ആറ്റിങ്ങല്‍: കുടിവെള്ളം പോലുമില്ലാതായ കൊടുംവേനലിലും നട്ടുവളര്‍ത്തിയ ചെടികളെ കരിയാന്‍വിടാന്‍ ഈ കുട്ടികള്‍ക്ക് മനസ്സുവന്നില്ല. കിട്ടുന്നിടത്തുനിന്നൊക്കെ വെള്ളമെത്തിച്ച് ഇവര്‍ ചെടികള്‍ നനച്ചു. അതിന് ഫലമുണ്ടായി. എല്ലാചെടികളും നിറഞ്ഞ്പൂത്ത് കായ്ച്ചു. വിഷുവിനോടനുബന്ധിച്ച് ഇവയുടെ വിളവെടുപ്പും നടന്നു. അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ കുട്ടികളാണ് കൊടുംവേനലില്‍ തുള്ളിവെള്ളം സ്വരൂക്കൂട്ടി പച്ചക്കറിക്കൃഷി നടത്തി നാടിനാകെ മാതൃകയായത്.

സ്‌കൂളിലെ പരിസ്ഥിതിക്ലബ്ബംഗങ്ങളായ എസ്.പി.സി. ടീമാണ് പാട്ടത്തിനെടുത്ത ഭൂമിയില്‍ ജൈവപച്ചക്കറിക്കൃഷി നടത്തിയത്. സ്‌കൂളില്‍ കൃഷി ചെയ്യാന്‍ സ്ഥലമില്ലാത്തതിനാലാണ് തരിശ്ശു കിടന്ന പാടം പാട്ടത്തിനെടുത്തത്. ചീര, പടവലം, പയര്‍, വെണ്ട, വെള്ളരി, മരച്ചീനി, വാഴ എന്നിവയാണ് കൃഷി ചെയ്തത്. വേനല്‍ കടുത്തതോടെ വയലിനു സമീപത്തെ തോട് വറ്റിവരണ്ടു. തങ്ങളുടെ കൃഷി കരിഞ്ഞുണങ്ങാതിരിക്കാന്‍ തോട്ടത്തിനു സമീപം കുട്ടികള്‍ കുളം കുഴിച്ചു. കൂടാതെ കിട്ടാവുന്നിടത്തുനിന്നെല്ലാം വെള്ളം തോട്ടത്തിലെത്തിച്ച് ചെടികളെ നനച്ചു. 

ക്ലാസുള്ളപ്പോള്‍ സ്‌കൂള്‍സമയം കഴിഞ്ഞിട്ടും അവധി ദിവസങ്ങളിലും അഞ്ച് പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞായിരുന്നു കൃഷിപരിപാലനം. വേനലവധി ആയതോടെ പറ്റുമ്പോഴൊക്കെ തോട്ടത്തിലെത്തി ചെടികളെ നോക്കാന്‍ ഇവര്‍ ഉത്സാഹിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന പച്ചക്കറിയുടെ രണ്ടാംഘട്ട വിളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. 

അന്‍പത് കിലോയിലധികം പടവലമാണ് ഈ തോട്ടത്തില്‍നിന്ന് വിളവെടുത്തത്. ജിതിനും വിഷ്ണുപ്രകാശുമാണ് കുട്ടിപ്പോലീസംഗങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. ഇവര്‍ക്ക് നിര്‍ദേശങ്ങളും സഹായങ്ങളുമായി മുതിര്‍ന്ന മാതൃകാകര്‍ഷകനായ രഘുനാഥനും അധ്യാപകനായസാബുവും ഒപ്പമുണ്ട്. കൃഷി വകുപ്പിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഈ ജൈവകൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് കുട്ടിക്കര്‍ഷകര്‍ ലക്ഷ്യമിടുന്നത്.