മാതൃഭൂമി ന്യൂസ് പ്രഥമ കൃഷിഭൂമി പുരസ്‌കാരം നേടിയ കയരളത്തെ കെ.എം.രാജനും ദാമോദരനും കൃഷി തന്നെയാണ് ജീവിതം. മണ്ണിന്റെ മണമുള്ള ഇവരുടെ ജീവിതത്തിലേക്ക്

മണ്ണില്‍ കാലുറപ്പിച്ചുനിന്ന്, വിയര്‍പ്പൊഴുക്കി പണി ചെയ്യുന്നവര്‍ക്ക് എന്നും അവഗണനയാണ്. ഇതുമറക്കാനുള്ള മറുമരുന്നുപോലെയാണ് മാതൃഭൂമി ന്യൂസ് പ്രഥമ കൃഷിഭൂമി പുരസ്‌കാരം മലയന്‍കുനി  സഹോദരങ്ങള്‍ക്ക് കിട്ടുന്നത്.

 മണ്ണുതൊടാത്ത സെലിബ്രിറ്റികളല്ല, വിയര്‍പ്പ് മണമുള്ള, മണ്ണില്‍ വേരാഴ്ത്തി നില്‍ക്കുന്ന മയ്യില്‍ കയരളം കിളിയളത്തെ മലയന്‍കുനി സഹോദരങ്ങളെപ്പോലുള്ള പച്ചമനുഷ്യരാണ് കൃഷിയില്‍ റോള്‍മോഡലും ബ്രാന്‍ഡ് അംബാസഡര്‍മാരുമാവേണ്ടത്. പുലര്‍കാലം മുതല്‍ ഇരുള്‍വീഴുംവരെയും മാങ്ങാടന്‍ തോര്‍ത്തുംചുറ്റി  ഈ മനുഷ്യരെ വയലില്‍ കാണാം. കരിമ്പും ചോളവും പച്ചക്കറിയും നെല്ലും, കന്നുകാലികളും ചേര്‍ന്ന സമ്മിശ്രകൃഷി. പതിനൊന്നാം വയസ്സില്‍ തുടങ്ങിയ കൃഷിജീവിതം.  

പാപ്പിനിശ്ശേരി മുന്നുപെറ്റുമ്മാ പള്ളിയിലും മുല്ലക്കൊടി ആയാര്‍ മുനമ്പിലും ചെക്കിക്കുളം പാറാല്‍പള്ളി നേര്‍ച്ചകളിലും അഞ്ചുപതിറ്റാണ്ടായി  കരിമ്പെത്തുന്നത് ദാമുവേട്ടന്‍രാജന്‍ എന്ന മലയന്‍കുനി സഹോദരങ്ങളുടെ വിയര്‍പ്പില്‍ നിന്നാണെന്ന് ചുരുക്കം ചില കച്ചവടക്കാര്‍ക്കേ അറിയൂ.  ഒരു കാലത്ത് കയരളം ഗ്രാമത്തില്‍ നിന്ന് ക്വിന്റല്‍ ചാക്കില്‍ പച്ചക്കറി തലച്ചുമടായി  ഇവര്‍ ചന്തയിലേക്ക് കൊണ്ടുപോകുന്ന കാഴ്ച പതിവായിരുന്നു. ജൈവകൃഷിയെക്കുറിച്ച് കേരളം ചിന്തിച്ച് തുടങ്ങാത്ത കാലത്തെ പിന്‍പറ്റിയ കര്‍ഷകര്‍, വയല്‍പച്ചയാണ് ഇവരുടെ മുഖമുദ്ര. വെള്ളിവെളിച്ചത്തില്‍ തിളങ്ങുന്നവരല്ല, നമുക്കുവേണ്ടി ജീവിക്കുന്നവരാണ് നമുക്ക് പാഠപുസ്തകമാവേണ്ടത്.  

