നമ്മുടെ പച്ചക്കറികളെയെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ബാധിക്കുന്ന കീടമാണ് കായീച്ചകള്‍. ചെടികള്‍ നന്നായി വളര്‍ന്നു പൂത്ത് കായപിടിക്കാറാകുമ്പോഴാണ് കായീച്ചയുടെ ശല്യം ആരംഭിക്കുക. വെള്ളരി വര്‍ഗവിളകളുടെ, പടവലം, കൈപ്പ, വെള്ളരി, മത്തന്‍ എന്നിവയുടെ പ്രധാന കീടമാണ് കായീച്ച. പെണ്‍പൂക്കളില്‍ കായ പിടിച്ചുതുടങ്ങുന്ന സമയത്ത് മുട്ടയിട്ട് പെരുകുന്ന ഇവ കായുടെ നീര് ഊറ്റിക്കുടിച്ച് കായകളെ ശുഷ്‌കമാക്കുന്നു. മാത്രമല്ല തങ്ങളുടെ മുട്ടകള്‍ നിക്ഷേപിക്കുകയും ചെയ്യും. ആനിമാലിയ സാമ്രാജ്യത്തില്‍ ടെഫ്രിറ്റിഡേ കുടുംബത്തിലെ അംഗമായ കായീച്ചയുടെ ശാസ്ത്രനാമം ബാക്ട്രോസെറ കുക്യുര്‍ബിറ്റേ എന്നാണ്. രാസകീടനാശിനികള്‍ ഉപയോഗിച്ച് നശിപ്പിച്ചുകളയാം. എന്നാല്‍ ജൈവരീതിയില്‍ പരമ്പരാഗതമായി കെണിയൊരുക്കിയാണ് ഇതിനെ ഇല്ലാതാക്കുക.

1 പഴക്കെണി

മൈസൂര്‍പ്പൂവന്‍ എന്നും പാളയംകോടന്‍ എന്നും അറിയപ്പെടുന്ന പഴമാണ് പഴക്കെണിക്ക് ഉപയോഗിക്കുന്നത്. തൊലി കളയാതെ നാലഞ്ചുകഷണമാക്കിയെടുത്ത പഴത്തിന്റെ മുറിഭാഗത്ത് തരി രൂപത്തിലുള്ള (ഫ്യുഡറാന്‍) കീടനാശിനിയില്‍ മുക്കിയശേഷം ചിരട്ടകൊണ്ട് ഉറികെട്ടി പടവല, കയ്പ പന്തലില്‍ ചെറു കായകള്‍ തൂങ്ങുന്നയത്രയും മാത്രം താഴ്ത്തിത്തൂക്കിയിടണം. വിഷലിപ്തമായ പഴത്തിന്റെ നീര് ഊറ്റിക്കുടിച്ച് കായീച്ചകള്‍ ചത്തൊടുങ്ങും. അങ്ങനെ ചെറുകായകള്‍ നാശത്തില്‍ നിന്ന് രക്ഷപ്പെടും.

2. തുളസിക്കെണി

ഒരുപിടി തുളസിയിലകള്‍ ചതച്ചെടുത്തതിന്‌ ശേഷം അതിലേക്ക് കുറച്ച് ശര്‍ക്കരപ്പൊടി കലര്‍ത്തുക. അതില്‍ ഒരു നുള്ള് രാസവിഷവസ്തു ചേര്‍ത്തതിന് ശേഷം ചിരട്ടകൊണ്ട് ഉറിയുണ്ടാക്കി തൂക്കിയിടുക. കുറച്ച് വെള്ളം ചേര്‍ത്താല്‍ തുളസിയില പെട്ടെന്ന് ഉണങ്ങിപ്പോകില്ല. ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്ന കായീച്ചകള്‍ തുളസിയിലച്ചാറ് കഴിച്ച് നശിക്കും.

vegetable

3. മഞ്ഞക്കെണി

പന്തലിനോട് ചേര്‍ന്ന് മഞ്ഞനിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റ് കെട്ടിവെച്ചതിന് ശേഷം അതില്‍ ആവണക്കെണ്ണയോ ഗ്രീസോ പുരട്ടിയിടുക. മഞ്ഞനിറം കണ്ട് പൂവാണെന്ന് വിചാരിച്ച് വരുന്ന പ്രാണികള്‍ ഗ്രീസിലോ ആവണക്കെണ്ണയിലോ പറ്റിപ്പിടിച്ച് നശിച്ചുകൊള്ളും.

