ഗ്രീക്കു പുരാണത്തില്‍  ഈസ്‌കല്‍പ്പസ്  എന്നൊരു ദേവനുണ്ട്. നമ്മുടെ അശ്വനീദേവന്മാരെപ്പോലെ ഔഷധങ്ങളുടെ ദേവനാണദ്ദേഹം. അദ്ദേഹം കണ്ടുപിടിച്ചതെന്ന് അവര്‍ വിശ്വസിക്കുന്ന ഒരു പലവ്യഞ്ജനം ഭാരതീയന് പ്രിയപ്പെട്ടതാണ്‌. അതാണ് കടുക്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് മകനെ നഷ്ടപ്പെട്ട് ദുഃഖിതയായ ഗൗതമിയെന്ന ഒരു അമ്മയോട് കുറച്ചു കടുക് നല്‍കി ഒരു മരണവും നടക്കാത്ത വീട് തേടിവരാന്‍ ശ്രീ ബുദ്ധന്‍ പറഞ്ഞ കഥയും നമ്മള്‍ കേട്ടതാണ്. കടുക് അന്ന് മുതലേ പ്രസിദ്ധമാണ്. 'കടുകില്ലാതെ കറിയില്ല' എന്നാണ് ചൊല്ല്. നമ്മള്‍ കറിയില്‍ വറുത്തിടാനും അച്ചാറിന് സ്വാദ് കൂട്ടാനുമാണ് കടുക് ഉപയോഗിക്കുന്നതെങ്കിലും  മറ്റ് സംസ്ഥാനക്കാര്‍ എണ്ണയുടെ ഉപയോഗത്തിനാണ് കടുക് ധാരാളമായി ഉപയോഗിച്ചുവരുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ കടുകുപാടങ്ങളില്‍ വിളയുന്ന കടുകാണ് അവിടങ്ങളിലെ ഭക്ഷ്യയെണ്ണയുടെ ഉറവിടം. വാണിജ്യപരമായി ഉത്പാദിപ്പിച്ചുവരുന്ന കടുകില്‍ ഉത്പാദനസമയത്തും അല്ലാതെയും ഒട്ടേറെ രാസവളങ്ങളും കീടനാശിനികളും അടങ്ങിയിരിക്കും.

ഹൈദരാബാദന്‍ അച്ചാര്‍ കാലങ്ങളോളം കേടുകൂടാതെയിരിക്കുന്നതിന്റെ കാരണവും കടുകെണ്ണയുടെ ഗുണമാണ്. ഇന്ത്യയിലുടനീളം കൃഷി ചെയ്യാവുന്ന ഒരു ഏകവര്‍ഷി ഓഷധിയാണ് കടുക്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയില്‍ ചിലഭാഗത്തും ആഹാരം പാകം ചെയ്യാന്‍ കടുകെണ്ണ ഉപയോഗിക്കുന്നു. ശൈത്യകാലവിളയെന്ന രീതിയിലാണ്‌ ഇവിടങ്ങളില്‍ കടുക് കൃഷിചെയ്തു വരുന്നത്.

എണ്ണയ്ക്കായി നാം കരിങ്കടുക് (ബ്രാസിക്ക നൈഗ്ര്‌), ചെങ്കടുക് (ബ്രാസിക്ക ജന്‍സിയ), മഞ്ഞ അഥവാ തവിട്ടു കടുക് (ബ്രാസിക്ക കാംപെസ്ട്രിസ്‌) എന്നിങ്ങനെയുള്ള വൈവിധ്യങ്ങളെയാണ് ആശ്രയിക്കുന്നത്. സംസ്‌കൃതത്തില്‍ രാജികാ, തീക്ഷ്ണഗന്ധ, സര്‍സപ, ആസുരീ എന്നിങ്ങനെ പറയപ്പെടുന്ന കടുക് ഹിന്ദിയില്‍ അറിയപ്പെടുന്നത്‌ റായ്, സുര്‍സു എന്നും തെലുങ്കില്‍ അവലു എന്നുമാണ്. ആംഗലേയത്തില്‍ മസ്റ്റാര്‍ഡ് എന്നു പറയപ്പെടുന്ന കടുകിന്റെ ശാസ്ത്രീയനാമം ബ്രാസിക്ക നൈഗ്ര എന്നാണ്. ലോകത്ത് ഏറ്റവുമധികം കടുക് ഉത്പാദിപ്പിക്കുന്നത് നമ്മുടെ അയല്‍ക്കാരായ പാകിസ്താനാണ്; അതുകഴിഞ്ഞാല്‍ നമ്മളും. 43 ശതമാനം പ്രോട്ടീനടങ്ങിയിരിക്കുന്ന ഇതില്‍ എണ്ണയുടെ അംശവും അധികമാണ്.
 
