കാസര്‍കോട്: കേരളത്തിന് അത്രപരിചയമില്ലാത്ത മുത്തുകൃഷിയിലൂടെയാണ് കാസര്‍കോട് മാലക്കല്ലിലെ കടുതോട്ടില്‍ കെ.ജെ. മാത്തച്ചന്‍ ശ്രദ്ധേയനാവുന്നത്. ആഭരണരംഗത്ത് വന്‍സാധ്യതകള്‍ മാത്തച്ചന്‍ ഇതില്‍ കാണുന്നു. 

''നമ്മള്‍ ഇപ്പോള്‍ വാങ്ങുന്ന സ്വര്‍ണാഭരണങ്ങളില്‍ അധികവും പ്ലാസ്റ്റിക് മുത്തുകളാണ്. വിറ്റാല്‍ വിലകിട്ടില്ല. ശരിയായ മുത്താണെങ്കില്‍ കാരറ്റിന് 360 രൂപ വിലയുണ്ട്. ഒരു ഗ്രാമിന്റെ മുത്തിന് 1800 രൂപ കിട്ടും''കാല്‍ നൂറ്റാണ്ടായി മുത്ത് കൃഷിരംഗത്തുള്ള അദ്ദേഹം പറയുന്നു. 

വീടിന്റെ മട്ടുപ്പാവിലും സമീപത്തെ കെട്ടിടങ്ങളിലുമായി ബക്കറ്റിലാണ് മാത്തച്ചന്‍ മുത്തുകൃഷി നടത്തുന്നത്. ശുദ്ധജലത്തില്‍ വളരുന്ന കക്കകളിലാണ് കൃഷി. പശ്ചിമ ഘട്ടത്തില്‍ നിന്നുദ്ഭവിക്കുന്ന നദികളിലെല്ലാം ഇത്തരം കക്കകള്‍ കിട്ടും. അല്ലെങ്കില്‍ ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരാം. പാഴായ കക്കകള്‍ പൊടിച്ച് ഗുളിക രൂപത്തിലാക്കിയതാണ് കൃഷിക്കുവേണ്ട മറ്റൊരു ഉത്പന്നം.

കക്കകള്‍ പിളര്‍ന്ന് ഉള്ളില്‍ ഗുളിക രൂപത്തിലാക്കിയ പൊടി (ന്യൂക്ലിയസ് ) നിക്ഷേപിക്കും. പിന്നീട് അരിപ്പ പോലുള്ള പാത്രത്തിലാക്കി ബക്കറ്റിലെ വെള്ളത്തില്‍ മുക്കി വെയ്ക്കും. 15 മുതല്‍ 25 വരെ ഡിഗ്രി സെല്‍ഷ്യസ് ചൂടിലേ കക്കള്‍ക്ക് അതിജീവനം സാധ്യമാകൂ. അതുകൊണ്ടാണ് വെള്ളത്തിലിറക്കി വെയ്ക്കുന്നത്. 

ന്യൂക്ലിയസില്‍ നിശ്ചിതകാലംകൊണ്ട് ആവരണങ്ങള്‍ പൊതിയും. ഇതിനുള്ള ഊര്‍ജം ഉണ്ടാകുന്നത് കക്കയില്‍നിന്നാണ്. വെള്ളത്തിലുണ്ടാകുന്ന ബാക്ടീരിയകളില്‍നിന്നാണ് കക്ക ഭക്ഷണം വലിച്ചെടുക്കുന്നത്. 

pearl
മാത്തച്ചന്‍

എത്ര കൂടുതല്‍ ആവരണം ഉണ്ടാകുന്നോ അത്രയും മൂല്യംകൂടും മുത്തിന്. സാധാരണഗതിയില്‍ പതിനെട്ടുമാസമാണ് വേണ്ടിവരിക. ആ കാലയളവില്‍ 140 ആവരണങ്ങള്‍ ന്യൂക്ലിയസിനെ പൊതിയുമെന്നാണ് കണക്ക്. കക്കയുടെ അകത്തെ ഒരു ഭിത്തിയോടു ചേര്‍ന്നാണ് മുത്തുകള്‍ അഥവാ ആവരണമണിഞ്ഞ ന്യൂക്ലിയസുകള്‍ രൂപംകൊള്ളുക. 

കക്ക പിളര്‍ന്ന് മുത്തുകള്‍ പുറത്തെടുത്ത് മിനുക്കിയെടുക്കും. കള്‍ച്ചേഡ് പേള്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. അന്‍പതുബക്കറ്റില്‍ നിന്ന് നാലരലക്ഷം രൂപയുടെ മുത്ത് ലഭിക്കുമെന്ന് മാത്തച്ചന്‍ പറയുന്നു. ഒന്നരവര്‍ഷം നീളുന്നകൃഷിക്ക് പരമാവധി ഒന്നര ലക്ഷമേ ചെലവുവരൂ. 

ഓസ്‌ട്രേലിയ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യതയുണ്ട്. വന്‍കിട കമ്പനികള്‍ പലതും മുത്ത് കൃഷിയിലേക്ക് വരികയാണെന്ന് മാത്തച്ചന്‍ പറയുന്നു. ഒരാഴ്ച മുമ്പ് റിലയന്‍സിലെ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ കാണാന്‍ വന്നിരുന്നു. ഉപദേശം തേടാന്‍. നൂറുപേരെങ്കിലും ഇതിനകം മാത്തച്ചനില്‍നിന്ന് കൃഷിയില്‍ പരിശീലനംനേടി പോയിട്ടുണ്ട്. പലേടത്തും അദ്ദേഹം ക്ലാസെടുക്കാനും പോകുന്നു. 

ചൈനയില്‍നിന്നാണ് മാത്തച്ചന്‍ മുത്തുകൃഷി പഠിച്ചത്. കൃഷിക്ക് ഉപയോഗിച്ച കക്ക ഉപയോഗിച്ച് അലങ്കാരവസ്തുക്കള്‍ ഉണ്ടാക്കുന്നതിലും വിദഗ്ധനാണിദ്ദേഹം. ഇതിലൊക്കെ താത്പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കാനും അദ്ദേഹം തയ്യാറാണ്. നമ്പര്‍9446089736