പയ്യന്നൂരിന് പവിത്രമോതിരം പോലെ, കണ്ണൂരിന് കൈത്തറി പോലെ, കുറ്റിയാട്ടൂരിന് സ്വന്തമാണ് കുറ്റിയാട്ടൂര്‍ മാമ്പഴം. പാകമായ കുറ്റിയാട്ടൂര്‍ മാങ്ങയുടെ അടിഭാഗം ഇളംമഞ്ഞ നിറത്തിലാണ്. ഞെട്ടില്‍ പിങ്ക് നിറത്തിലുള്ള കട്ടിയുളള കറ കാണാം. രൂപംപോലെതന്നെ വിശേഷപ്പെട്ടതാണ് രുചിയും. നാവില്‍ അലിഞ്ഞുചേരുന്ന അതിമധുരം.വിഷം തൊട്ടുതീണ്ടാത്തതിനാല്‍ അല്പം കൂടുതല്‍ കഴിച്ചാലും വയര്‍ പിണങ്ങില്ലെന്നുറപ്പ്. കുറ്റിയാട്ടൂര്‍ പഞ്ചായത്തിന്റെ പെരുമ നാടെങ്ങുമെത്തിച്ച കുറ്റിയാട്ടൂര്‍ മാമ്പഴത്തിന് ഇത് വിളവെടുപ്പിന്റെ കാലം. കേരളത്തിലാദ്യമായി ദേശസൂചികാപദവി ലഭിച്ച ഫലമായ കുറ്റിയാട്ടൂര്‍ മാമ്പഴം എല്ലാറ്റിനുമുപരി ശ്രദ്ധേയമാകുന്നത് ഏറ്റവുമധികം നാരുകളടങ്ങിയ മാങ്ങയെന്ന നിലയില്‍.

മാമ്പഴസ്റ്റാള്‍ റെഡി

കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന വിഷമാങ്ങകള്‍ക്കിടയില്‍ പരിശുദ്ധിയുടെ ഐ.എസ്.ഐ.മാര്‍ക്കുണ്ട് കുറ്റിയാട്ടൂര്‍ മാങ്ങയ്ക്ക്. കുറ്റിയാട്ടൂര്‍ മാങ്ങയുടെ സംരക്ഷണം ലക്ഷ്യമിട്ട് രൂപവത്കരിച്ച കുറ്റിയാട്ടൂര്‍ മാംഗോ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ചട്ടുകപ്പാറയില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ഹൈസ്‌കൂളിന് സമീപം മാങ്ങാവില്‍പനകേന്ദ്രം തുടങ്ങിയിട്ടുണ്ട്. 'ഫാം ഫ്രഷ് മധുരം' വാങ്ങാനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടേക്ക് ആവശ്യക്കാര്‍ ധാരാളമായെത്തുന്നു. കിലോയ്ക്ക് 60 രൂപയാണ് വില. ഒന്നിച്ചുവാങ്ങുന്നവര്‍ക്ക് ഇളവ് ലഭിക്കും. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓരോ സ്റ്റാള്‍ വീതവും പ്രവര്‍ത്തിച്ചുവരുന്നു. 

കുറ്റിയാട്ടൂര്‍ പഞ്ചായത്തിലും സമീപപഞ്ചായത്തുകളായ മയ്യില്‍, മുണ്ടേരി, കൂടാളി എന്നിവയുടെ ചില ഭാഗങ്ങളിലുമാണ് കുറ്റിയാട്ടൂര്‍ മാമ്പഴത്തിന് 'വേരോട്ടം'. പഞ്ചായത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിനടത്തുന്നില്ലെങ്കിലും മൊത്തം വീട്ടുപറമ്പുകളിലായി മൂവായിരത്തഞ്ഞൂറോളം മാവുകള്‍ കാണും. ഉയര്‍ന്ന ഉത്പാദനക്ഷമത, ദ്രുതവളര്‍ച്ച, നിത്യഹരിതസ്വഭാവം, പടര്‍ന്നുപന്തലിക്കുന്ന പ്രകൃതം, ബഹുഭ്രൂണസ്വഭാവം, ഒന്നിടവിട്ട വര്‍ഷങ്ങളില്‍ തരുന്ന മികച്ച വിളവ് തുടങ്ങിയവയാണ് സവിശേഷതകള്‍. മിതമായ ചൂടും തണുപ്പുമാണ് പഥ്യം.ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് പൂക്കാലം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കായ്ച്ചുതുടങ്ങും.?േമയ് തുടക്കത്തോടെ വിളവെടുപ്പ് കഴിയും.

