നമ്മുടെ നാട്ടില്‍ വിദേശികളെത്താനും ഇവിടെ വ്യാപാരം കൊഴുപ്പിക്കാനും കാരണമായ ഒരു പ്രധാന സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. പച്ചഇഞ്ചിയുടെ രൂപത്തിലുള്ളതിനെക്കാളും ഉപയോഗം ഉണക്കിയെടുക്കുന്ന ചുക്കിന്റെ രൂപത്തിലാണ്. പോര്‍ച്ചുഗീസുകാരെയും സ്‌പെയിന്‍കാരെയും ഡച്ചുകാരെയും പിന്നീട്  ഇംഗ്ലീഷുകാരെയും ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കാനും മിക്ക വന്‍കരകളിലേക്കും കുടിയേറാനും പ്രേരിപ്പിച്ചതില്‍ കറുത്തപൊന്നിനെപ്പോലെത്തന്നെയുള്ള പങ്ക് ഇഞ്ചിക്കും ചുക്കിനുമുണ്ട്.

ഇഞ്ചി ശരിക്കുമൊരു ചൈനക്കാരനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ഇന്ത്യയിലും ചില ആഫ്രിക്കന്‍ നാടുകളിലും കരീബിയന്‍ നാടുകളിലും നന്നായി കൃഷിചെയ്തുവരുന്നുണ്ട്. കേരളത്തില്‍ വയനാടാണ് ഇഞ്ചികൃഷിക്ക് പേരുകേട്ട സ്ഥലം. പിന്നിട് കുടകിലേക്കും ഇപ്പോള്‍ ഒഡിഷയുടെ ചില ഭാഗങ്ങളിലേക്കും ഇഞ്ചികൃഷി വ്യാപിച്ചുകൊണ്ടിരിക്കുന്നു. 

ഇഞ്ചികടിച്ച കുരങ്ങനെപ്പോലെ എന്നൊരു ചൊല്ലുതന്നെ മലയാളത്തിലുണ്ട്. ആ കുരങ്ങന്റെ അവസ്ഥ അതിന്റെ കടു എന്ന രസത്തെയാണ് കാണിക്കുന്നത്.

 പച്ചയ്ക്ക് നല്ല ചവര്‍പ്പു കാണിക്കുന്ന ഇനമാണിത്. ചെടിയുടെ ഭൂകാണ്ഡത്തെയാണ് നാം ഉപയോഗിക്കുന്നത്. ആയുര്‍വേദത്തിലെ മിക്ക ഔഷധത്തിലും ഇഞ്ചിയുടെ ഉപോത്പന്നമായ ചുക്ക് ഉപയോഗിച്ചുവരുന്നു. 'ചുക്കില്ലാത്ത കഷായമില്ല' എന്ന ചൊല്ല്  നാം സാധാരണ പറയാറുള്ളതാണ്. സിഞ്ചിബറേസി(ഹരിദ്ര) കുടുംബത്തില്‍പ്പെട്ട ഇഞ്ചിയുടെ ശാസ്ത്രീയനാമം 'സിഞ്ചിബര്‍ ഒഫിസിനേല്‍' എന്നാണ്‌.

സംസ്‌കൃതത്തില്‍ മഹൗഷധി, ആര്‍ദ്രകം, ശൃംഗവേരം, കടുഭദ്രം, കടുത്കം എന്നിങ്ങനെ പറയപ്പെടുന്ന ഇഞ്ചിക്ക് തമിഴില്‍ ഇന്‍സിയെന്നും മറാഠിയില്‍ 'ആലെ' ബംഗാളിയില്‍ 'ആദു' എന്നിങ്ങനെയും പറഞ്ഞുവരുന്നു. ഇംഗ്ലീഷില്‍ ജിഞ്ചര്‍ എന്നാണ് നാമം. ലോകത്ത് ഇഞ്ചി ഏറ്റവും കൂടുതല്‍  ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. അതുകഴിഞ്ഞാല്‍ ചൈനയും പിന്നീട് യഥാക്രമം നേപ്പാള്‍, ഇന്‍ഡൊനീഷ്യ, നൈജീരിയ എന്നിങ്ങനെയാണ് ഇഞ്ചിയുത്പാദനത്തിന്റെ കണക്ക്. 

