ്ലാഡിയോലിസ് സാഗരത്തിന്റെ വര്‍ണത്തിരമാലാ സൗന്ദര്യം കാഴ്ചക്കാര്‍ക്ക് നല്‍കിയത്. കവിതയില്‍ സ്വര്‍ണത്തിരമാലയാണെങ്കില്‍ അവിടെ മനംമയക്കുന്ന വ്യത്യസ്തതരം വര്‍ണങ്ങളാണ് കാറ്റില്‍ തിരമാലകള്‍ തീര്‍ത്തത്. 

തണുപ്പുകൂടിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന പൂക്കളാണ് ഗ്ലാഡിയോലിസുകള്‍. ഗ്ളാഡിയസ് എന്നാല്‍ വാള്‍ എന്നാണ് അര്‍ഥം. വാളില്‍നിന്ന് ഉണ്ടായതെന്നാണ് ഗ്ലാഡിയോലിസ് അര്‍ഥമാക്കുന്നത്. അവയുടെ ഉത്ഭവത്തിന് അവിടങ്ങളില്‍ ഒരു കഥ പറഞ്ഞു കേള്‍ക്കാറുണ്ട്. ഒരു അതിസുന്ദരിയായ പെണ്‍കുട്ടിയെ പ്രണയിച്ച രണ്ടു സഹോദരന്മാര്‍ തമ്മില്‍ വാളൂരി പോരാടിയെന്നും ്അവസാനംആരും ജയിക്കാത്ത അവസ്ഥയില്‍ തങ്ങളുടെ വിഡ്ഢിത്തം മനസ്സിലാക്കിയ അവര്‍ തങ്ങളുടെ വാളുകള്‍ മണ്ണില്‍ കുത്തിയിറക്കിയെന്നും അവിടെനിന്നും മനോഹരമായ ഒരു പ്രണയപ്പൂച്ചെടി കിളിര്‍ത്തുവെന്നും അതാണ് ഗ്ലിഡിയോലിസ് എന്നുമാണ് കഥ. 

gladiolus

കഥയെന്തായാലും ആരുടെ മനസ്സിലും പ്രണയം ഉണര്‍ത്താന്‍ ഗ്ലാഡിയോലിസിന് കഴിയുമെന്നതാണ് ഒരു വസ്തുത. സ്പെക് എന്ന് അറിയപ്പെടുന്ന ഇതിന്റെ പൂങ്കുലകള്‍ ചെടിയുടെ അടിയില്‍നിന്നു തന്നെ തുടങ്ങുന്നു.

ഒട്ടേറെ വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ഇതിന്റെ സ്പെക്കുകള്‍ കണ്ടുവരുന്നു. ഒരു പൂങ്കുലയില്‍ 10 മുതല്‍ 12 വരെ പൂക്കളുണ്ടാകും. തെക്കന്‍ ആഫ്രിക്കയാണ് ഇതിന്റെ ജന്മദേശം. ഇറിഡേസിയ കുടുംബത്തിലെ അംഗമാണിത്. 

ഗ്ലാഡിയോലിസ് ഇനത്തില്‍ 150-ല്‍ അധികം സ്പീഷീസുകളുണ്ട്. എന്നാല്‍ പ്രധാനമായും കൃഷിചെയ്തു വരുന്നത് കാര്‍ഡിനാലിസ്. കോള്‍വില്ലി, ഗണ്ടാവെന്‍സിസ്, ലെമോയിനി, നാന്‍സിയേനസ്, നാനസ്, പ്രൈമുലീനിയസ്, സിറ്റാസിനസ്, പരപുറിയാരറ്റസ്, സൗണ്ടന്‍സി എന്നിവയാണ്.

ഇവയെല്ലാം വയനാട്ടില്‍ നന്നായി പുഷ്പിക്കുമെന്നാണ് പൂപ്പൊലിയോടെ നമുക്ക് മനസ്സിലാവുന്നത്. അരയേക്കറോളം വരുന്ന പ്രദേശത്തെ കുളക്കരയിലാണ് ഗ്ലാഡിയോലിസ് തോട്ടം മേളയില്‍ ഒരുക്കിയിട്ടുള്ളത്. 

