jack anil

കേരളത്തിന്റെ അമൃത വൃക്ഷമായ പ്ലാവിനെ സംരക്ഷിക്കാനൊരു മറുനാടന്‍ മലയാളി. അക്കാദമിക് യോഗ്യതയില്ലെന്ന് പറഞ്ഞ് കേരളം അംഗീകരിക്കാന്‍ മടിച്ചുനില്‍ക്കുന്ന പ്രതിഭകളിലൊരാളാണ് കൊല്ലം സ്വദേശി അനില്‍. 

കേന്ദ്രസര്‍ക്കാര്‍ രാജ്യം മൊത്തം നടപ്പാക്കുന്ന പ്ലാവ് സംരക്ഷണം, ചക്ക വൈവിധ്യ മൂല്യതര്‍ധിത ഉത്പന്ന നിര്‍മാണമെന്ന പദ്ധതിയിലെ നെടുനായകനാണ് ഈ മലയാളി നാട്ടുമ്പുറത്തുകാരന്‍. 

ബാംഗ്ലൂര്‍ കാര്‍ഷിക സര്‍വകലാശാലയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്ലാവിനങ്ങളുടെ വംശ വൈവിധ്യ സംരക്ഷണമാണ് പ്രോജക്ടിന്റെ ഉന്നം. അതിലൂടെ നാനൂറിലധികം പ്ലാവിനങ്ങളാണ് അനില്‍ കണ്ടെത്തി ഉത്പാദിപ്പിച്ചത്. 

ആയിരക്കണക്കിന് തൈകളാണ് കേരളം മുഴുവനും അദ്ദേഹം വിതരണം ചെയ്യുന്നത്. നാം പാഴാക്കിക്കളയുന്ന ചക്കയുടെ ഗുണ വിശേഷവും അതിന്റെ തൈകളെ സംരക്ഷിക്കാനുള്ള മനസ്സും ആണ് അദ്ദേഹത്തിന്റെ കൈമുതല്‍.

jack anilബഡ്ഡിങ്ങിലൂടെയും ഗ്രാഫ്റ്റിങ്ങിലൂടെയും വിവിധ ഇനങ്ങളുടെ തൈ ശേഖരിച്ചും കമ്പ് ഉപയോഗിച്ചും അനില്‍ ഉത്പാദിപ്പിക്കുന്നുത് അന്യം നിന്നുപോയ ചെമ്പരത്തി വരിക്കപോലുള്ള ഇനങ്ങള്‍. സംഘകൃതികളിലെ പനസമെന്ന ചക്കയുടെയും പ്ലാവിനങ്ങളുടെയും സംരക്ഷണത്തിലൂടെ അനില്‍ നിലനിര്‍ത്തുന്നത് നമ്മുടെ ഭക്ഷ സംസ്‌കാരത്തെയാണ് .മാതൃഭൂമി-നബാര്‍ഡ് കാര്‍ഷികമേളയിലെ സ്റ്റാള്‍ വിഭാഗത്തിലാണ് അനിലിന്റെ അഭൂതപൂര്‍വമായ സസ്യസംരക്ഷണം.

കൈവെള്ളയിലൊതുങ്ങുന്ന ഫാന്‍സി ചക്കയിനമായ രുദ്രാക്ഷ ചക്ക മുതല്‍ 80 കിലോ തൂക്കം വെക്കുന്ന കേരളയിനമായ വാളിചക്കയുടെ തൈകള്‍വരെ അനിലിന്റെ പക്കലുണ്ട്. മൈസൂര്‍ രാജാവ് കാവല്‍ക്കാരെ നിയോഗിച്ച സംരക്ഷിച്ച് അതിഥികളെ സല്‍ക്കരിക്കാനുപയോഗിച്ചിരുന്ന തൂമ്പുഗരെയിലെ 300 വര്‍ഷത്തില്‍ കൂടുതല്‍ പ്രായമുള്ള ചെമ്പരത്തി വരിക്ക പ്ലാവിന്റെ തൈയും ഇതില്‍പെടുന്നു.

കൊല്ലത്തെ പാരിപ്പള്ളിയാണ് അനിലിന്റെ സ്വദേശം.  അനിലിനും സഹോദരങ്ങള്‍ക്കും വിശപ്പടക്കാന്‍ അമ്മ അധികദിവസവും നല്‍കിയിരുന്നത് ചക്കയായിരുന്നു. ചക്കപുഴുക്കും ചക്കപ്പഴവുമായി വിശപ്പിനെ നേരിട്ട കുഞ്ഞ് അനില്‍ വളര്‍ന്നപ്പോള്‍ വൈവിധ്യമായ പ്ലാവുകളെ സംരക്ഷിക്കാനൊരുങ്ങിയതില്‍ യാദൃശ്ചികത തെല്ലുമില്ല.