ചൈനക്കാര്‍ക്ക് മത്സ്യ, മാംസ ഭക്ഷണങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണിത.് ഒരുതരം കാന്‍ഡിയും അവര്‍ ഇഞ്ചികൊണ്ട് നിര്‍മിക്കുന്നു. നമ്മുടെ ഇഞ്ചിമിഠായിപോലെ. കരീബിയന്‍ ദ്വീപുകളില്‍ ബിയറും വൈനും നിര്‍മിക്കാന്‍ ഇഞ്ചിയുപയോഗിക്കുന്നു. ദക്ഷിണേന്ത്യയില്‍ വ്യാപകമായും ബംഗാള്‍പോലെ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കൃഷിചെയ്തുവരുന്നു. ഒരുചിരസ്ഥായി സസ്യമാണിത്. കൂടിയത് ഒരു മീറ്റര്‍ വരെ വളര്‍ന്നുവരുന്ന ഇവയുടെ ഇലയ്ക്ക് അഞ്ച് സെമി വീതിയും ഒരടിനീളവും കാണാറുണ്ട്. ഇലയുടെ അറ്റം കൂര്‍ത്തമുനയുള്ളതാണ്. പൂക്കുലകള്‍ക്ക് പത്തു സെ.മീ.നീളം കാണാം. പൂക്കള്‍ക്ക് മഞ്ഞനിറഞ്ഞ പച്ചനിറവും ചെറിയ വയലറ്റ് നിറവുമുണ്ടാകും. മണ്ണിനു മുകളിലുള്ള ഭാഗം വേനല്‍ക്കാലത്ത് നശിച്ചുപോകുമെങ്കിലും അടിയിലെ കിഴങ്ങ് വിണ്ടും വളര്‍ന്നുവരുന്നു. കിഴങ്ങിന് പ്രത്യേകതരം എരിവും വാസനയുമുണ്ട്. തൊലികളഞ്ഞു പ്രത്യേകരീതിയില്‍ വെയിലത്തുണക്കി ചുക്കാക്കിമാറ്റുന്നു.  

കൃഷിയിടമൊരുക്കല്‍ 

ginger

കൂറേക്കാലമായി കൃഷിചെയ്യാതെയിട്ടിരിക്കുന്ന നല്ലജൈവപുഷ്ടിയുള്ള മണ്ണാണ് ഇഞ്ചി കൃഷിക്ക്  ഉത്തമം. കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റര്‍വരെ ഇഞ്ചികൃഷിചെയ്യാം. എന്നാല്‍ 400-1000 മീറ്ററിലാണ് വിളവ് കൂടുതല്‍ കിട്ടുന്നതായി കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനില്‍ക്കുന്നതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ലക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാല്‍ നന്ന്. അമ്ലഗുണം കൂടിയമണ്ണില്‍ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി  ഉഴുത് മറിക്കണം. അതിനുശേഷം അതില്‍ സെന്റൊന്നിന്് 30-40 കിലോ തോതില്‍ കാലിവളമോ കംപോസ്‌റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം . അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്ത് ഒരടി ഉയരത്തില്‍ തടം കോരിയെടുക്കാം. നീളത്തിലോ കുറുകെയോ ചാലെടുത്താണ് കിഴങ്ങുകള്‍ നടേണ്ടത്.

വിത്തുകള്‍ തമ്മില്‍ കുറഞ്ഞത് 25 സെ.മീ. അകലം അത്യാവശ്യമാണ്. വേനല്‍മഴ കിട്ടി സാധാരണയായി ഏപ്രില്‍ മാസത്തിലെ ആദ്യവാരങ്ങളിലാണ് ഇഞ്ചി നടുന്നത്.  വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ ചാറല്‍ മഴ നല്ലതാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങള്‍ തമ്മില്‍ കുറഞ്ഞത് കാല്‍മീറ്റര്‍ അകലവും തടത്തിന്റെ ഉയര്‍ച്ച കുറഞ്ഞത് കാല്‍ മീറ്ററെങ്കിലും ഉണ്ടായിരിക്കുകയും വേണം. ചരിഞ്ഞ സ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നതെങ്കില്‍ 30 സെമീ അകലത്തില്‍ തടമെടുക്കാം. ഇവിടങ്ങളില്‍ താഴ്ചയുമുള്ള തടങ്ങളെടുത്താകണം നടുന്നത്.