 കറികള്‍ക്ക് രുചികൂട്ടാനും അച്ചാര്‍ കേടാകാതിരിക്കാനും മാത്രമല്ല, ആസ്ത്മയുടെ മരുന്നായും കടുക് ഉപയോഗിക്കുന്നു. ആസ്ത്മയുടെ മരുന്നിന്റെ പ്രധാന ഭാഗമായ സെലനിയം നിര്‍മിക്കുന്നത് കടുകില്‍ നിന്നാണ്. കൂടിയാല്‍ ഒന്നരമീറ്റര്‍ നീളമാണ് കടുകിന്റെ ചെടിയ്ക്കുണ്ടാവുക. ഇലകള്‍ പല ആകൃതികളിലാണുണ്ടാവുക. അടിഭാഗത്തെ ഇലകള്‍ പിളര്‍പ്പായും മുകള്‍ ഭാഗത്തെ ഇലകള്‍ ചെറുതായും പിളര്‍പ്പില്ലാതെയും കാണപ്പെടുന്നു. പൂക്കള്‍ക്ക് മഞ്ഞനിറമായിരിക്കും. ചെറിയ പയറിന്റെ ആകൃതിയിലാണ് വിത്തുകളുടെ പോഡുണ്ടാവുക. 

കൃഷിയിടമൊരുക്കല്‍ 

കടുക് കൃഷിയില്‍ നിലമൊരുക്കലില്‍ പ്രധാന ശ്രദ്ധയാവശ്യമാണ്. പശിമരാശി മണ്ണിലാണ് കടുക് നന്നായി വിളയുക. നമ്മുടെ നാട്ടില്‍ പാടത്ത് വിളയിക്കുന്നതു പോലെയാണ്‌ ഉത്തരേന്ത്യയില്‍ കടുക് വിളയിക്കുന്നത്‌.  വിത്ത് വിതയ്ക്കുതിനുമുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം. അതിനുശേഷം അതില്‍ സെന്റൊന്നിന്‌ 30-40 കിലോ തോതില്‍ കാലിവളമോ കംപോസ്റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം. അമ്ളഗുണം കൂടുതലുള്ള മണ്ണാണെങ്കില്‍ ആവശ്യത്തിന് ഡോളമൈറ്റൊ കുമ്മായമോ ചേര്‍ത്തുകൊടുക്കാം. അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്താണ്  വിത്തുകള്‍ വിതയ്‌ക്കേണ്ടത്‌.

ചെടിയുടെ  വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ അന്തരീക്ഷത്തില്‍ പുലര്‍കാലങ്ങളില്‍ തണുപ്പും പകല്‍ ചൂടും അത്യാവശ്യമാണ്. തവാരണകളില്‍ വിത്ത് പാകിമുളപ്പിച്ച്‌ പറിച്ചുനട്ടാണ് ചട്ടികളില്‍ കടുക് വളര്‍ത്താവുന്നത്‌. പുരയിടകൃഷിയില്‍  
ചെടിനടാന്‍ കുഴിയെടുക്കുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ളിടത്തായിരിക്കണം.

 

ഒരടി നീളവും വീതിയും ആഴവുമുള്ള കുഴിയായിരിക്കണം എടുക്കേണ്ടത്. കുഴിയില്‍ കാലിവളം, മണല്‍, മണ്ണ്, ഓരോ കുഴിക്കും 100ഗ്രാം വേപ്പിന്‍പിണ്ണാക്ക്, 50ഗ്രാം കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേര്‍ത്തതിനുശേഷം അതില്‍ മുക്കാലടിയുള്ള പിള്ളക്കുഴിയടുത്ത് തൈ നടാവുതാണ്. വേനല്‍ക്കാലത്താണ് നടുന്നതെങ്കില്‍ ഒന്നരാടന്‍ നനച്ചുകൊടുക്കണം. വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലമായിരിക്കണം തൈ നടാന്‍ തിരഞ്ഞെടുക്കേണ്ടത്. സൂര്യപ്രകാശവും ലഭിക്കണം. ചെടി വളരുന്നതിനനുസരിച്ച് മൂന്നുമാസത്തിലൊരിക്കല്‍ മുരടില്‍നിന്ന് ഒരടിവിട്ട് ചുവടുകിളച്ച് കാലിവളം ചേര്‍ത്തിളക്കിക്കൊടുക്കണം. നന്നായി നനച്ചും കൊടുക്കണം. 

mustard2

വിത്തുകള്‍

കടുക് വിത്തിനങ്ങള്‍ ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ജനിതക പരിവര്‍ത്തനം നടത്തിയ സങ്കരയിനം കടുകായ ഡി.എം.എച്ച്-11 എന്ന വിത്തിന് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാനുള്ള അനുമതി നല്‍കാന്‍ തയ്യാറെടുത്തുവരികയാണ് കേന്ദ്ര കൃഷി-പരിസ്ഥിതി മന്ത്രാലയം. അതിനു മുന്നോടിയായി പൊതുജനാഭിപ്രായം സ്വരൂപിക്കാനുള്ള നടപടികളിലാണ് സര്‍ക്കാര്‍.  ഇന്ത്യയില്‍ കൃഷിചെയ്തുവരുന്ന സാധാരണയിനമായ  വരുണയെക്കാള്‍ 30 ശതമാനം മാത്രമാണ് പുതിയവിത്ത് നലകുന്ന ഫലം. അത് അനാവശ്യമാണ്. അതിനുപകരം ഇപ്പോള്‍ത്തന്നെ ഉയര്‍ന്നതരത്തില്‍ വിളവ് തരുന്ന NRCHB 506, ക്രാന്തി എന്നിവ പൂര്‍ണതോതില്‍ പ്രചാരത്തിലാക്കിയാല്‍ മതി. ഏത് തരം വിത്തായാലും അംഗീകൃത ഔ്ട്ട്ലറ്റില്‍ നിന്നുതന്നെ വാങ്ങാന്‍ ശ്രദ്ധിക്കുകയെന്നതാണ് വിത്തുതെരഞ്ഞെടുക്കലിന്റെ ആദ്യഘട്ടം.   

