മാലിന്യ സംസ്‌കരണം, പ്രത്യേകിച്ച് ഗാര്‍ഹിക മാലിന്യ സംസ്‌കരണം വഴി പോഷക സമ്പുഷ്ടമായ ജൈവവളക്കൂട്ട് അഥവാ വളര്‍ച്ചാ ജൈവത്വരകങ്ങള്‍ ഉല്പാദിപ്പിക്കാന്‍ അനേകം പോംവഴികളുണ്ട്. ഈ ഗണത്തില്‍പ്പെട്ട ഒരു പേരാണ് ഹൃദയാമൃതം. ജൈവവളം എന്നതിന് പുറമെ ഒരു പരിധിവരെ കീട-രോഗ പ്രതിരോധവാഹിനി കൂടിയായ ഹൃദയാമൃതം ജൈവ കൃഷി രംഗത്തെ ഉറച്ച മുതല്‍ക്കൂട്ടാണ്.

തയ്യാറാക്കുന്ന രീതി

1. 50 ലിറ്റര്‍ കൊള്ളുന്ന ബാരലില്‍ നാറ്റം(കമ്മ്യൂണിസ്റ്റ് പച്ച,നാറ്റച്ചപ്പൂച്ചെടി, പെരുവലം...), മണം (തുളസി, തുമ്പ. ) കയ്പ്(വേപ്പ്,കാഞ്ഞിരം) കറ(ആടലോടകം,മരച്ചീനി.പപ്പായ) എന്നീ ഇനത്തില്‍പ്പെട്ട സസ്യാവശിഷ്ടങ്ങള്‍ കൊത്തിയരിഞ്ഞ് കഞ്ഞിവെള്ളം അഥവാ കാടിവെള്ളത്തില്‍ കുതിര്‍ത്ത് ഒരു കിലോ ശര്‍ക്കരയും ചേര്‍ത്ത് മൂടി അടച്ച് 30 ദിവസം വെക്കുക.

2. 50 ലിറ്റര്‍ കൊള്ളുന്ന ബാരലില്‍  അഴുകുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ദിവസേന ശേഖരിക്കുക . ദിവസവും എരിവ് , പുളി, ഉപ്പ്,മധുരം എന്നിവ മാറുവാനായി 200 ഗ്രാം കുമ്മായം ചേര്‍ക്കേണ്ടതാണ്. ബാരല്‍ നിറഞ്ഞ ശേഷം 30 ദിവസം സൂക്ഷിക്കുക.
3. പച്ചപ്പുല്ലും വയ്‌ക്കോലും തിന്നുന്ന പശുവിന്റെ 20 കിലോ ചാണകവും 20 ലിറ്റര്‍ ഗോമൂത്രവും ചേര്‍ത്ത് നന്നായി കലക്കി 30 ദിവസം വെക്കുക

hridayamritham

ക്രമനമ്പര്‍ ഒന്നും രണ്ടും മൂന്നും 200 ലിറ്റര്‍ കൊള്ളുന്ന വലിയ ബാരലിലേക്ക് ഒഴിച്ച് സംയോജിപ്പിക്കുക. കൂടെ 2 കിലോ ശര്‍ക്കരപ്പൊടിച്ചതും 2 കിലോ ധാന്യപ്പൊടി അവശിഷ്ടവും 11 ലിറ്റര്‍ മീന്‍ അമിനോ അമ്ലവും(5 കിലോ കടല്‍ മത്സ്യവും 6 കിലോ ശര്‍ക്കരയും ചേര്‍ത്ത് നന്നായി ഇളക്കി 16 ദിവസം വെച്ചത്)മണ്ണിര കമ്പോസ്റ്റില്‍ നിന്നും ലഭിക്കുന്ന 10 ലിറ്റര്‍ വെള്‍മിവാഷും ചേര്‍ത്ത് നന്നായി ഇളക്കി 10 ദിവസത്തിനു ശേഷം മുട്ട അമിനോ അമ്ലവും(24 നാടന്‍ കോഴിമുട്ട മുങ്ങിക്കിടക്കുവാന്‍ പാകത്തില്‍ ചെറുനാരങ്ങ നീരിലിട്ട് 15ാം ദിവസം മുട്ടപൊട്ടിച്ച് 1.5 കിലോ ശര്‍ക്കരയും ചേര്‍ത്ത് വീണ്ടും 15 ദിവസം സൂക്ഷിച്ചതിനു ശേഷം ലഭിക്കുന്നതാണ് മുട്ട അമിനോഅമ്ലം). വീണ്ടും 10 ദിവസം തണലില്‍ സൂക്ഷിക്കുക. ആകെ 50(30+10+10) ദിവസം പൂര്‍ത്തിയാകുന്നതോടെ 200 ലിറ്റര്‍ ഹൃദയാമൃതം തയ്യാറാകുന്നു.

ഉപയോഗ രീതി

ഹൃദയാമൃതം 20 ഇരട്ടി വെള്ളവും ചേര്‍ത്ത് സസ്യങ്ങളുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും 30 ഇരട്ടി വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത് ഇലകളില്‍ തളിക്കുകയും ചെയ്യാം. നാലില പ്രായം മുതല്‍ 5 ദിവസത്തിലൊരിക്കല്‍ വീതം ഹൃദയാമൃതം നല്‌കേണ്ടതാണ്. സൂര്യാസ്തമയത്തിന് ശേഷം പ്രയോഗിക്കുന്നതാണ് ഉത്തമം.

ഇതിലൂടെ ചെടികളുടെ വളര്‍ച്ചയും കീട-രോഗങ്ങളുടെ പ്രതിരോധശേഷിയും വേരുപടലവും വര്‍ദ്ധിക്കുന്നതായി കാണാം. വേരു ചീയല്‍, മൊസൈക് തുടങ്ങിയ ഫംഗസ് ബാധയും ലഘൂകരിക്കാം. ഹൃദയാമൃത പരിചരണത്തിലൂടെ ലഭിക്കുന്ന കായകള്‍ക്ക് സൂക്ഷിപ്പ് ശേഷിയും രുചിയും കൂടുതലാണ്. )