ചക്ക കേരളീയരുടെ ഇഷ്ടവിഭവമായിരുന്നു. പക്ഷേ, എന്തുചെയ്യാം. സൂക്ഷിച്ചുവെയ്ക്കാന്‍ കഴിയാത്തതിനാല്‍ ചക്ക പാഴായിപ്പോവുകയാണ്. ഹൃദയപേശികള്‍ക്ക് കരുത്തേകുന്ന പൊട്ടാസ്യവും മഗ്‌നീഷ്യവും കൂടുതലായി കാണുന്ന ഫലമാണ് ചക്ക. ധാരാളം നാരടങ്ങിയതിനാല്‍ പ്രമേഹരോഗികളുടെ മെനുവിന് ചക്ക നിറംപകരും. ആമാശയ കാന്‍സറിനെയും ശ്വാസകോശ കാന്‍സറിനെയും പ്രതിരോധിക്കുന്നതില്‍ ചക്കച്ചുള ഒന്നാമനാണ്. വിറ്റാമിന്‍ എയും ബിയും സിയുമടങ്ങിയ അപൂര്‍വം ഫലങ്ങളില്‍ ഒന്നാണിത്. ചക്കയുടെ ഗുണമേന്മ തെല്ലും നഷ്ടപ്പെടുത്താതെ സൂക്ഷിക്കാനും ക്ഷാമകാലത്ത് പ്രയോജനപ്പെടുത്താനുമുള്ള എളുപ്പവിദ്യയാണ് ചക്കയുണക്കല്‍.

നാലുമാസം മൂപ്പുള്ള ചക്കച്ചുള മുറിച്ചെടുത്ത് തിളച്ചവെള്ളത്തില്‍ മുക്കിയെടുക്കുന്നതാണ് ഉണക്കലിന്റെ ഒന്നാംഘട്ടം. തിളച്ച വെള്ളത്തില്‍ നിശ്ചിത സമയം ഇട്ടതിനുശേഷം പച്ചവെള്ളത്തില്‍ മുക്കി ഒപ്പിയെടുക്കണം. ചുളകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ജലാംശം പൂര്‍ണമായും നീക്കി വെയിലത്തോ ഓവനിലോവെച്ച് ഉണക്കിയെടുക്കാം. ചക്ക സീസണില്‍ നല്ല വെയിലായതുകൊണ്ട് ഉണക്കല്‍ ഒരു പ്രശ്‌നമാകുന്നുമില്ല. ചുളകള്‍ പോളിത്തീന്‍ കവറിലിട്ട് 15 മണിക്കൂര്‍ ഫ്രീസറില്‍ സൂക്ഷിച്ചതിനുശേഷം ഉണക്കുന്നത് ചക്കയുടെ പാചകഗുണം മെച്ചപ്പെടും.

ചക്കക്കുരുവും പുഴുങ്ങിയെടുത്ത് മുറിച്ചതിനുശേഷം വെയിലത്തിട്ട് ഉണക്കിയെടുക്കാം. പിന്നീട് തൊലിനീക്കി പാക്ക്‌ചെയ്യണം. ഒരുവര്‍ഷംവരെ കേടുകൂടാതെ ഇത് സൂക്ഷിച്ചുവെക്കാം. ചക്കച്ചുളയും ചക്കക്കുരുവും ഉണക്കിയെടുത്ത് പൊടിച്ച് പുട്ടും ചപ്പാത്തിയും ഇടിയപ്പവുമുണ്ടാക്കാം. ചക്കച്ചുള വെള്ളത്തിലിട്ട് എടുത്താല്‍ ചക്കപ്പുഴുക്കിനുള്ള ഒരുക്കമായി. അവലോസ്‌പൊടി പോഷകസമ്പുഷ്ടമാക്കാന്‍ ചക്കച്ചുള ഉണക്കിപ്പൊടിച്ച് ചേര്‍ക്കാം.

പച്ചക്കറിക്കൃഷി വികസനപദ്ധതി പ്രകാരം കാസര്‍കോട് നീലേശ്വരം ബ്ലോക്ക്തല ക്‌ളസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 'മരതകം' ഗ്രൂപ്പ് ചക്കച്ചുളയും ചക്കക്കുരുവും ഉണക്കി വിപണിയിലെത്തിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സുധ, കണ്‍വീനര്‍, മരതകം ഗ്രൂപ്പ്. 04672280517.