കൊച്ചി: കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും തുടര്‍ച്ചയായി നാലുവര്‍ഷം പരിശോധിച്ചിട്ടും കീടനാശിനി വിഷാംശം തീരെ കാണാത്ത 26 ഇനം പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെ. പരിശോധനാഫലം അറിഞ്ഞപ്പോള്‍ മുതല്‍ ഈ പച്ചക്കറികള്‍ കൂടുതലായി വാങ്ങാന്‍ ആളുകള്‍ തയ്യാറായതായി കച്ചവടക്കാര്‍ പറയുന്നു. ഇതില്‍ പലതും നമ്മുടെ ചന്തകളില്‍ സുലഭമാണ്. 

കുമ്പളം, മത്തന്‍, പച്ചമാങ്ങ, ചൗ ചൗ, പീച്ചിങ്ങ, ബ്രോക്കോളി, കാച്ചില്‍, ചേന, ഗ്രീന്‍പീസ്, ഉരുളക്കിഴങ്ങ്, സവാള, ബുഷ് ബീന്‍സ്, മധുരക്കിഴങ്ങ്, വാഴക്കൂമ്പ്, മരച്ചീനി, ശീമച്ചക്ക, കൂര്‍ക്ക, ലറ്റിയൂസ്, ചതുരപ്പയര്‍, നേന്ത്രക്കായ, സുക്കിനി, ടര്‍ണിപ്പ്, ലീക്ക്, ഉള്ളിപ്പൂവ്, വാളരിപ്പയര്‍, ചൈനീസ് കാബേജ് എന്നിവയാണ് പരിശോധനയില്‍ തീര്‍ത്തും കീടനാശിനി വിഷാംശമില്ലാതെ കണ്ടത്.

നാലുവര്‍ഷം കൊണ്ട് പലവ്യഞ്ജനം, പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയില്‍ എണ്‍പതോളം ഉത്പന്നങ്ങളാണ് പരിശോധിച്ചത്. കീടനാശിനി 100 കോടിയില്‍ ഒരു അംശംവരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, ലിക്വിഡ് ക്രൊമറ്റോഗ്രാഫ്, മാസ് സ്‌പെക്ട്രോമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു പരിശോധന. കീടനാശിനി വിഷാംശത്തിന്റെ അളവറിയാന്‍ വേണ്ടിയായിരുന്നു ഇത്. 

സാധാരണ ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളിലും വിഷാംശം കണ്ടു. നിരോധിച്ച കീടനാശിനികളുടെ സാന്നിധ്യംപോലുമുണ്ടായിരുന്നു. അതിനിടയിലാണ് ഈ 26 ഇനങ്ങള്‍ വിഷരഹിതമായി നിന്നത്. 

ഇതില്‍ പല പച്ചക്കറികള്‍ക്കും കീടത്തിന്റെ ഉപദ്രവമില്ലാത്തതുകൊണ്ടാണ് കീടനാശിനി പ്രയോഗം നടത്താതിരുന്നതെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്ന വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബ് മേധാവി ഡോ. തോമസ് ബിജു മാത്യു പറഞ്ഞു. 

ചൗ ചൗ, ലറ്റിയൂസ്, സുക്കിനി, ടര്‍ണിപ്പ്, ലീക്ക് തുടങ്ങി വിദേശ ഇനങ്ങള്‍ പരിശോധനയ്ക്ക് വളരെക്കുറച്ചു മാത്രമേ കിട്ടിയിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.