വിവിധയിനം ചേമ്പുകളെ പരിചയപ്പെടാം

പാല്‍ച്ചേമ്പ്‌

തണ്ടും തളിരിലയും കിഴങ്ങും ഒരു പോലെ ഭക്ഷ്യയോഗ്യമായ പാല്‍ ചേമ്പ് നല്ല സ്വാദുള്ള ഇനമാണ്. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ നന്നായി വളരുന്ന പാല്‍ച്ചേമ്പ് വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ഇനമാണ്. 

ചെറുചേമ്പ്

ഈ ചേമ്പിന്റെ നേരിയതും ഇളംപച്ചനിറത്തില്‍ കാണപ്പെടുന്നതുമായ ചേമ്പിന്‍തണ്ട് കറിവെയ്ക്കാം. പുഴുക്കായും കറിക്കായും ഈ ചേമ്പ് ഉപയോഗിച്ചു വരുന്നു.

മക്കളെപ്പോറ്റി ചേമ്പ്

വെള്ള കലര്‍ന്ന പച്ചനിറത്തിലാണ് ചേമ്പിന്‍തണ്ട് കാണപ്പെടുന്നത്. ഇലയുടെ നിറം ഇളംപച്ചനിറമാണ്. ഇലയുടെ നടുഭാഗത്ത് പൊട്ട് ഉണ്ട്. തള്ള ചേമ്പിന്റെ ചുറ്റും വിത്തുചേമ്പുകള്‍ വളര്‍ന്ന് തണ്ടും ഇലയും വരുന്ന സ്വഭാവമുള്ളതിനാലാവാം മക്കളെപ്പോറ്റി എന്ന പേര് ലഭിച്ചത്. അല്പം ചൊറിച്ചിലുള്ള ഇനമാണ്. കറിവെക്കുമ്പോള്‍ പുളികൂടി ചേര്‍ക്കുന്നു.വൃശ്ചിക മാസത്തോടെ ഇതിന്റെ ചൊറിച്ചില്‍ കുറയുന്നു.

കുഴിനിറയാന്‍ ചേമ്പ്

ഇലയും തണ്ടും മക്കളെപ്പോറ്റി ചേമ്പിനോട് സാദൃശ്യമുള്ളതാണ്. മക്കളെപ്പോറ്റിച്ചേമ്പിനേക്കാള്‍ തണ്ടിന് ഉയരം കൂടുതലുണ്ട്. ഇതിന്റെ വിത്ത് ചേമ്പുകള്‍ തള്ള ചേമ്പിന്റെ അടിഭാഗത്തുനിന്നും കൊട്ടയുടെ ആകൃതിയില്‍ വളര്‍ന്നു വരുന്നതിനാലാണ് കൊട്ടചേമ്പ് എന്ന്  അറിയപ്പെടുന്നത്. ചെറിയ തോതിലുള്ള ചൊറിച്ചില്‍ ഈ ഇനത്തിനുമുണ്ട്.

കുടവാഴ ചേമ്പ്

വയറ്റിലുണ്ടാകുന്ന അസുഖങ്ങള്‍ പ്രതിരോധിക്കാന്‍ ഈ ചേമ്പ് ഭക്ഷിക്കുന്നതിലൂടെ കഴിയും. ഇലയുടെ വലിപ്പക്കൂടുതല്‍ കൊണ്ടാണ് കുടവാഴച്ചേമ്പിന് ഈ പേര് ലഭിച്ചത്. തണ്ടിന്റെ അടിഭാഗത്തിന് ബ്രൗണ്‍നിറവും മുകള്‍ ഭാഗം ബ്രൗണ്‍ കലര്‍ന്ന പച്ചയും ആണ്. പറിച്ച് വെച്ച് വെള്ളം വറ്റിയ ശേഷമാണ് കറിവെക്കുന്നതിന് നല്ലത്. ചൊറിച്ചിലുള്ള ഇനമാണ്. അതുകൊണ്ട് തിളപ്പിച്ച് വെള്ളം ഊറ്റിക്കളഞ്ഞതിനുശേഷം പുഴുക്കായും കറിയാക്കിയും ഉപയോഗിക്കുന്നതാണ് നല്ലത്. വയറ്റില്‍ ഉണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാന്‍ ഈ ചേമ്പ് ഭക്ഷിക്കുന്നതിലൂടെ സാധിക്കും. 

മാറാന്‍ ചേമ്പ്

മാറാന്‍ ചേമ്പ് ഇളംപച്ചനിറത്തിലും നീലനിറത്തിലുമുണ്ട്.  നീലനിറമുള്ള ചേമ്പ് ഔഷധ നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. പച്ചനിറമുള്ള രണ്ടിനങ്ങളുണ്ട്. ഇതില്‍ കിഴങ്ങ് നല്ലവണ്ണം തടിച്ചുരുണ്ട ഇനം പുഴുങ്ങിത്തിന്നാം. അര്‍ശസിനെതിരെ മാറാന്‍ ചേമ്പ് ഔഷധമായി ഉപയോഗിക്കാമെന്ന് ആയുര്‍വേദം പറയുന്നു.  എത്ര മണ്ണ് കൂട്ടിക്കൊടുത്താലും കിഴങ്ങ് മുകളില്‍ വരും. 

കരിന്താള്‍

വന്യയിനം ചേമ്പാണിത്. കാഴ്ചയ്ക്ക് കറുത്ത ചേമ്പിന്റെ തണ്ടിനോടും ഇലയോടും സാദൃശ്യമുണ്ട്. തള്ളചേമ്പില്‍ നിന്നും വള്ളിപോലെ നീണ്ടുവരുന്നതിന്റെ തല ഭാഗത്താണ് വിത്ത്‌ചേമ്പ് രൂപം കൊള്ളുന്നത്. ഏറെ ഔഷധഗുണമുള്ളതാണ് ഇതിന്റെ കിഴങ്ങും തണ്ടും തളിരിലയും. വിരിയാത്ത ഇലയോട് കൂടിയ ഇളംതണ്ട് പുളിയിട്ട് കറിവെക്കുന്നു. വിത്ത് ചേമ്പ് തിളപ്പിച്ച് ഊറ്റി പുറംതൊലി കളഞ്ഞ് വീണ്ടും വെള്ളത്തിലിട്ട് തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുമ്പോള്‍ ചൊറിച്ചില്‍ കുറയുന്നു. 

ചേമ്പിലെ ഔഷധ ഗുണങ്ങള്‍

ധാതുലവണങ്ങളാലും ജൈവസംയുക്തങ്ങളാലും സമ്പന്നമാണ് ചേമ്പ്. കിഴങ്ങും തണ്ടും ഇലയും ഭക്ഷിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി ലഭിക്കും. വൈറ്റമിന്‍ 'എ'  ധാരാളമായി അടങ്ങിയ ചേമ്പിന്‍ താള്‍ ഭക്ഷിക്കുന്നത് അന്ധത മാറുന്നതിനും കാന്‍സറിനെ പ്രതിരോധിക്കുന്നതിനും നല്ലതാണ്.

(കടപ്പാട്: നല്ല ഭൂമി)