കേരളത്തില്‍ സജീവമായിരിക്കുകയാണ് പുഷ്പവിപണി. വീട്ടമ്മമാര്‍ക്ക് മാനസികോല്ലാസം മാത്രമല്ല, വരുമാനം നേടികൊടുക്കാനും പുഷ്പകൃഷിയിലൂടെ സാധിക്കും. കേരളത്തിലെ പുഷ്പകൃഷിയില്‍ മുന്നില്‍ നില്‍ക്കുന്നു ആന്തൂറിയങ്ങള്‍. മധ്യ തെക്കന്‍ അമേരിക്കയാണ് ഈ പൂവിന്റെ ജന്മനാട്. ഇന്ത്യയിലേക്ക് ആന്തൂറിയത്തിന്റെ വിവിധയിനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഹോളണ്ടില്‍ നിന്നാണ്. ലോകത്താകമാനം ആയിരത്തോളം ഇനങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ വളരെ ചുരുക്കം ഇനങ്ങള്‍ മാത്രമേ വാണിജ്യകൃഷിക്ക് ഉപയോഗിക്കുന്നുള്ളൂ. കേരളത്തിലെ കാലാവസ്ഥക്കനുയോജ്യമായി വളര്‍ത്താവുന്ന പതിമൂന്നോളം ഇനങ്ങള്‍ ഉണ്ട്. ട്രോപ്പിക്കല്‍, ലിമാവൈറ്റ്, ക്യൂബ, മിഡോരി, അയാപോളിസ് എന്നിവ ഇതില്‍ പ്രധാനയിനങ്ങളാണ്.

സഗ്ലോ എന്ന ഇനത്തിന് ഓറഞ്ച് നിറമുള്ള പൂവും ചേമ്പിലയുടെ ആകൃതിയിലുള്ള ഇലകളുമാണുള്ളത്. കേരളത്തില്‍ വാണിജ്യകൃഷിയില്‍ വിജയം കണ്ട ആന്തൂറിയം കൂടിയാണിത്. വിടര്‍ന്ന ദളത്തിന്റെ മധ്യത്തിലായി സ്വര്‍ണ്ണനിറമുള്ള തിരിയാണ് സഗ്ലോയുടെ ആകര്‍ഷണീയത. ഒരു ചെടിയില്‍ നിന്ന് ഏകദേശം പതിമൂന്ന് പൂക്കള്‍ വരെ ലഭിക്കും. നേരത്തെ പൂത്തുതുടങ്ങുമെന്നതും ഇവയുടെ പ്രത്യേകതയാണ്. രോഗപ്രതിരോധ ശേഷികുറവാണെന്നത് ഇവയുടെ പോരായ്മയായി നിലനില്‍ക്കുന്നു.

 സഗ്ലോയോട് രൂപസാദൃശ്യമുള്ള ഒരിനം ആന്തൂറിയമാണ് കാസിനോ. നിറം സഗ്ലോയുടേതുതന്നെ. കട്ടിയുള്ള ദളങ്ങളും, നല്ല വളര്‍ച്ചാനിരക്കും, ഉയര്‍ന്ന രോഗപ്രതിരോധശേഷിയും ഈ ഇനത്തെ മികച്ചതാക്കുന്നു. എന്നാല്‍ പൂക്കളുടെ എണ്ണം സഗ്ലോയേക്കാള്‍ കുറവായിരിക്കും കാസിനോയ്ക്ക്. മറ്റൊരു ഇനമാണ് ചിയേഴ്സ്. അഗ്രഭാഗത്ത് പിങ്ക് നിറമുള്ള പൂവും, നീളന്‍ തണ്ടും ചിയേഴ്സിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.

anthurium

വിപണിയില്‍ ആവശ്യക്കാരേറെയുള്ള ഇനമാണിവ. റോസയാണ് മറ്റൊരിനം. പിങ്കും റോസും നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. വലുപ്പമേറിയ ദളങ്ങളാണ് ഈ ഇനത്തിന്റെ പ്രത്യേകത. വര്‍ഷത്തില്‍ 11 പൂക്കള്‍ വരെ ഇവയിലുണ്ടാകും. വലുപ്പ കൂടുതല്‍ വിപണയിലെ ഇവയുടെ വിലയും ഉയര്‍ത്തുന്നു.