വിത്തുകള്‍ തിരഞ്ഞെടുക്കാം

ginger

വിളവെടുക്കുന്ന കിഴങ്ങുകള്‍ തന്നെയാണ് നടീല്‍വസ്തുക്കളായി ഉപയോഗിക്കുന്നത്. നന്നായി മൂപ്പെത്തിയതും എന്നാല്‍ രോഗകീടബാധതീരെയില്ലാത്തതുമായ ഇഞ്ചി വിത്തായി മാറ്റിവെക്കാം. ഇങ്ങനെ മാറ്റി വെക്കുന്നത് വിളവെടുക്കുന്നതിനുമുമ്പ് ഡിസംബര്‍,നവംബര്‍ മാസങ്ങളില്‍ത്തന്നെ അടയാളപ്പെടുത്തിവെക്കണം.  ജനുവരി അവസാനത്തോടെ വിളവെടുത്ത് സൂക്ഷിക്കണം. തണുപ്പുള്ള ഷെഡ്ഡില്‍ കുഴിയുണ്ടാക്കി സൂക്ഷിക്കുന്ന രീതിയാണ് നല്ലത്.

 ഇങ്ങനെ തരംതിരിച്ചെടുക്കുന്ന വിത്തുകള്‍ കുമിള്‍നാശിനിയിലോ കീടനാശിനിയിലോ മുക്കിയെടുത്തു സൂക്ഷിച്ചാല്‍ കേടാകാതെയിരിക്കും. ലായനിയില്‍മുക്കിയെടുത്ത് വെള്ളം വാര്‍ത്തതിനുശേഷം തണലത്ത് ഉണക്കിയെടുത്ത് കുഴികളില്‍ ഈര്‍ച്ചപ്പൊടിയോ മണലോ നിരത്തി അതിനുമുകളില്‍പരത്തി അതിനുമുകളില്‍ പാണലിലകൊണ്ട് മൂടിയിടുന്നത് ഇഞ്ചി ചുരുങ്ങിപ്പോകാതിരിക്കാനും കീടങ്ങള്‍ ആക്രമിക്കാതിരിക്കാനും നല്ലതാണ്. 

വിത്തിനങ്ങള്‍ക്കായി നമ്മള്‍ നാടന്‍, വയനാടന്‍ വൈവിധ്യങ്ങളെത്തെയാണ് ആശ്രയിക്കുന്നത്. കാര്‍ഷികസര്‍വകലാശാലകള്‍ വളര്‍ത്തിയെടുത്ത മികച്ച സങ്കരയിനങ്ങളുടെ അഭാവം തന്നെയാണിതിന് കാരണം. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് സ്‌പൈസസ് റിസര്‍ച്ച് വികസിപ്പിച്ചെടുത്ത വരദ, രജത, മഹിമ എന്നിവ ചുക്ക് നിര്‍മാണത്തിനുപയോഗിക്കാവുന്ന മുന്തിയ ഇനങ്ങളാണ്. പച്ച ഇഞ്ചിക്കായി റിയോഡി ജനൈറൊ, ചൈനയിനം, വയനാട് ലോക്കല്‍ എന്നിവ തന്നെ ഉപയോഗിക്കാം. 

 ഇഞ്ചിവിത്തുകള്‍ നടുമ്പോള്‍ ആദ്യം അതിനെ ഒന്നോ രണ്ടോ മുകുളങ്ങളുള്ള കുറഞ്ഞത് 15 ഗ്രാമെങ്കിലും തൂക്കമുള്ള കഷണങ്ങളായി മുറിച്ചെടുത്ത് സ്യൂഡോമോണസ് ലായനിയിലോ പച്ചച്ചാണകം കലക്കിയതിലോ മുക്കിയതിനുശേഷം തണലത്തുണക്കിയെടുക്കണം. വിത്ത് നടുന്നതിനു മുമ്പ് ട്രൈക്കോഡര്‍മ സമ്പുഷ്ട ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം കുഴികളിലിട്ട് മൂടിയാല്‍ മണ്ണിലൂടെ പകരുന്ന പൂപ്പല്‍ രോഗങ്ങള്‍, വിരകള്‍, ചീയല്‍രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കാം. 