എല്ലാ കാലത്തും ചക്കപ്പഴത്തിന്റെ സ്വാദ് നമുക്കേകുന്ന, സീസണിനുമുമ്പേ കായ്ക്കുന്ന ചക്കയിനങ്ങളായ 'സദാനന്ദ, ശ്രീ വിജയ, സര്‍വഥ, JAP-3, പ്രശാന്തി, സിംഗപ്പൂര്‍1, JAP-3, എന്നിവയുടെ തൈകളും അനില്‍ അവതരിപ്പിക്കുന്നു.

വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കായ്ക്കുന്ന സ്വര്‍ണാഡ്, ലാല്‍ബാഗ് മധുര, ബൈര ചന്ദ്ര എന്നിവയും അന്യം നിന്നുപോയ ചെമ്പരത്തി വരിക്കയിനത്തിലെ പതിമൂന്നോളം ഇനങ്ങളും അനിലിന്റെ സംരക്ഷണയിലുണ്ട്. നന്നായി മഴ കിട്ടുന്ന പ്രദേശങ്ങളില്‍ വളരുന്ന ചെമ്പരത്തി വരിക്കയായ മംഗള റെഡ്(ഡാര്‍ക്ക്‌റെഡ്), കേരളയിനമായ പത്താമുട്ടം, 300 വര്‍ഷത്തിലധികം പ്രായമുള്ള തൂമ്പുഗരെ, കര്‍ണാടകയിനമായ വര്‍ഷത്തില്‍ രണ്ടുതവണ കായ്ക്കുന്ന ബൈരാചന്ദ്ര, കര്‍ണാടക റെയ്ത്ത(കര്‍ഷക)സംഘം കണ്ടെത്തി സംരക്ഷിച്ചുപോരുന്നയിനങ്ങളായ രാമചന്ദ്ര, ഹേമചന്ദ്ര, പ്രകാശചന്ദ്ര, ജി.കെ.വി.കെ, ബാംഗ്ലൂരിന്റെ KT-13 (അശോക റെഡ്) എന്നിവ ചെമ്പത്തി വരിക്കയിനത്തിലെ പ്രധാന താരങ്ങളാണ്.

ഫാന്‍സിയിനത്തില്‍പ്പെട്ട കുറിയ വര്‍ഗമായ JAP-1, അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ സ്വര്‍ണ എന്നിവയും ചക്കപ്രേമികളുടെ ചുണ്ടിനെയും കൈയ്യിനെയും 'ഒട്ടിപ്പോ' ആക്കുന്ന വിളഞ്ഞില്‍ ഇല്ലാത്തയിനമായ ഗമ്‌ലസും ഇതില്‍പ്പെടുന്നു. ഇതിന്റെയെല്ലാം ബഡ്ഡ് ചെയ്ത് തൈകള്‍ അനിലിന്റെ നഴ്‌സറിയില്‍ സുരക്ഷിതമാണ്. 

കുപ്പായമൂരുന്നതുപോലെ തോലുരിയാന്‍ കഴിയുന്നയിനം ചക്ക വിരിയുന്ന പ്ലാവാണ് മലേഷ്യക്കാരനായ 'ചെമ്പടാക്ക്', തായ്‌ലാന്‍ഡ്, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവയാണ് പ്ലാത്തൈകളിലെ വിദേശികള്‍.
ഉണ്ടച്ചക്കയെന്നും താമരച്ചക്കയെന്നും വിളിപ്പേരുള്ള റൗണ്ട് ജാക്ക് കാണാനഴകുള്ളതാണ് . ശരിക്കും താമര വിത്തിന്റെ ആകൃതിയാണ് ഇതിന്റെ പുറംതോലിന് . ഇതില്‍ത്തന്നെ റെഡ് റൗണ്ട്, രാജാ റൗണ്ട്, യെല്ലോ റൗണ്ട്, വൈറ്റ്‌റൗണ്ട് എന്നിങ്ങനെ വിവിധ ഇനങ്ങളുടെ തൈകളും അനിലിന്റെ കൈുടന്നയിലുണ്ട്. കൊട്ടാരക്കര കെ.പി.പി.കെയുടെ സിന്ദൂര ചക്കയാണ് മറ്റൊരിനം സൂപ്പര്‍. പ്രമേഹരോഗികള്‍ക്ക് അത്യുത്തമമാണിതിന്റെ പുഴുക്ക്.

കറയില്ല വരിക്ക, പാലൂര്‍1.2, മുട്ടംവരിക്ക, വട, തേന്‍വരിക്ക, ഉത്തമ, എടുസെഡ്, കറിവരിക്ക (ബ്‌ളാക്ക് ജാക്ക്) കേസരി, ലാല്‍ബാഗ് രാജ, ലാല്‍ബാഗ് ഭീമ, എ-9, എ-10, KT13, KT15, ബാംഗ്ലൂര്‍ ജി.പി.പി.കെ.യുടെ എന്‍.എസ്.പി എന്നിവയാണ് വ്യത്യസ്തയിനം പ്ലാത്തെകള്‍.