രോഗപ്രതിരോധ ശേഷിയില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരിനമാണ് അക്രോപോളീസ്. നീളം കുറഞ്ഞ തണ്ടിന്റെ അഗ്രഭാഗത്തായി വിരിയുന്ന വെളുത്ത പൂക്കള്‍ ആരെയും ആകര്‍ഷിക്കും. വെളുപ്പ് നിറമായതിനാല്‍ നിറം മങ്ങാതെയും ചതവ് പറ്റാതെയും വിപണിയിലെത്തിക്കാന്‍ ശ്രദ്ധിക്കണം.

വിപണിയില്‍ ഒരല്പം മുന്‍പന്തിയില്‍ നില്‍ക്കുന്നത്  ചുവന്ന ആന്തൂറിയം പൂക്കളാണ്. ട്രോപ്പിക്കല്‍ എന്ന ഇനം ഇത്തരത്തിലൊന്നാണ്. നല്ല വളര്‍ച്ചയും, നീളമുള്ള തണ്ടുകളും ദൃഢതയുള്ള പൂക്കളുമാണ് ഇവയുടെ സവിശേഷതകള്‍. എന്നാല്‍ രോഗങ്ങള്‍ ഇവയ്ക്ക് വളരെ പെട്ടെന്ന് ബാധിക്കാറുണ്ട്. ചുവന്ന മറ്റൊരു സുന്ദരി പൂവാണ് ഫയര്‍. കൂടുതല്‍ പൂക്കള്‍ സമ്മാനിക്കുന്ന ഇവയ്ക്ക് ഉയര്‍ന്ന രോഗപ്രതിരോധശേഷിയുമുണ്ട്.

ദളങ്ങളുടെ വശങ്ങളില്‍ പച്ചകരയോടുകൂടി കാണപ്പെടുന്നവയാണ് സിബ്ബ. ഏറ്റവും വലിപ്പമുള്ള പൂക്കള്‍ എന്ന വിശേഷണവും ആന്തൂറിയങ്ങള്‍ക്കിടയിലെ ഈ വെളുത്ത പുഷ്പത്തിനുണ്ട്. ചോക്കോ എന്ന മറ്റൊരിനം ആന്തൂറിയം പൂക്കളുണ്ട്. പേരു സൂചിപ്പിക്കുന്നു ഇവയുടെ നിറവും. പല നിറങ്ങള്‍ വിരിയിക്കുന്നയിനമാണ് ഹിറ്റ്താച്ച്. സെനറ്റര്‍ ആന്തൂറിയമാകട്ടെ പിങ്ക് പൂക്കള്‍ കൊണ്ട് മനോഹരമാണ്. നീളമേറിയ തണ്ടും രോഗങ്ങളെ ചെറുക്കാനുള്ള കഴിവും ഉയര്‍ന്ന വളര്‍ച്ചയും ഇവയുടെ മറ്റ് സവിശേഷതകളാണ്.

anthurium

കൃത്യമായ സൂര്യപ്രകാശം കിട്ടുന്നതും അല്പം ചെരിവുള്ളതുമായ ഭൂമിയാണ് ആന്തൂറിയം കൃഷിക്ക് നല്ലത്. നല്ല നീര്‍വാര്‍ച്ച, സൂര്യന്റെ കിഴക്കുനിന്ന് പടിഞ്ഞാറേക്കുള്ള സഞ്ചാരത്തിനിടയില്‍ നിഴല്‍ വീഴാത്ത ഇടം, ശരിയായ വായു സഞ്ചാരം എന്നീ ഘടകങ്ങളും ആന്തൂറിയത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. ആന്തൂറിയത്തിന്റെ വേരുകള്‍ക്ക് പിടിച്ചു വളരാന്‍ പറ്റിയതും, എന്നാല്‍ നന്നായി വായു കടക്കുന്നതുമായ ഒരു മാധ്യമമാണ് ഈ സസ്യത്തിന് ആവശ്യം. അതിനാല്‍ ഓടിന്‍കഷ്ണങ്ങളും ചകിരിയും കരിക്കട്ടയുമെല്ലാം നിറച്ച ചട്ടികളിലും ബെഡുകളിലും ആന്തൂറിയം വളര്‍ത്താം. 70 മുതല്‍ 80 ശതമാനം വരെ അന്തരീക്ഷ ഈര്‍പ്പവും ആന്തൂറിയത്തിന് വേണം.