കീടങ്ങള്‍ 

 പയര്‍വര്‍ഗവിളകളെ ബാധിക്കുന്ന  ശലഭപ്പുഴുക്കളും ചാഴിയുമാണ് കടുകിനെ ബാധിക്കുന്ന കീടങ്ങള്‍. വൈറ്റ്റസ്റ്റ്, ആള്‍ടെര്‍നേരിയട്ടൈറ്റ്, സ്‌ക്ലീറോട്ടിനിയ റോട്ട്  കൂടാതെ വെള്ളീച്ചയുടെ ആക്രമണവും സാധാരണയായി കണ്ടുവരുന്നു. ചെടിയുടെ തണ്ടിലും ഇലയിലും വെളുത്തപാട പോലെ പറ്റിക്കിടക്കുന്ന ഒരുതരം ഫംഗസ്സും എഫിഡും  ഇതിന്റെ ശത്രുവാണ്. ചീരച്ചെടികളെ സാധാരണമായി ബാധിക്കുന്ന ഇലപ്പുള്ളിരോഗവും മൊസൈക്ക് രോഗവും സര്‍വസാധാരണമാണ്.

വേപ്പെണ്ണ എമെല്‍ഷന്‍, വേപ്പധിഷ്ഠിത കീടനാശിനികള്‍ എന്നിവ കടുകിലെ കീടബാധയ്ക്കും രോഗബാധയ്ക്കും ഉത്തമമാണ്. രാസകൃഷിയില്‍ വളരെയധികം കടുത്ത രാസവസ്തുക്കള്‍ തന്നെയാണ്‌ ഉപയോഗിക്കുന്നത്. ഉത്തരേന്ത്യയുടെ ഭാഗങ്ങളിലും ആന്ധ്രാപ്രദേശിന്റെ മറ്റുപല ഭാഗങ്ങളിലും നിരോധിച്ച എന്‍ഡോസള്‍ഫാന്‍ വരെ തളിക്കുന്നുണ്ട്. വിളവെടുപ്പിന് തൊട്ടുമുമ്പുള്ള കീടനാശിനിപ്രയോഗം കടുകെണ്ണയുടെ നിലവാരത്തെ ബാധിക്കും. 

കടുകിന്റെ ഗുണങ്ങള്‍  

ജീവകം എ.യുടെ നല്ല കലവറയാണ് കടുക്. ദഹനത്തെ നന്നായി സഹായിക്കുന്ന ഇതില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു.  
കാല്‍സ്യം, ചെമ്പ്, സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക്, സോഡിയം  എീമൂലകങ്ങളും ഇതിലുണ്ട്. കൂടാതെ വാറ്റാമിന്‍ എ, തയാമിന്‍, റൈബോഫ്ളാവിന്‍, വിറ്റാമിന്‍ സി, അജം, കൊഴുപ്പ് എിവയും കടുകില്‍ അടങ്ങിയിരിക്കുന്നു. സിനിഗ്രിന്‍, സെന്‍സോള്‍, മൈറോസിന്‍ എന്നിവയുമുണ്ട്.

ആയുര്‍വേദത്തില്‍ വാതരോഗങ്ങള്‍ ശമിപ്പിക്കാനും വിയര്‍പ്പ് ഉണ്ടാക്കാനും പിത്തത്തെ കോപിപ്പിക്കാനും കടുകധിഷ്ഠിത മരുന്നുകള്‍ ഉപയോഗിക്കുന്നു. വിഷദംശനത്തിന്റെ ഭാഗമായുണ്ടാകുന്ന വേദന, നീര് എന്നിവയും വിഷശമനത്തിനും കടുക് അരച്ച് പുറമെ കെട്ടാറുണ്ട്. വയറുവേദന, സന്ധിവാതം, നടുവേദന, വാതജന്യമായ തലവേദന എന്നിവയ്ക്കും കടുക് ഔഷധമാണ്. മുറിവുണങ്ങാനും കടുകെണ്ണ ഉപയോഗിക്കാം. കടുകുപൊടി കഴിച്ചാല്‍ മൂത്രാഘാതം, അഗ്‌നിമാന്ദ്യം, കൃമിരോഗം എന്നിവയും ശമിക്കും. 
കടുക് തൂവിയാല്‍ കലഹം എന്ന ചൊല്ല് മാറ്റിവെച്ച് ആവശ്യത്തിന്  രണ്ടു മൂന്ന് ചുവട് കടുക് നമുക്ക് കൃഷിചെയ്തുനോക്കാം.

pramodpurath@gmail.com