2016 ആഗസ്ത് 16നാണ് മാങ്ങയുടെ സമഗ്രസംരക്ഷണം ലക്ഷ്യമിട്ട് കുറ്റിയാട്ടൂര്‍ മാംഗോ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് രൂപംകൊണ്ടത്. പി.വി.ഗംഗാധരനാണ് മാനേജിങ് ഡയറക്ടര്‍.നിലവില്‍ 10 ഡയറക്ടര്‍മാരാണുള്ളത്. നബാര്‍ഡ് കണ്ണൂര്‍ ജില്ലാ ജനറല്‍ മാനേജര്‍ നാഗേഷ്, കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. പി.യരാജ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായം നല്‍കിയതായി മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് എല്ലാ ഒരുക്കങ്ങളും. നബാര്‍ഡിന്റെ സാമ്പത്തികസഹകരണവും ലഭിച്ചുവരുന്നു.

ശാസ്ത്രീയം, ജൈവികം

ശാസ്ത്രീയവും ജൈവികവുമായ രീതിയിലാണ് മാങ്ങ പഴുപ്പിക്കുന്നത്. കാഞ്ഞിരത്തിന്റെ ഇലയും വൈക്കോലും സമാസമം തട്ടുകളായി ക്രമീകരിച്ചാണ് പഴുപ്പിക്കല്‍ പ്രക്രിയ. മൂത്ത മാങ്ങ നാലുദിവസങ്ങള്‍ക്കകം പഴുക്കും. രാസവസ്തുക്കള്‍ ചേര്‍ക്കാത്തതിനാല്‍ 20 ശതമാനത്തോളം മാങ്ങകളും കേടുവരാനിടയുണ്ട്. (ഇക്കാരണത്താലാണ് വില താരതമ്യേന അല്‍പം കൂടുതല്‍) വൈവിധ്യവത്കരണമാണ് കമ്പനി ഭാവിയില്‍ ലക്ഷ്യമിടുന്നത്.

ഇതിനായുള്ള പദ്ധതി ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. നബാര്‍ഡിന്റെ സാമ്പത്തികസഹായത്തോടെ ഇതിനുവേണ്ട ഉപകരണങ്ങളും കെട്ടിടങ്ങളും സജ്ജീകരിക്കുകയാണ് ആദ്യപടി.പ്രദേശത്ത് നിലവിലുള്ള ജില്ലാപഞ്ചായത്തിന്റെ സ്റ്റാള്‍ ഇതിനായി വിട്ടുകിട്ടാനുള്ള സാധ്യതകള്‍ ആരായുകയാണ്.

ജാം, പള്‍പ്പ്, ജ്യൂസ് എന്നിവയ്ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍തൂക്കം. മാങ്ങയണ്ടിക്കുള്ളിലെ പരിപ്പ് വേര്‍തിരിച്ചെടുത്ത് തയ്യാറാക്കുന്നതും ശീതളപാനീയത്തില്‍ ഫ്‌ലേവറായി ഉപയോഗിക്കാവുന്നതുമായ ഉത്പന്നമാണ് മറ്റൊന്ന്.തൈകള്‍ തയ്യാറാക്കി വില്‍പന നടത്തുകയെന്നതാണ് മറ്റൊരു ലക്ഷ്യം .