പാടവരമ്പത്തും ബണ്ടിന്റെ തീരത്തുമൊക്കെ പച്ചക്കറികള്‍ വിളഞ്ഞു നിന്നാല്‍ ആരെങ്കിലും പറിച്ചുകൊണ്ടു പോകില്ലേ?എന്നാല്‍,  വെള്ളവും വളവും പരിചരണവുമില്ലാതെ വളരുന്ന പച്ചക്കറികള്‍  പുല്ലഴിയിലെ ആലാട്ട് ചന്ദ്രന്റേതാണെന്ന് നാട്ടുകാര്‍ക്കറിയാം. ഈ പ്രകൃതി കൃഷിയുടെ പ്രത്യേകത അറിയുന്ന നാട്ടുകാര്‍ മേല്‍വിലാസക്കാരനോട് ചോദിക്കാതെ ഒന്നും ചെയ്യാറില്ലെന്നു മാത്രമല്ല; കൃഷിയുടെ സംരക്ഷകര്‍ കൂടിയായി മാറുന്നു.

തുറസായി കിടക്കുന്ന ഒരിഞ്ച് ഭൂമി കണ്ടാല്‍പ്പോലും എന്തെങ്കിലുമൊരു പച്ചക്കറി വിത്ത് വിതച്ചിട്ടുപോകുന്ന ഈ മനുഷ്യന്‍ തന്റെ 'സീറോ ബഡ്ജറ്റ്' കൃഷിയിലൂടെ കാര്‍ഷിക രംഗത്ത് നല്ലൊരു മാതൃകയാണ് കാണിച്ചു തരുന്നത്.

16 വര്‍ഷത്തിലേറെയായി വീട്ടുവളപ്പിലും തരിശായി കിടക്കുന്ന പ്രദേശങ്ങളിലും സമീപത്തെ സ്‌കൂളുകളിലുമെല്ലാം പച്ചക്കറികളും പൂച്ചെടികളും നട്ടുവളര്‍ത്തുന്ന ചന്ദ്രന്റെ സഹായത്തോടെ ഉപയോഗശൂന്യമായി കിടക്കുന്ന മണ്ണില്‍ പൊന്നു വിളയിക്കുന്ന കഥയാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്. 

AGRICULTURE

തൃശൂരിലെ ലൂസിയ പാലസ് ഹോട്ടലിലെ ജീവനക്കാരനായ ചന്ദ്രന് പാഴാക്കാന്‍ ഒട്ടും സമയമില്ല. രാവിലെയും വൈകുന്നേരവും ഒഴിവു സമയങ്ങളിലും കര്‍ഷകന്റെ വേഷമണിയുന്ന ചന്ദ്രന്‍ തൃശൂര്‍ ജില്ലയിലെ പല സ്ഥലങ്ങളിലും കര്‍ഷകര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

മികച്ച കര്‍ഷകനുള്ള ആത്മ അവാര്‍ഡ്, തൃശൂര്‍ കോര്‍പ്പറേഷന്‍ നല്‍കിയ അവാര്‍ഡ്, പുല്ലഴി കോള്‍പടവ് കമ്മിറ്റിയുടെ അവാര്‍ഡ്, പുതൂര്‍ക്കര സാംസ്‌കാരിക കലാവേദിയുടെ അവാര്‍ഡ് എന്നിവ ഈ കര്‍ഷകന് ലഭിച്ചിട്ടുണ്ട്. 

ചന്ദ്രന്റെ കൃഷിയെ മറ്റുള്ളവരുടെ കൃഷിരീതിയില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന ഒരു പ്രത്യേകതയുണ്ട്. വെറുതെ പച്ചക്കറികള്‍ നട്ടുവളര്‍ത്തുകയല്ല. തരിശായിക്കിടക്കുന്ന സ്ഥലം കണ്ടാല്‍ ആദ്യം പൂച്ചെടികളുടെ വിത്ത് വിതയ്ക്കും. പിന്നീട് അവയ്ക്കിടയില്‍ പച്ചക്കറി വിത്ത് വിതയ്ക്കും. വെണ്ട, വഴുതന എന്നിവയെല്ലാം ഒരുമിച്ചുതന്നെ വളരും. നഷ്ടപ്പെട്ടു പോകുന്നത് പോകട്ടെ. എന്നാലും ആര്‍ക്കും വേണ്ടാതെ കിടക്കുന്ന സ്ഥലങ്ങളില്‍ നിന്നല്ലേ ഒരു പരിചരണവുമില്ലാതെ നാട്ടുകാര്‍ക്ക് ആവശ്യമുള്ള പച്ചക്കറികള്‍ കിട്ടുന്നത്. 

AGRI

' പാവയ്ക്ക, പീച്ചിങ്ങ,വെള്ളരി എന്നിവയ്‌ക്കൊന്നും പ്രത്യേക പരിചരണം ആവശ്യമില്ല. ഞാന്‍ രാസവളവും ജൈവവളവും ഇവിടെ പ്രയോഗിക്കാറില്ല. നൂറ് ശതമാനം പ്രകൃതി കൃഷിയാണ്. പ്രകൃതിയിലെ ജീവികള്‍ വഴി പരാഗണം നടക്കുന്നു.' ചന്ദ്രന്‍ തന്റെ കൃഷിയെക്കുറിച്ച് പറയുകയാണ്.