ഓരോ ഇനത്തിനും ആവശ്യമായ തണല്‍ വ്യത്യസ്തമാണെങ്കിലും കേരളത്തില്‍ വാണിജ്യകൃഷിയില്‍ 75% ഷെയ്ഡ് നെറ്റ് കെട്ടി സൂര്യപ്രകാശം നിയന്ത്രിച്ചാണ് കൃഷി നടത്തുന്നത്. ഇതിനായി 15 അടി മുതല്‍ 20 അടി വരെയുള്ള ഷെഡുകള്‍ പണിയാം. ചൂടുകാലത്ത് മാത്രം വിരിച്ചിടാവുന്ന തരത്തില്‍, പുറമെയുള്ള ഷെയ്ഡ് നെറ്റിന് താഴെയായി ഒരു കറുത്ത നെറ്റ് കൂടി ഉള്‍പ്പെടുത്താവുന്നതാണ്. നെറ്റുകള്‍ തമ്മില്‍ രണ്ടടി അകലം ക്രമീകരിക്കണം. പൂക്കളുടെ വളര്‍ച്ചയും ഭംഗിയും നിലനിര്‍ത്താനായി താപനിലയിലും വെളിച്ചത്തിലും വേണ്ടവിധമുള്ള മാറ്റങ്ങള്‍ വരുത്താന്‍ ഈ സംവിധാനം സഹായകരമാകും. ബഡു നിര്‍മ്മാണവും ശ്രദ്ധയോടെ ചെയ്യണം. ഒമ്പത് ഇഞ്ച് ഉയരമാണ് ബെഡുകള്‍ക്ക് വേണ്ടത്. ഒരു മീറ്റര്‍ വീതിയും, ബെഡുകള്‍ തമ്മില്‍ ഒന്നരയടി ഇടയകലവും ഉണ്ടാകണം. കമ്പോസ്റ്റു മണ്ണുമായി ചേര്‍ത്താണ് ബെഡുകള്‍ തയ്യാറാക്കുന്നത്. തൈകള്‍ തമ്മില്‍ 9 ഇഞ്ച് അകലമിടണം. ഒരു വര്‍ഷകാലം വേണ്ടിവരും ചെടിയില്‍ നിന്ന് പൂക്കള്‍ ലഭിച്ചു തുടങ്ങുവാന്‍.

  മഴ അധികമുള്ള സമയങ്ങളില്‍ വേരു ചീയല്‍ രോഗവും കാറ്റുകാലത്ത് ബാക്റ്റീരിയ രോഗബാധയും വര്‍ഷത്തില്‍ മൂന്നോ നാലോ തവണ ഉണ്ടാകാന്‍ ഇടയുള്ള കീടബാധയുമാണ് ആന്തൂറിയം കൃഷിയില്‍ പൊതുവേ നേരിടുന്ന രോഗങ്ങള്‍. കാത്സ്യം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, മഗ്നേഷ്യം സള്‍ഫേറ്റ് മറ്റ് സൂക്ഷ്മ മൂലകങ്ങള്‍ എന്നിവ ആവശ്യമായ തോതില്‍ നല്‍കിയും രോഗബാധകളില്‍ നിന്ന് ഒരു പരിധി വരെ മുക്തി നേടാന്‍ സാധിക്കും.