മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്ന നല്ല ജൈവവളവും പോഷകഗുണമുള്ള കാലിത്തീറ്റയുമാണ് അസോള. കര്‍ഷകര്‍ ഏറെ ഫലപ്രദമാണെന്ന് സാക്ഷ്യപ്പെടുത്തിയ അസോള ഉപയോഗിച്ച് കാലിത്തീറ്റയും കോഴിത്തീറ്റയും ഉണ്ടാക്കാം. ബയോഗ്യാസ് ഉത്പാദനത്തിനും ഇത് ഉപകരിക്കുന്നുവെന്ന് നമുക്കറിയാം.

മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാലയിലെ ആനിമല്‍ ഹസ്ബന്ററി വിഭാഗത്തിലെ സബ്ജക്റ്റ് മാറ്റര്‍ സ്‌പെഷലിസ്റ്റായ ഡോ.പാര്‍വതി ഇവിടെ  അസോള തയ്യാറാക്കുന്ന വിധം കര്‍ഷകര്‍ക്കായി കാണിച്ചുതരുന്നു.

ഭാഗികമായി തണലുള്ള സ്ഥലമായിരിക്കണം അസോള വളര്‍ത്താന്‍ തെരഞ്ഞെടുക്കേണ്ടത്. ക്ലോറിനേറ്റഡ് അല്ലാത്ത ശുദ്ധജലമായിരിക്കണം വേണ്ടതെന്ന് ഡോ. പാര്‍വതി ഓര്‍മപ്പെടുത്തുന്നു. 

ഇതിനായി 20 സെ.മീ വരെ വെള്ളം നിറച്ച ടാങ്കില്‍ 25 കിലോഗ്രാം വളക്കൂറുള്ള മണ്ണും ഏതാണ്ട് മൂന്ന് ദിവസം പഴക്കമുള്ള 5 കി.ഗ്രാം ചാണകവും ഒരുമിച്ച് ചേര്‍ക്കണം. ഇപ്രകാരം തയ്യാറാക്കിയ ടാങ്കില്‍  വിത്തുകള്‍ വിതച്ചാല്‍ രണ്ട് ആഴ്ച കൊണ്ട്  അസോള നിറയും. 

ഇപ്രകാരം തയ്യാറാക്കുന്ന ടാങ്കില്‍ നിന്ന് ഒരു ദിവസം 1 കിലോ അസോള കര്‍ഷകര്‍ക്ക് ലഭിക്കും.

വേനല്‍ക്കാലത്ത് പശുവിന്റെ പാലുത്പാദനം കുറയാതെ സഹായിക്കുന്നു

കന്നുകാലികള്‍ക്ക് നല്‍കുന്ന സാന്ദ്രീകൃതാഹാരത്തിന്റെ അളവ് കുറയ്ക്കാനും അതുവഴി 20-25% വരെ കാലിത്തീറ്റ വാങ്ങുന്നതുകൊണ്ടുള്ള നഷ്ടം പരിഹരിക്കാനും കഴിയുന്നു. കറവപ്പശുക്കള്‍ക്ക്‌ അസോള നല്‍കുന്നതു മൂലം 10-20% വരെ പാല്‍ വര്‍ദ്ധനവിന് സഹായിക്കുന്നു. 

ഉത്പാദിപ്പിക്കുന്ന 4 ലിറ്റര്‍ പാലിന്  ഒരു കിലോ അസോള എന്ന തോതില്‍ തീറ്റപ്പുല്ലുമായി കലര്‍ത്തി നല്‍കാം. ഉപയോഗിക്കുന്നതിന് മുന്‍പ് ശുദ്ധജലത്തില്‍ കഴുകി എടുക്കണം. വേനല്‍ക്കാലത്ത് പശുവിന്റെ പാല്‍ ഉത്പാദനം കുറയാതിരിക്കാന്‍ അസോള തീറ്റയായി നല്‍കുന്നതു വഴി കഴിയുന്നു.

കോഴിമുട്ടയുടെ വലിപ്പം കൂടുന്നു

കോഴി,താറാവ്,പന്നി,ആട്,മുയല്‍ എന്നിവയ്ക്കും അസോള പോഷകഗുണം നിറഞ്ഞ ഭക്ഷണം തന്നെയാണ്. മുട്ടക്കോഴികളില്‍ അസോള നല്‍കുന്നതു വഴി മുട്ടയുടെ വലിപ്പം കൂടുന്നതായും മഞ്ഞക്കരുവിന്റെ നിറം വര്‍ദ്ധിക്കുന്നതായും തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ പഠനത്തില്‍ കണ്ടെത്തി. 

തീറ്റയുടെ ചെലവ് 25% വരെ കുറയ്ക്കാനും കഴിഞ്ഞു. ബ്രോയിലര്‍ കോഴി ആണെങ്കില്‍ തീറ്റയുടെ 5% വരെ അസോള നല്‍കാന്‍ സാധിക്കും. 

പന്നികള്‍ക്ക് ദിനംപ്രതി 1-1.5 കിലോയും ആടുകള്‍ക്ക് 250-500 ഗ്രാമും മുയലിന് 100-500 ഗ്രാം വരെയും അസോള നല്‍കാന്‍ കഴിയും.