കൃഷിയും ബേബി ഡയപ്പറും തമ്മിലെന്ത്? കടലും കടലാടിയും പോലെ തോന്നുന്നില്ലേ? എന്നാല്‍ കേട്ടോളു. നിങ്ങളുടെ പച്ചക്കറികളേയും പൂച്ചെടികളേയും ഉണക്കില്‍ നിന്ന് രക്ഷിക്കാനും കുറഞ്ഞ വെള്ളം കൊണ്ട് കൂടുതല്‍ ദിവസം ഈര്‍പ്പം നിലനിര്‍ത്താനും ഈ ഡയപ്പറിന് കഴിയും.

എന്താണിതിന്റെ രഹസ്യം

ബേബി ഡയപ്പറുകള്‍ പൊട്ടിക്കുമ്പോള്‍ അതിനുള്ളില്‍ കാണുന്ന വെളുത്തപൊടി ഒരു പോളിമര്‍ ആണ്. അതിന്റെ ഭാരത്തിന്റെ 800 ഇരട്ടി വരെ വെള്ളം വലിച്ചെടുക്കാന്‍ അതിന് സാധിക്കും. സോഡിയം പോളി അക്രിലേറ്റ് എന്നാണിതിന്റെ രാസനാമം.

ചട്ടികളിലും ചാക്കുകളിലും ഗ്രോബാഗുകളിലും വേനല്‍ക്കാലത്ത് കൃഷി ചെയ്യാനൊരുങ്ങുമ്പോള്‍ മുകള്‍ഭാഗത്ത് 2 ടീസ്പൂണ്‍ പോളിമര്‍ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കി വിത്തുകളോ തൈകളോ നടാം. നമ്മള്‍ ഒഴിക്കുന്ന കുറച്ച് വെള്ളം മണ്ണിന്റെ ഉപരിതലത്തില്‍ തന്നെ തങ്ങി നിന്ന് ചെടികള്‍ ഉഷാറായി വളരുന്നത് കാണാം.

മരുഭൂമികളിലും മറ്റും വനവല്‍ക്കരണം നടത്താനായി ആസ്‌ട്രേലിയ പോലെയുള്ള രാജ്യങ്ങള്‍ ഈ ടെക്‌നോളജി പ്രയോജനപ്പെടുത്തുന്നു. ഹൈഡ്രോജെല്‍ അഗ്രിക്കള്‍ച്ചര്‍ എന്ന് ഇത് അറിയപ്പെടുന്നു. 

ഉപയോഗിച്ച ബേബി ഡയപ്പറുകള്‍ വൃത്തിയാക്കി വേണമെങ്കിലും ഈ പോളിമര്‍ ഉപയോഗിക്കാവുന്നതാണ്.