 മണ്ണുതന്ന അനുഭവത്തെക്കുറിച്ച്  മലയന്‍കുനി ദാമോദരനും  സഹോദരന്‍ രാജനും  പറയുന്നത് കേള്‍ക്കുക ..'ചെലപ്പെല്ലം നമുക്കുതോന്നും നമ്മള്‍ മണ്ണെരയാന്ന്. പകല്ന്നും രാത്രീന്നും ഇല്ലാണ്ട് മണ്ണില്‍ പൊളക്ക്ന്ന മണ്ണെര. പതിനൊന്നാം വയസ്സില്  ഇറങ്ങിയതാണ് വയലില്. പിന്നെ ഈ കാണ്ന്ന വയലില് തന്നെ ജീവിതം. പത്തയ്മ്പത്തഞ്ച് കൊല്ലത്തിനിടെ പെയ്ത മഴയത്തറേം നമ്മ ഈ വയലിന്ന് കൊണ്ട്റ്റിണ്ട്.  മാങ്ങാടന്‍ തോര്‍ത്തു മുണ്ടും  തലേക്കെട്ടും. വയലില് കുപ്പായം പറ്റൂല്ല.  അങ്ങിനെ കരിഞ്ഞ്  പോയതാണ് എന്റെ മേല്.. ആ കാണ്ന്ന മലയന്‍കുനിമ്മല് ഉസ്‌കൂളില്  അഞ്ചിന്ന് നിര്‍ത്തീന് പഠിത്തം. അന്നേ ചെവട് കേട്ടൂട. മാഷ്മ്മാര് പറേന്നത് കേട്ടീല്ല.  പിന്നെ അച്ചനൊപ്പം വയലീല് തന്നെ. എന്തോ മണ്ണീലുള്ള പണി കഷ്ടപ്പാടായി തോന്നീറ്റില്ല.  നമ്മക്ക് നമ്മള്ട്ട വിത്ത് മൊളക്കുമ്പ്ം.. പൂക്കുമ്പം.. കായി പിടിക്ക്മ്പം മനസ്സില് ഉണ്ടാവ്ന്ന് ഒരു സന്തോഷംണ്ട്.. അത് അനുഭവിച്ചെന്നെ അറിയണം.. നമ്മ്ക്ക് ഒരു കുഞ്ഞുണ്ടാവ്ന്ന മാതിരി തന്നെ.. ചെലപ്പം നമ്മ മണ്ണിനോടും കരിമ്പിനോട് ബര്‍ത്തമാനം പറയും.  അതും ചെലതെല്ലാം നമ്മോട്  പറയുന്ന മാതിരി തോന്നും,. കരിമ്പിന്റെ  മധിരം തിന്നുമ്പേ ഉള്ളൂ. ബെല്ലാത്ത ബെഷമം പിടിച്ച പണിയാ അത്. ഓല കൊണ്ട് മേലാകെ മുറിയും.  മൂര്‍ച്ചയാണ് കരിമ്പോലക്ക്..  ബ്ലേഡോണ്ട് മുറിച്ച പോലെ ചോര ഒലിപ്പിച്ചാണ് പണി കേറ്വ.. അച്ചനായ് തുടങ്ങിയ പണിയാണ്  ബേണ്ടാന്ന് വെക്കാനവൂല്ല. നേര്‍ച്ചക്കാലത്ത് പാട്ടക്കാര് വന്ന് കൊണ്ടോവും'.

മലയന്‍കുനി സഹോദരങ്ങള്‍ അനുഭവങ്ങള്‍ പങ്ക് വെച്ചപ്പോള്‍ പച്ച മനുഷ്യരായവര്‍ ഇനിയുമുണ്ട് എന്ന അറിവാണ്  ലഭിക്കുന്നത്. 
    