ചെടിയുടെ പരിപാലനവും വളപ്രയോഗവും 

സുഗന്ധവ്യഞ്ജനങ്ങളില്‍ ഏറ്റവുമധികം മൂലകങ്ങളെ വലിച്ചെടുക്കുന്ന വിളയാണ് ഇഞ്ചി. കാലിവളത്തിനു പുറമേ പൊട്ടാഷ്, യൂറിയ, ഫോസ്ഫറസ് എന്നിവ ആനുപാതികമായി ഉപയോഗിച്ചാണ് രാസകൃഷി നടത്തുന്നത്. എന്നാല്‍ ജൈവകൃഷിയില്‍ പച്ചിലവളവും ചാണകവും ചാരവും തന്നെയാണ് പ്രധാനമായും ഉപയോഗിക്കുക. ഏറ്റവുമധികം പരിപാലനം ആവശ്യമുള്ള വിളയാണ് ഇഞ്ചി. എല്ലാദിവസവും കൃഷിക്കാരന്റെ കണ്ണെത്തേണ്ടതുണ്ട.് നന്നായി പച്ചിലകള്‍കൊണ്ട് പുതയിടണം. നടീല്‍കഴിഞ്ഞ ഉടനെത്തന്നെ പച്ചിലകള്‍ തടത്തിനു മുകളില്‍ വിരിക്കുന്നത് തടത്തിലെ ഈര്‍പ്പം നഷ്ടപ്പെടാതെ കാക്കാന്‍ സാധിക്കും. വിത്ത്മുളപ്പിച്ച് വളര്‍ത്തി വെട്ടിയെടുത്ത് പുതയായി ഉപയോഗിക്കുന്നവരുമുണ്ട്. 

രോഗങ്ങളും കീടങ്ങളും

സാധാരണ കിഴങ്ങുവര്‍ഗ വിളകള്‍ക്കു വരുന്ന രോഗങ്ങളും കീടങ്ങളും തന്നെയാണ് ഇഞ്ചിയെയും ബാധിക്കുന്നത്. തണ്ടുതുരപ്പന്‍പുഴുവാണ് ഇഞ്ചിയെ ബാധിക്കുന്ന പ്രധാന കീടം.  വേരുചീയല്‍ രോഗം, മൊസെക്ക്‌രോഗം, മൃദുചീയല്‍, ബാക്ടീരിയല്‍വാട്ടം, പൂപ്പല്‍ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് പ്രധാനരോഗങ്ങള്‍. മണ്ണില്‍ വസിക്കുന്ന രോഗാണുക്കള്‍ പടര്‍ത്തുന്ന രോഗങ്ങളാണ് ബാക്ടീരിയല്‍ വാട്ടം, മൃദുചീയല്‍ എന്നിവ.
 
മൃദുചീയല്‍

ഇഞ്ചിക്കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാനകുമിള്‍ജന്യരോഗമാണ് മൃദുചീയല്‍. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മഴമാസങ്ങളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുത്. ഇഞ്ചിയെ ഈ രോഗം ബാധിച്ചാല്‍ തണ്ടുകള്‍ അഴുകി മഞ്ഞനിറമാവുകയും ഇല മഞ്ഞളിച്ച് ഒടിഞ്ഞുവീഴുകയും ചെയ്യുന്നു. മാത്രമല്ല കിഴങ്ങുകള്‍ അഴുകി നശിക്കുകയും ചെയ്യും. രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി രോഗം മറ്റുള്ളവയിലേക്ക് പടരുന്നത് തടയുക എന്നതാണ് ആദ്യമായിചെയ്യണ്ടത്. രോഗബാധയേല്‍ക്കാത്ത നടീല്‍ വസ്തുക്കള്‍ ശേഖരിക്കുക, നടുന്നതിനുമുമ്പ് ട്രൈക്കോഡര്‍മ സമ്പുഷ്ടമാക്കിയ ചാണകക്കുഴമ്പില്‍ മുക്കി തണലത്തുണക്കിയ നടീല്‍വസ്തുക്കള്‍ ഉപയോഗിക്കുക, തടങ്ങളില്‍ വെള്ളം കെട്ടിനിര്‍ത്താതിരിക്കുക, ആവര്‍ത്തനകൃഷി ഒഴിവാക്കുക, കുമിള്‍നാശിനി പ്രയോഗിക്കുക, സ്യൂഡോമോണസ്, വെര്‍ട്ടിസിലിയം ലായനി എന്നിവ തടത്തില്‍ തളിക്കുക മുതലായ കാര്യങ്ങളിലൂടെ രോഗത്തെ പ്രതിരോധിക്കാനാകും.

