വയനാട്, വേങ്ങപ്പള്ളി, തെക്കുംതറയിലുള്ള ശശീന്ദ്രന്റെ വീട്ടുവളപ്പില്‍ വിളയുന്നത് ഗിഫ്റ്റ് തിലാപ്പിയ, ഗ്രാസ് കാര്‍പ്പ്, കട്‌ല തുടങ്ങിയ ശുദ്ധജലമത്സ്യങ്ങളാണ്. പതിനഞ്ചു വര്‍ഷംമുമ്പ് തുടങ്ങിയ മത്സ്യപരിപാലനസംരംഭം ഇപ്പോള്‍ മറ്റു കര്‍ഷകര്‍ക്ക് പ്രായോഗിക പാഠശാലയായി മാറിക്കഴിഞ്ഞു.

മൂന്നേക്കര്‍ വിസ്തൃതിയിലുള്ള പറമ്പില്‍ രണ്ടേക്കര്‍ നിറയെ കുളങ്ങളാണ്. പന്ത്രണ്ട് കുളങ്ങള്‍ക്കും മീതെ വലയിട്ട് പക്ഷികളില്‍നിന്നു സംരക്ഷണമൊരുക്കിയിരിക്കുന്നു. ഇവയിലാണ് മത്സ്യപരിപാലനം. 'ഗിഫ്റ്റ് തിലാപ്പിയ' എന്നയിനത്തെയാണ് കൂടുതല്‍ വളര്‍ത്തുന്നത്. ഒരേക്കറില്‍ ഇതിന്റെ അയ്യായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ പരിപാലിക്കുന്നു. ഗിഫ്റ്റ് തിലാപ്പിയ ആറുമാസംകൊണ്ട് അരകിലോഗ്രാമും ഒരു വര്‍ഷംകൊണ്ട് ഒരു കിലോഗ്രാമും ഭാരംവെയ്ക്കും. രോഗപ്രതിരോധശേഷി കൂടുതലാണെന്നതും കരിമീനിനോളമോ അതിലേറെയോ രുചികരമാണെന്നതും ഇതിന്റെ സവിശേഷതയാണ്.

ഗിഫ്റ്റ് തിലാപ്പിയയ്ക്കു പുറമേ രോഹു, കട്‌ല, ഗ്രാസ് കാര്‍പ്പ്, ചെമ്പല്ലി എന്നീ മത്സ്യങ്ങളെയും ശശീന്ദ്രന്‍ വളര്‍ത്തുന്നുണ്ട്. ഇവയും ഒരു വര്‍ഷംകൊണ്ട് ഒരു കിലോഗ്രാമോളം ഭാരമെത്തും. രണ്ടേക്കറിലുള്ള കുളങ്ങളില്‍ ദിവസവും ഒരു ചാക്ക് തീറ്റയാണ് നല്‍കുന്നത്. 'മത്സ്യകൃഷി വികസന ഏജന്‍സിയുടെ'    (എ.ഡി.എ.കെ.) തീറ്റ മെച്ചമാണെന്നാണ് ശശീന്ദ്രന്റെ നിരീക്ഷണം. ഒരു വര്‍ഷം നാലു ടണ്‍ മത്സ്യം വിളവെടുക്കാനാവുന്നുണ്ട്. കിലോഗ്രാമിന് 400 രൂപ നിരക്കില്‍ ഇതു വിറ്റഴിക്കുന്നു. ഹോട്ടലുടമകളും റിസോട്ടുടമകളും കൃഷിയിടത്തില്‍ നേരിട്ടെത്തി മത്സ്യം വാങ്ങുന്നുണ്ട്. മത്സ്യം വാങ്ങാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് ടാങ്കില്‍നിന്ന് മത്സ്യം തിരഞ്ഞെടുത്തു വാങ്ങുന്നതിനുള്ള സംവിധാനവും ശശീന്ദ്രന്‍ ഒരുക്കിയിട്ടുണ്ട്.

അലങ്കാരമത്സ്യപരിപാലനമാണ് ശശീന്ദ്രന് ആദായംനല്‍കുന്ന മറ്റൊരു മേഖല. സമ്മിശ്രവിളകള്‍ വളരുന്ന പറമ്പില്‍ ചെറുകുളങ്ങളും ചാലുകളുമുണ്ടാക്കി അവയില്‍ ജയന്റ് ഗൗരാമി, കോയികാര്‍പ്പ്, ഗപ്പി, സക്കര്‍, ചൈനീസ് കോയി, ജപ്പാനീസ് കോയി തുടങ്ങി എട്ടിനം അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നു. ഇവയുടെ പ്രജനനയൂണിറ്റുകളാണ് ഈ കുളങ്ങള്‍. മത്സ്യക്കുഞ്ഞുങ്ങളെ കോഴിക്കോട്ടുള്ള അക്വേറിയങ്ങള്‍ക്ക് വിറ്റഴിക്കുന്നു. ജോടിക്ക് 5000 രൂപവരെ വിലയുള്ള മത്സ്യങ്ങള്‍ ശശീന്ദ്രന്റെ പക്കലുണ്ട്. 

പറമ്പില്‍ നാനൂറോളം ഔഷധസസ്യയിനങ്ങള്‍ തെങ്ങുകള്‍ക്കും കവുങ്ങുകള്‍ക്കുമിടയില്‍ വളരുന്നു. ഗിര്‍, കാസര്‍കോട്, വെച്ചൂര്‍ ഇനം പശുക്കള്‍, അരയന്നം, ഗിനിക്കോഴി, താറാവ്, കോഴികള്‍ എന്നിവ ഈ കൃഷിയിടത്തിലെ അന്തരീക്ഷം ഊര്‍ജസ്വലമാക്കുന്നു. ഒപ്പം പാലും മുട്ടയും കുഞ്ഞുങ്ങളുമൊക്കെ വില്‍ക്കാനാവുന്നതിലൂടെ അധികവരുമാനവും. 

അമ്മ തങ്കവും ഭാര്യ ഉഷയും മകള്‍ ഷീഷ്മയുമൊക്കെ ശശീന്ദ്രനൊപ്പം തോട്ടത്തിന്റെ ദൈനംദിന പരിപാലനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.