ഈ സഹോദരങ്ങളുടെ കൂട്ടുകാരനായ കെ.പി.കണ്ണന്‍ ഒറ്റ വാക്കില്‍ ഇവരെക്കുറിച്ച് പറയുന്നത് ,  പഞ്ചാര വാക്ക് ചൊല്ലി മണ്ണിനെ മയക്കിയോര്‍ എന്നാണ്.  കൃത്രിമ  കൃഷിരീതികളും കണ്ണില്ലാത്ത നിര്‍മാണങ്ങളും  നമ്മുടെ ദുരയും മണ്ണിനെ അത്രമേല്‍ മാറ്റിയിരിക്കുന്നു.  പഞ്ചാര വാക്ക് ചൊല്ലി മണ്ണിനെ മയക്കിയവരാണിവര്‍ എന്ന് കണ്ണന്‍ പറയുന്നത് വെറും ബഡായിയല്ല. അര്‍ഥവത്താണത്.  ഈ സഹോദരങ്ങള്‍ വിളിച്ചാല്‍ മണ്ണ് വിളി കേള്‍ക്കുന്നുണ്ട്.  മണ്ണിന്റെ മിടിപ്പുകള്‍  തിരിച്ചറിയുമ്പോഴാണ് മണ്ണും മനുഷ്യനും  തമ്മിലുള്ള  ജൈവ ബന്ധം ഊട്ടിയുറപ്പിക്കുന്നത്. 

 കൃഷിയുടെ ശക്തിയും ദൗര്‍ബല്യവും ആവോളം അനുഭവിച്ച നാടാണ് കയരളം.  സാമ്പത്തികമായും സാമൂഹികമായും കൃഷി നഷ്ടമാണ് എന്നതാണ് കൃഷിയുടെ ദൗര്‍ബല്യം. ഏതെങ്കിലും ഒരു ദിവസം തുടങ്ങാന്‍ ആവുന്നതല്ല കൃഷി. ഒരു ദിവസം കൊണ്ട്  വേണ്ടെന്നു വെക്കാനും ആവുകയില്ല. കൃഷിയാകുന്ന സംസ്‌കാരമാണ് മലയന്‍കുനി സഹോദരങ്ങളായ കെ.എം.രാജനെയും കെ.എം. ദാമോദരനെയും മാതൃഭൂമി ന്യൂസിന്റെ പ്രഥമ കൃഷിഭൂമിപുരസ്‌കാരത്തിന്റെ നിറവിലെത്തിച്ചത്. അര നൂറ്റാണ്ടിലധികം മണ്ണിന്റെ മണവും നിറവുമായി ജീവിച്ചതിന്റെ സാക്ഷ്യമാണവര്‍. പരാതിയോ പരിഭവമോ ഇല്ല.

മണ്ണും കാലാവസ്ഥയും വിളയുമാണവരെ നിര്‍ണയിച്ചത്. സ്‌നേഹമാണ് അവരുടെ ഭാഷ. ചിരിയാണ് അവരുടെ സെല്‍ഫി. അവാര്‍ഡിനായി പരിഗണിച്ചപ്പോള്‍ സാമൂഹികപ്രവര്‍ത്തകനും ഒറപ്പടി കളിവെട്ടം അവധി ദിന പാഠശാലയുടെ സംഘാടകനുമായ ജിജു ഒറപ്പടിയാണ് ഇവരെ തിരുവനന്തപുരത്ത് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിക്ക്  മുമ്പാകെ എത്തിച്ചത്. ഈ യാത്രയാണ് ഇവരുടെ ആദ്യത്തെ തീവണ്ടിയാത്രയും. കൂടാതെ പഞ്ചായത്ത് പ്രസിഡന്റ്  പി.ബാലന്‍, കൃഷി ഓഫീസര്‍ പി.കെ.രാധാകൃഷ്ണന്‍, മറ്റനേകം പേര്‍ വാട്ട്‌സ് ആപ്പ്, എസ്.എം.എസ്. സന്ദേശമയച്ചും പിന്തുണ നല്‍കി. ഇവര്‍ക്കെല്ലാം പങ്കാളിത്തമുള്ളതാണ് കയരളം നാടിനു ലഭിച്ച ഈ വിജയം