ബാക്ടീരിയല്‍ വാട്ടം

സാധാരണ വഴുതിന വര്‍ഗവിളകളില്‍ കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത.് പക്ഷേ, ഇഞ്ചികൃഷിയെ മാരകമായി ബാധിക്കുന്ന രോഗവുമാണിത്. ഈ രോഗം വളരെപ്പെട്ടെന്ന് പടരും. വിത്തിഞ്ചി കീടനാശിനിയില്‍ മുക്കിവെച്ച് നടുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും. ഇല പച്ചയായിരിക്കുമ്പോള്‍ത്തന്നെ വാടുക, ഇലകള്‍ മഞ്ഞളിച്ചതിനുശേഷം വാടിച്ചുരുണ്ടുപോവുക എന്നിവയാണിതിന്റെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാലുടനെത്തന്നെ കോപ്പര്‍ ഓക്്‌സിക്ലോറൈഡ് വെള്ളത്തില്‍ കലക്കി(ഒരു ലിറ്ററിന് 10 ഗ്രാം തോതില്‍) ഒഴിച്ചുകൊടുക്കാം.

മൊസൈക്ക് രോഗം

മൊസൈക്ക് രോഗമാണ് ഇഞ്ചിയെ ബാധിക്കുന്ന മറ്റൊരു പ്രധാനരോഗം. ഇത് പിടിപെട്ടാല്‍ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാര്‍ഗമുള്ളൂ. ഇലകള്‍ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കിഴങ്ങ് ശുഷ്‌കിച്ചുപോവുകയുമാണിതിന്റെ ലക്ഷണം.
രോഗം ബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നുമാത്രം വിത്തിഞ്ചി ശേഖരിക്കുക, വേപ്പധിഷ്ഠിത കീടനാശിനികളുടെ ഉപയോഗം, ആവണക്കെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളായി തളിക്കാവുന്നതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാല്‍ നനഞ്ഞ പോലെയുള്ളപാടുകളും അതിനെത്തുടര്‍ന്ന് ഇലയുടെ ഉപരിതലത്തില്‍ മഞ്ഞക്കുത്തുകള്‍ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം. പിന്നിട് ഈ മഞ്ഞക്കുത്തുകള്‍ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകള്‍ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധം സമൂലം തളിക്കുകയുമാണിതിന്റെ പ്രതിരോധമാര്‍ഗങ്ങള്‍. 

ഔഷധഗുണങ്ങള്‍

ഉഷ്ണവീര്യമുള്ള ഇത് ശരീരാഗ്‌നിയെ വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു, വിസര്‍ജ്യത്തെ ഇളക്കുന്നു. കഫത്തെ ഇല്ലാതാക്കി. വാതത്തെ വരുതിയിലാക്കി വായയെയും കണ്ഠത്തെയും ശുദ്ധമാക്കാന്‍ ഇഞ്ചിക്കു കഴിയുന്നു. ആയുര്‍വേദ വിധിപ്രകാരം കുഷ്ഠം, പാണ്ഡ്, മൂത്രച്ചൂട്, നീര്‍ക്കെട്ട്, രക്തപിത്തം, വ്രണങ്ങള്‍ എന്നിവയെ സാന്ത്വനിപ്പിക്കുന്നു. 
 
കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, സോഡിയം,  എന്നീമൂലകങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ എ., വിറ്റാമിന്‍ സി,  വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ബി6,  അന്നജം, കൊഴുപ്പ്, നാരുകള്‍, എന്നിവയുടെയും മികച്ച കലവറയാണ് ഇഞ്ചി. നമുക്ക് ചട്ടിയില്‍ അഞ്ചാറ് ഇഞ്ചിതൈകള്‍  നടാം.

pramodpurath@gmail.com