റോസ് പിങ്ക് നിറത്തില്‍, നിറയെ ചെറിയ പൂക്കള്‍ നിറഞ്ഞ വലിയ പൂങ്കുലകളുള്ള ഉദ്യാന സുന്ദരിയാണ് വേനല്‍ പൂവള്ളി. ജന്മനാട് മെക്‌സിക്കോ. നമ്മുടെ നാട്ടില്‍ സമൃദ്ധമായി വളരും, സുലഭമായി പുഷ്പിക്കും. കോറല്‍ വൈന്‍, കോറല്‍ ക്രീപ്പര്‍, കോറല്‍ ബെല്‍സ്, ചെയിന്‍ ഓഫ് ലൗ, ലൗ വൈന്‍, ക്വീന്‍സ് ജൂവല്‍സ്, മൗണ്ടന്‍ റോസ് എന്നിങ്ങനെ എത്രയെങ്കിലും ഓമനപ്പേരുകളുള്ള ഇതിനെ തീവള്ളി, തേന്‍പൂവള്ളി എന്നും വിളിക്കാറുണ്ട്. സസ്യനാമം 'ആന്റിഗൊണോണ്‍'.

ദീര്‍ഘായുസ്സാണ് ഈ വള്ളിച്ചെടിയുടെ മുഖമുദ്ര. വേനല്‍ക്കാലത്ത് റോസ് പിങ്ക് പൂക്കള്‍ ചൂടി നില്‍ക്കുന്ന ഈ വള്ളിച്ചെടി ഏത് ഉദ്യാനത്തിലെയും കമാനങ്ങളും ചിത്രത്തൂണുകളും അലങ്കരിക്കാന്‍ അത്യുത്തമമാണ്.  ഇതിന്റെ വള്ളി ഏതാണ്ട് 10-12 മീറ്റര്‍ വരെ നീളത്തില്‍ വളരും. 

പച്ചനിറത്തില്‍ ഹൃദയാകൃതിയില്‍ അഗ്രം കൂര്‍ത്ത ഇലകളുടെ സമ്പന്നമായ പശ്ചാത്തലമാണ് ഈ വള്ളിച്ചെടിയുടെ മറ്റൊരു പ്രത്യേകത. പൂര്‍ണ്ണ സൂര്യപ്രകാശത്തില്‍ വളരാനും പൂ ചൂടാനുമാണ് വേനല്‍ പൂവള്ളിക്കിഷ്ടം.

ചെടിയുടെ ചുവട്ടില്‍ വളരെ ആഴത്തില്‍ വളരുന്ന കിഴങ്ങുകളില്‍ നിന്ന് നിരവധി പുതിയ തൈകള്‍ പൊട്ടിപ്പൊട്ടി വളരുന്നത് കാണാം. ഇവ ശ്രദ്ധാപൂര്‍വ്വം ഇളക്കി നട്ടാല്‍ പുതിയ ചെടി അനായാസം വളര്‍ത്തിയെടുക്കാം. ഇതു കൂടാതെ പകുതി മൂപ്പെത്തിയ കമ്പുകള്‍ മുറിച്ചുവച്ചോ, വിത്തു പാകിയോ തൈകള്‍ മുളപ്പിക്കാം. രണ്ടു ഭാഗം മണ്ണും ഒരു ഭാഗം മണലും ഒരു ഭാഗം ഇലപ്പൊടിയും കലര്‍ത്തിയ പോട്ടിങ് മിശ്രിതം നിറച്ച ചട്ടികളിലും ഇത് വളര്‍ത്താം. ഇതിന്റെ പൂക്കളില്‍ വേണ്ടത്ര തേനും പൂമ്പൊടിയും ഉള്ളതിനാല്‍ ധാരാളം തേനീച്ചകള്‍ ഈ ചെടിയെ ചുറ്റിപ്പറ്റി സദാ നില്‍ക്കുന്നതു കാണാം. അതുകൊണ്ടു തന്നെ തേനീച്ച വളര്‍ത്തലില്‍ ഏര്‍പ്പെടുന്നവര്‍ വേനല്‍ പൂവള്ളി ധാരാളമായി നട്ടു വളര്‍ത്താറുണ്ട്. റോസ് പിങ്കിനു പുറമെ ചുവപ്പ്, വെള്ള നിറങ്ങളില്‍ പൂക്കുന്ന ചെടികളുമുണ്ട്. വെളുത്ത പൂക്കള്‍ പിടിക്കുന്ന ഇനത്തിന് 'ആല്‍ബ' എന്നാണ് പേര്.

വായുമലിനീകരണം ഒഴിവാക്കാന്‍ ഈ ചെടിക്ക് പ്രത്യേക കഴിവുണ്ട്. അതിനാല്‍ നഗരപ്രദേശങ്ങളില്‍ ഗൃഹോദ്യാനം ഒരുക്കുന്നവര്‍ വേനല്‍ പൂവള്ളി നട്ടുവളര്‍ത്താന്‍ മറക്കരുത്. 

Contact number: 9446 306 909