അടുത്തവീട്ടിലുള്ളവരാണ് പച്ചക്കറികള്‍ ആദ്യം വാങ്ങിക്കൊണ്ടു പോകുന്നത്. പിന്നീട് അവരില്‍ നിന്ന് കേട്ടറിഞ്ഞ് പലരും വരും. ചന്ദ്രന് ഒരിക്കലും വിപണി തേടി അലയേണ്ടി വന്നിട്ടില്ല. 'ഒരു സീസണിലും ഒരു സാധനവും ഞാന്‍ പുറത്തു നിന്ന് വാങ്ങാറില്ല. ഏത് സീസണിലും എല്ലാത്തരം പച്ചക്കറികളും ഇവിടെ വിളയുന്നുണ്ട്. ഇവയില്‍ നിന്ന് ഗുണമേന്മയുള്ള വിത്തുകള്‍ കണ്ടെത്തി വീണ്ടും കൃഷിചെയ്യാനായി മാറ്റിവെക്കാറുണ്ട്.'

അയ്യന്തോള്‍ ഗവ.യു.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഈ കര്‍ഷകന്‍ സുപരിചിതനാണ്. ഈ വര്‍ഷം ഓണാഘോഷത്തിനുള്ള പച്ചക്കറികള്‍ സ്്കൂളില്‍ നിന്നുതന്നെ വിളവെടുത്തത് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു. ' കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ചന്ദ്രന്‍ ഇവിടെ വരാറുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം തക്കാളി, വഴുതന,കോളിഫ്‌ളവര്‍ എന്നിവയെല്ലാം സ്‌കൂളില്‍ കൃഷി ചെയ്തു.ഞങ്ങള്‍ വിളയിച്ച പച്ചക്കറികള്‍  മാതൃഭൂമിയുടെ നന്‍മ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍ദ്ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് നല്‍കുകയുണ്ടായി. ഓണത്തിന് ഒരു മുറം പച്ചക്കറി തന്നെ അവര്‍ക്ക് കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ' സ്‌കൂളിലെ പ്രധാനാധ്യാപിക ജയലക്ഷ്മി പറയുന്നു.

Agriculture

പ്രത്യേകിച്ച് ഒരു ലാഭവും തനിക്ക് ലഭിക്കാനില്ലെന്നറിഞ്ഞിട്ടും കുട്ടികള്‍ക്ക് കൃഷിപാഠങ്ങള്‍ പകര്‍ന്നു നല്‍കാനെത്തുന്ന ഈ കര്‍ഷകനെ ജയലക്ഷ്മി നന്ദിയോടെ ഓര്‍ക്കുന്നു, ' എത്ര തിരക്കുണ്ടെങ്കിലും ആഴ്ചയിലൊരിക്കല്‍ ,അല്ലെങ്കില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ചന്ദ്രന്‍ പച്ചക്കറികളെ പരിചരിക്കാന്‍ സ്‌കൂളിലെത്തും. സ്വയം കൃഷി ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ വിദ്യാര്‍ഥികളും മണ്ണിലേക്കിറങ്ങും. ചാണകം, ഗോമൂത്രം എന്നിവ മാത്രമാണ് ഇവിടെ വളമായി ഉപയോഗിക്കുന്നത്. 

കഴിഞ്ഞ വര്‍ഷത്തെ പരിസ്ഥിതി ദിനത്തില്‍ ഒളരി ഗവ.യു.പി സ്‌കൂളിലെത്തിയ ചന്ദ്രന്‍ കൃഷിയുടെ മാഹാത്മ്യത്തെക്കുറിച്ച് കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കുകയുണ്ടായി. ഈ സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്കും പറയാനുണ്ട്‌ ചില കാര്യങ്ങള്‍. ' ഒരു പ്രത്യേക രീതിയിലാണ് ചന്ദ്രന്‍ കൃഷി ചെയ്യുന്നത്. പച്ചക്കറിയുടെ ചുറ്റിലും അതിര്‍ത്തി പോലെ മാവിന്‍ തൈകള്‍,പപ്പായ എന്നിവയെല്ലാം വളര്‍ത്തും. മഞ്ഞപ്പൂക്കളുള്ള ചെടികള്‍ നട്ടുവളര്‍ത്തും. എല്ലാ വിഭാഗത്തിലുള്ള ചെടികളും ഉള്‍പ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്.  അതുപോലെ തന്നെ കൃഷിയിടത്തിലുള്ള പുല്ലുകള്‍ പറിച്ചുകളയുന്നില്ല. അതിന് പകരം അവയെല്ലാം പറിച്ച് ചെടികളുടെ ചുവട്ടില്‍ തന്നെയിട്ട് മണ്ണിട്ട് മൂടും. അവയെല്ലാം നല്ല പച്ചിലവളമാണെന്നാണ് അദ്ദേഹം പറയുന്നത്. ചെടികളുടെ ഇടയിലൂടെ വേരോടാനുള്ള അവസരവും കിട്ടുന്നു. സ്‌കൂളില്‍ 150 ലധികം ഔഷധച്ചെടികളും ശലഭോദ്യാനവുമുണ്ട്. '

തരിശുഭൂമിയില്‍ ഉടമ കൃഷിയിറക്കിയില്ലെങ്കില്‍ താത്പര്യമുള്ള വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ പഞ്ചായത്തുകള്‍ക്കോ കൃഷിയിറക്കാമെന്നതാണ് പുതിയ നിയമം. കേരളത്തില്‍ കൃഷി ചെയ്യാതെ 90,000 ഹെക്ടര്‍ പാടം തരിശിട്ടിരിക്കുന്നതായി മന്ത്രി സുനില്‍കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വയം കൃഷി ചെയ്യുന്നതോടൊപ്പം മറ്റുള്ളവരെയും മണ്ണിലേക്കിറങ്ങാന്‍ പ്രേരിപ്പിക്കുന്ന ചന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ ഈ അവസരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. കൂടുതല്‍ ആളുകള്‍ ഈ കൃഷിരീതിയിലേക്ക്  വരണമെന്നതാണ് ചന്ദ്രന്റെ ആഗ്രഹം.