ഈസ്റ്റേണ്‍ സ്റ്റാര്‍, വൈറ്റ്ഫ്രെണ്ട്ഷിപ്പ്, സൂപ്പര്‍സ്റ്റാര്‍, ഡ്രീംഗേള്‍ എന്നിങ്ങനെ വെള്ള ഇനങ്ങളും ഗോള്‍ഡന്‍പീച്ച്, ഫാത്തിമ, ഗോള്‍ഡന്‍ ഹാര്‍വെസ്സ്, റോയല്‍ ഗോള്‍ഡ് എന്നിങ്ങനെ തുടങ്ങുന്ന മഞ്ഞ ഇനങ്ങളും പച്ചനിറം കലരുന്ന ഗ്രീന്‍ബേര്‍ഡ്, ലെമണ്‍ലൈം, ഒയാസിസ്, ആംസേ്ട്രാങ്, ഓറഞ്ച് നിറത്തില്‍ വരുന്ന ഓറഞ്ച് ബ്യൂട്ടി, ജിപ്സി ഡാന്‍സര്‍, ഓറഞ്ച് ചിഫോണ്‍, ആട്ടംഗ്ലോ, ചുവപ്പില്‍ റെഡ് ബന്താം, ഡെലീഷ്യസ്, ബ്ളാക് പ്രിന്‍സ് ഹെര്‍ലികോള്‍ ഇനങ്ങളും പിങ്കില്‍ ട്രൗ ലവ്, ഫ്രെണ്ട്ഷിപ്പ്, അമേരിക്ക എന്നിവയും വയലറ്റില്‍ ബ്ലൂമിസ്റ്റ്, ബ്ലൂബേര്‍ഡ്, ചൈന ബ്ലൂ, റോസില്‍ അമേരിക്കന്‍ ബ്യൗട്ടി, റോയല്‍ ബ്രോക്കേഡ്, എന്നിവയും ക്രീമില്‍  ഡയറികൂന്‍, ക്ലാസ്മേറ്റ്, ക്രീം ടോപ്പര്‍, ലാന്‍ഡ്മാര്‍ക്ക് ഡ്യൂഡ്രോപ്പ് എന്നിവയും പര്‍പ്പിളില്‍ പര്‍പ്പിള്‍ ജയന്റ്, എലിഗന്‍സ്, ഷാലിമാര്‍, ആനിവേഴ്സറി എന്നിവയും ബ്രൗണില്‍ ബ്രൗണ്‍ ബ്യൂട്ടി, ചോക്ലേറ്റ് ചിപ്പ് എന്നിവയും പൂപ്പൊലിയിലെ ഗ്ലാഡിയോലിസ് തോട്ടത്തിലുണ്ട്.

മണ്ണും കാലാവസ്ഥയും നടീലും

അധികം തണുപ്പും ചൂടുമില്ലാത്തതുമായ കാലാവസ്ഥയാണ് കൃഷിക്ക്  നല്ലത്‌. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള പശിമരാശിമണ്ണാണ് ഉത്തമം. മണ്ണില്‍ അമ്ലരസം തീരേ പാടില്ല. മണല്‍ കലര്‍ന്ന എക്കല്‍ മണ്ണാണ് യോജിച്ചത്. ധാരാളം സൂര്യപ്രകാശം ലഭിക്കണം. എന്നാലേ നല്ലനിറവും ഗുണവുമുള്ള പൂക്കള്‍ ലഭിക്കൂ. കേരളത്തില്‍ ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇത് നടാന്‍ പറ്റിയ സമയം. 

ഭൂകാണ്ഡങ്ങള്‍ അഥവാ കിഴങ്ങുകള്‍ ആണ് സാധാരണയായി നടീല്‍ വസ്തുവായി ഉപയോഗിച്ചുവരുന്നത്. കിഴങ്ങുകള്‍ വലിയ ഉള്ളിപോലെയാണെങ്കിലും നല്ല ഉറപ്പുണ്ടാകും. കിഴങ്ങുകളുടെ വലിപ്പമാണ് പൂവിടുന്ന കാലത്തെയും പൂവിന്റെ ഗുണത്തെയും സ്വാധീനിക്കുന്നത് വലുതും ഇടത്തരം വലിപ്പമുള്ളതുമായ കിഴങ്ങുകള്‍ വേണം നടാന്‍ ഉപയോഗിക്കാന്‍. നന്നായി കിളച്ചുപാകപ്പെടുത്തിയ മണ്ണാണ് കിഴങ്ങ് നടാന്‍ അനുയോജ്യം. അടിവളം ചേര്‍ക്കണം. ചെടികള്‍ തമ്മില്‍ ഒരടി അകലം പാലിക്കണം വരികള്‍ തമ്മില്‍ 20 സെന്റീമീറ്റര്‍ അകലം പാലിക്കാം. 

Gladiolus

കീടങ്ങള്‍ക്കും രോഗങ്ങള്‍ക്കും വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിക്കാം. മൂന്നു ദിവസം ഇടവിട്ട് നനച്ചാല്‍ മതി. നീരൂറ്റിക്കുടിക്കുന്ന എഫിഡുകള്‍, ഇലപ്പേനുകള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയാണ് പ്രധാനമായും ബാധിക്കുന്ന കീടങ്ങള്‍. അവയ്ക്ക് തുടക്കം മുതലേ ജൈവകീടനാശികള്‍ ഉപയോഗിക്കാം.

വാട്ടരോഗമാണ് ഇതിനെ ബാധിക്കുന്ന പ്രധാനരോഗം. ഇതിനെ പ്രതിരോധിക്കാന്‍ കോപ്പര്‍ ഓക്സി ക്ലോറൈഡ് ലായനി മൂന്നുഗ്രാം ഒരു ലിറ്റര്‍വെള്ളത്തില്‍ കലക്കിയത് ചുവട്ടില്‍ തളിച്ചാല്‍ മതി. 5-7 മാസം കൊണ്ട് വിളവെടുക്കാം പൂക്കള്‍ മൊത്തമായി ഇലയോടുകൂടി വെട്ടിയെടുക്കുകയാണ് ചെയ്യുന്നത്. 

Content highlights: Gladiolus plant, Agriculture, Gardening, Pooppoli, Ambalavayal