4. തേങ്ങാവെള്ളക്കെണി

തേങ്ങാവെള്ളം ശേഖരിച്ച് രണ്ടുദിവസം പുളിപ്പിച്ചതിന് ശേഷം അതില്‍ രണ്ടുതരി യീസ്റ്റ് ചേര്‍ക്കുക. ചിരട്ടക്കെണിയില്‍ ചിരട്ടയുടെ പകുതിഭാഗം മാത്രം ഇത് നിറച്ചതിന് ശേഷം തരി രൂപത്തിലുള്ള കീടനാശിനി ഇട്ട് ഇളക്കുക. അതിനുമുകളില്‍ ഒരു ചെറിയ കഷ്ണം ഓലക്കണ്ണിയിട്ടുവെക്കുക പ്രാണികള്‍ ഓലക്കണ്ണിയുടെ മീതെയിരുന്ന് വിഷം കലര്‍ന്ന വെള്ളം കുടിച്ച് ചാകും.

5. മീന്‍കെണി

ഒരു ചിരട്ടക്കെണിയില്‍ അല്പം ഉണക്കമിന്‍ പൊടിച്ചത് ഇട്ട് നനയ്ക്കുക. ഇതില്‍ തരി രൂപത്തിലുള്ള വിഷം കലര്‍ത്തുക. ഇത് ഒരു പ്ലാസ്റ്റിക് കൂടില്‍ ഇറക്കി പന്തലില്‍ കെട്ടിയിടുകയോ വെള്ളരിത്തടത്തില്‍ വെക്കുകയോ ചെയ്യുക. പ്രാണികള്‍ക്ക് കയറാന്‍ ചെറിയദ്വാരങ്ങള്‍ ഇടണം. അതിലൂടെ പ്രാണികള്‍ കയറി വിഷം കലര്‍ന്ന വെള്ളം കുടിച്ച് ചാകും.

6. കഞ്ഞിവെള്ളക്കെണി 

ഒരു ചിരട്ടക്കെണിയുടെ പകുതി കഞ്ഞിവെള്ളം നിറച്ച് അതില്‍ അല്പം ശര്‍ക്കര ചേര്‍ത്തിനുശേഷം അതില്‍ രണ്ടുതരി യീസ്റ്റും നാലഞ്ചുതരി വിഷവസ്തുക്കളും ചേര്‍ക്കുക. അതിനു മുകളില്‍ ഒരു ഓലക്കണ്ണി ചീന്തിവെക്കുക.  പ്രാണികള്‍ ഓലക്കണ്ണിയുടെ മീതെയിരുന്ന് വിഷം കലര്‍ന്ന വെള്ളം കുടിച്ച് ചാകും.

7. ഫിറമോണ്‍ കെണി

എതിര്‍ ലിംഗത്തില്‍പ്പെട്ട ജീവിയെ ആകര്‍ഷിച്ച് ഇണചേരാന്‍ ഒരു ജീവി തന്റെ സ്വന്തം ശരീരത്തില്‍ നിന്ന്  പുറപ്പെടുവിക്കുന്ന രാസവസ്തുക്കളാണ് ഫിറമോണുകള്‍ ഇത് കൃത്രിമമായി ഉത്പാദിപ്പിച്ച് കെണിയൊരുക്കി പ്രാണികളെ ആകര്‍ഷിച്ച് നശിപ്പിക്കാം. ഇതാണ് കീടനാശിനി തളിക്കാതെ കായീച്ചയെയും പഴയീച്ചയെയും മെരുക്കാനുള്ള മാര്‍ഗം എന്താ ഒന്നു പരീക്ഷിച്ചുകൂടെ.

pramodpurath@gmail.com