അനില്‍ പ്ലാത്തൈകളുണ്ടാക്കുന്നതെങ്ങനെ

jack anil

റബ്ബര്‍ത്തൈകളില്‍ ഗ്രാഫ്റ്റിങ്ങും ബഡ്ഡിങ്ങും നടത്തിയ പരിചയമാണ് അനിലനെ പ്ലാവിന്‍തൈ ബഡ്ഡിങ്ങിലേക്കും ഗ്രാഫ്റ്റിങ്ങിലേക്കും എത്തിച്ചത്. പല നാട്ടുപ്ലാവുകളും അന്യം നിന്നുപോവുന്നത് തടയാന്‍ എന്താണ് പോംവഴിയെന്ന ചിന്തയാണ് അനിലിനെ വ്യത്യസ്ത വഴിയിലെത്തിച്ചത്. കര്‍ണാടകയില്‍ പതിനഞ്ചുവര്‍ഷമായി താമസിച്ചുവരുന്ന അനില്‍ തന്റെ ജീവിത പങ്കാളിയെ കണ്ടത്തിയതും അവിടെനിന്നാണ്. ഭാര്യ ലത, ഏക മകള്‍ ചിന്മയിദേവി. ജാക്‌സ് അനിലിന്റെ 'നിന്നിക്കല്ലു' എന്ന നഴ്‌സറിയിലാണ് തൈകള്‍. കര്‍ണാടകയിലെ പുത്തൂര്‍ ജില്ലയിലാണ് നഴ്‌സറി.

നഴ്‌സറിയില്‍ ആദ്യം തന്നെ വിത്തുതൈകള്‍ തയ്യാറാക്കുന്നു. ആറുമാസം പ്രായമെത്തിയ വിത്തുതൈകളില്‍ വ്യത്യസ്തയിനം പ്ലാവിന്റെ തണ്ടിലെ കണ്ണുകള്‍ ഗ്രാഫ്റ്റ് ചെയ്യുന്നു. പിന്നീട് ആറുമാസം വളര്‍ത്തി വലുതാക്കിയതിന് ശേഷമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരു പെന്‍സില്‍ നീളത്തിലുള്ള കമ്പില്‍നിന്ന് അഞ്ചുമുതല്‍ പത്ത്‌വരെ കണ്ണുകള്‍ ലഭിക്കും. ആ കണ്ണുകള്‍ വലുതായാല്‍ അത് വ്യത്യസ്തയിനം പ്ലാവിന്റെ സ്വഭാവം തന്നെ കാണിക്കുന്നു. അതിന്റെ ഇലയും അതേ രൂപത്തിലായിരിക്കും. പലപ്പോഴും അനില്‍ ഇലകളുടെ വ്യത്യാസത്തിലാണ് തൈകള്‍ ഏതിനമാണെന്ന് മനസ്സിലാക്കാറ്. വൈവിധ്യത്തിനനുസരിച്ച് തൈകള്‍ക്ക് കളര്‍കോഡിങ്ങും നല്‍കുന്നുണ്ട് അനില്‍. തൈയ്ക്ക് 200രൂപ മുതല്‍ 500 വരെയാണ് ഈടാക്കുന്നത്. നാലുവര്‍ഷമാണ് പ്ലാവ് കായ്ക്കാനുള്ള സമയമായി അദ്ദേഹം പറയുന്നത്. തായ്തടി ചക്കയുടെ കനം താങ്ങാന്‍ കെല്പു വെക്കുമെന്നതാണിന്റെ കണക്ക്. വറുക്കാന്‍ പറ്റിയത്, പുഴുങ്ങാന്‍ പറ്റിയത്, പഴുപ്പിക്കാന്‍ പറ്റിയത് എന്നിങ്ങനെയുള്ള വ്യത്യസ്തയിനങ്ങളും കണ്ടെത്തി കൊണ്ടിരിക്കുകയാണെന്ന് അനില്‍ പറഞ്ഞു.

കേരളത്തിലും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും അങ്ങോളമിങ്ങോളം വശംനാശം സംഭവിച്ച് ഇല്ലാതയിപ്പോവുന്ന പ്ലാവിനങ്ങളെ സംരക്ഷിക്കാന്‍ അനില്‍ തയ്യാറാണ്. നിരവധി പേരാണ് തങ്ങളുടെ പുരയടത്തിലെ അപൂര്‍വയിനത്തെ സംരക്ഷിക്കാന്‍ അപേക്ഷയുമായി അനിലിനെ സമീപിക്കുന്നുണ്ട്. കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ ഇനങ്ങളെ ഇവിടെ നട്ടുവളര്‍ത്താന്‍ അനില്‍ മുന്‍കൈയെടുക്കുന്നു.  തങ്ങളുടെ പുരയിടത്തിലെ പ്ലാവ് അപൂര്‍വ ജനുസ്സാണെന്നും അത് സംരക്ഷിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ വിളിക്കുക 09448778497.