മാലിന്യസംസ്‌കരണമാണോ നിങ്ങളുടെ തലവേദന? വീട്ടമ്മമാര്‍ക്ക് ഭക്ഷണാവശിഷ്ടങ്ങളും മറ്റു ദുര്‍ഗന്ധം പരത്തുന്ന മാലിന്യങ്ങളും നശിപ്പിക്കാന്‍ ചെലവ് കുറഞ്ഞ രീതിയില്‍ ഒരു നൂതന മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഏലൂര്‍ സ്വദേശി സന്തോഷ്.ആര്‍.മേനോന്‍. വീട്ടിനുള്ളിലോ പുറത്തോ എവിടെ വേണമെങ്കിലും ഈ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാമെന്നതാണ് പ്രത്യേകത. നിങ്ങളുടെ ആവശ്യാനുസരണം വിവിധ അളവിലും മാതൃകയിലുമുള്ള പ്ലാന്റുകള്‍ സന്തോഷ് നിര്‍മിച്ചു നല്‍കും.

സന്തോഷിന്റെ കണ്ടെത്തലുകള്‍ക്ക് സംസ്ഥാന, ദേശീയ സര്‍ക്കാര്‍ ഏജന്‍സികളുടെ അവാര്‍ഡും അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ ഔദ്യോഗിക ബയോഗ്യാസ് നിര്‍മാണ പരിശീനത്തിന്റെ ഭാഗമായി ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

അനിറോബിക് ഫെഡ്ബാച്ച് കള്‍ച്ചര്‍ എന്ന സാങ്കേതിക വിദ്യയാണ് സന്തോഷ് ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഇതിന് ചില പ്രത്യേകതകളൊക്കെയുണ്ട്. ഭക്ഷണ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനും സ്ലറി പുറന്തള്ളുന്നതിനുമുള്ള ശാസ്ത്രീയമായി ഘടിപ്പിച്ച ഏകജാലക ബയോഗ്യാസ് ബയോഡൈജസ്‌ററര്‍ ടാങ്കാണ് ഇതിലുള്ളത്. അതിനോടൊപ്പം തന്നെ മതിലിലോ ടെറസ്സിലോ ഘടിപ്പിക്കാവുന്ന ഈടുറ്റ പോളിമര്‍ ബയോഗ്യാസ് ഹോള്‍ഡറും ഉരുക്കുകട്ടയില്‍ തീര്‍ത്ത ബയോഗ്യാസ് ചൂളയും ഇതില്‍ അടങ്ങിയിട്ടുണ്ട്. 

'ഞാന്‍ കേരളത്തിലല്ല ജനിച്ചുവളര്‍ന്നത്.ഗുജറാത്തിലാണ്. ഒരു മൈനിങ്ങ് കമ്പനിയിലായിരുന്നു അവസാനം ജോലി ചെയ്തിരുന്നത്. പിന്നീട് ആ ജോലി ഉപേക്ഷിച്ച് കൊച്ചിയിലേക്ക് വന്നു. അപ്പോഴാണ് മാലിന്യ സംസ്‌കരണം ഒരു പ്രധാന പ്രശ്നമായി തോന്നിയത്.  'ഫ്രൂഗല്‍ ഇന്നൊവേഷന്‍'  സാങ്കേതിക വിദ്യ ഉപയോഗിച്ച് പാവപ്പെട്ട ജനങ്ങള്‍ക്കുകൂടി താങ്ങാന്‍ കഴിയുന്ന തരത്തിലുള്ള ഒരു ബയോഗ്യാസ് പ്ലാന്റ് ഉണ്ടാക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്. 'അപ്രോപ്രിയേറ്റ് ടെക്നോളജി'  അഥവാ നാട്ടുകാര്‍ക്ക് അനുയോജ്യമായ സാങ്കേതിക വിദ്യയാണ് ഇവിടെ പ്രയോജനപ്പെടുത്തിയത്.' സന്തോഷ് തന്റെ കണ്ടെത്തലിനെ കുറിച്ച് വ്യക്തമാക്കുന്നു

 

Biogas

5600 രൂപ മുതല്‍ 9800 രൂപ വരെ വില വരുന്ന വിവിധ ബയോഗ്യാസ് പ്ലാന്റുകളാണ് സന്തോഷ് നിര്‍മിച്ചിരിക്കുന്നത്. ഇവ വളരെ പരിമിതമായ സ്ഥലത്ത് സ്ഥാപിക്കാന്‍ കഴിയുമെന്ന് സന്തോഷ് പറയുന്നു. ഈ സാങ്കേതിക വിദ്യയ്ക്ക് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ഔദ്യോഗിക പുരസ്‌കാരം ലഭിച്ചതാണ്.

കേന്ദ്രസര്‍ക്കാരിന്റെ ബയോഗ്യാസ് ഡെവലപ്പിങ്ങ് ആന്റ് ടെസ്റ്റിങ്ങ് സെന്റര്‍, സി.ഇ.റ്റി  എന്നീ സ്ഥാപനങ്ങളില്‍ നിന്നും വിവിധ റിപ്പോര്‍ട്ട് ലഭിച്ചതാണ് ഈ പ്ലാന്റ്. കൂടാതെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയേഴ്‌സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനിയേഴ്‌സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനിയേഴ്‌സ്, ദി സൊസൈറ്റി ഓഫ് ബയോടെക്നോളജി ഓഫ് ഇന്ത്യ എന്നിവയില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളതാണ്.

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്റസ്ട്രിയല്‍ റിസര്‍ച്ചിന്റെ വിഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍-ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്‌നോളജിയുടെ സുരക്ഷ, ശുചിത്വം എന്നീ സംവിധാനങ്ങള്‍ക്കുമുള്ള അംഗീകൃത റിപ്പോര്‍ട്ടും  ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്.

കേരള സംസ്ഥാന സര്‍ക്കാരിന്റെ ലബോറട്ടറിയില്‍ നിന്നും വിവിധ റിപ്പോര്‍ട്ട്, ഗവേഷണ ഗ്രാന്റ്, സ്റ്റാര്‍ട്ട്-അപ്പ് ഫണ്ട് എന്നിവ ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ശുചിത്വ മിഷന്‍ അംഗീകൃത സേവന ദാതാവ്, കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം കണ്‍സര്‍വേഷന്‍-ഗ്രീന്‍ എനര്‍ജി എക്‌സ്‌റ്റേര്‍ണല്‍ ഫാക്കല്‍റ്റി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുകയാണ്  സന്തോഷ്.

 

biogas

പ്രകൃതി സൗഹൃദ കുടില്‍ വ്യവസായത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് സന്തോഷ് ഇപ്പോള്‍. ശബ്ദത്തിനും ജലത്തിനും വായുവിനും ഒരു രീതിയിലുമുള്ള മലിനീകരണമുണ്ടാക്കുന്നില്ലെന്നുള്ളത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. സംരംഭകന്റെ ടെറസ്സിനു മുകളിലോ, മിച്ചഭൂമിയിലോ ഉപഭോഗ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നത് വഴി മാലിന്യത്തില്‍ നിന്ന് നിര്‍മാര്‍ജനം സാധ്യമാക്കാം. വാര്‍ഡ് അടിസ്ഥാനത്തില്‍ ചുരുങ്ങിയത് 5 പേര്‍ക്കെങ്കിലും ഈ പദ്ധതി അനുസരിച്ച് തൊഴില്‍ നല്‍കാനാകുമെന്നാണ് കരുതുന്നത്. 

ഊര്‍ജസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍  സന്തോഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Contact number: 88913 39563