ജൈവകൃഷിയുടെ വക്താക്കളാണ് ഈ മലയാളക്കര നിറയെ. അത് നല്ല കാര്യമാണ്. അതില്‍ എത്രപേര്‍ കൃത്യമായും കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് കൃഷിചെയ്യുന്നു എന്നകാര്യത്തില്‍ മാത്രമാണ് ആശങ്ക. ജൈവവളമെന്നും ജൈവകീടനാശിനിയുമെന്നും പറഞ്ഞ് തീരെ നിലവാരമില്ലാത്ത, കൂട്ട് ശരിയല്ലാത്ത ഉപയോഗശൂന്യമായ  പല വളങ്ങളും കീടനാശിനിയും വിറ്റഴിക്കുന്ന, അറിവില്ലാത്തവരെ പറ്റിക്കുന്ന ഒട്ടേറെ കള്ളനാണയങ്ങളും ഈ മേഖലയിലുണ്ടെന്നത് സങ്കടകരമായ വസ്തുതയാണ്. 

മലയാളികള്‍ക്ക് അടുത്തിടെ തോന്നിയ ജൈവകൃഷിയെന്ന ആശയത്തിന്റെയും പ്രയോഗത്തിന്റെയും കടയ്ക്കലാണ് ഇത്തരക്കാര്‍ കത്തിവെക്കുന്നത്.

ജൈവകൃഷിയുടെ പ്രധാന അടിസ്ഥാന ഘടകമായി എല്ലാവരും പ്രയോഗിക്കുന്ന വളവും കീടനാശിനിയുമാണ് വേപ്പിന്‍ പിണ്ണാക്ക്. ശരിക്കും വേപ്പിന്‍പിണ്ണാക്കെന്നത് ഒരു കീടനാശിനിയും മികച്ച ജൈവവളവും മാത്രമല്ല. ജൈവവിഘടനമാധ്യമവും ആണ്. വേപ്പിന്‍ കുരുവില്‍ നിന്ന് ചക്കിന്റെയോ എക്സ് പെല്ലറിന്റെയോ സഹായത്താല്‍ എണ്ണ വേര്‍തിരിച്ചു കഴിഞ്ഞതിനുശേഷം ബാക്കിവരുന്നതാണ് വേപ്പിന്‍ പിണ്ണാക്ക്. എത്ര ആധുനിക യന്ത്രം ഉപയോഗിച്ചാലും പിണ്ണാക്കില്‍ 10- 15 ശതമാനം എണ്ണ ബാക്കിനില്‍ക്കും.

ഇതില്‍ പ്രകൃതിജന്യ കീടനാശിനിയായ അസിഡിറാക്ടിന്‍, നിംബിന്‍ ,നിംബാസിന്‍  എന്നിങ്ങനെയുള്ളവ അടങ്ങിയിരിക്കും. കൂടാതെ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, ബോറോണ്‍ എന്നിവയും അടങ്ങിയിരിക്കും. അതിനാലാണ് ഇത് ജൈവവളവും ജൈവകീടനാശിനിയും ആയി ഉപയോഗിക്കപ്പെടുന്നത്. ഒരു സസ്യത്തിന് വളര്‍ന്നു വലിയതായി ഫലം തരണമെങ്കില്‍ 16 മൂലകങ്ങള്‍ അത്യാവശ്യമാണ്. അതില്‍ മിക്കതും വേപ്പിന്‍പിണ്ണാക്ക് പ്രദാനം ചെയ്യുന്നു. 

വേപ്പിന്‍കുരു ഉണക്കിപ്പൊടിച്ചതില്‍ നിന്ന് എണ്ണയെടുത്തതിന്റെ അവശിഷ്ടമാണ് പിണ്ണാക്ക്‌. എന്നാല്‍ ചിലര്‍ അതില്‍ അവശിഷ്ടമായിത്തള്ളുന്ന കുരുവിന്റെതോട് പൊടിച്ചതും ചേര്‍ത്ത്  തൂക്കം കൂട്ടുന്നു. അങ്ങനെ വേപ്പിന്‍ കുരുവിന്റെ തോട് പൊടിച്ചത് ചേര്‍ത്ത് വരുന്ന പിണ്ണാക്കിന് വില അല്പം കുറയുമെങ്കിലും അത് കേവലം വളത്തിന്റെ പ്രയോജനം മാത്രമേ ചെയ്യൂ. വേപ്പിന്‍കുരു ആട്ടിയെണ്ണയെടുത്തതിന് ശേഷം ലഭിക്കുന്ന പിണ്ണാക്കിന്റെ ഗുണം ചെയ്യാത്തത് വാങ്ങി കബളിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ട് വേപ്പിന്‍പിണ്ണാക്ക് വാങ്ങുമ്പോള്‍ ശരിക്കും ശ്രദ്ധിക്കണം. തോടുള്ള കുരുവില്‍ 100 കിലോയ്ക്ക് 60 കിലോയും തോടായിരിക്കും. 40 കിലോയാണ് പരിപ്പായിക്കിട്ടുക. 40 കിലോ പരിപ്പ് ആട്ടിക്കഴിഞ്ഞാല്‍ 15 കിലോ എണ്ണയും 25 കിലോ ശുദ്ധമായ വേപ്പിന്‍ പിണ്ണാക്കും കിട്ടും. ഇതില്‍ മുമ്പ് സൂചിപ്പിച്ച 60 കിലോ തോടും ചേര്‍ത്താണ് കൃത്രിമമായ പിണ്ണാക്കുണ്ടാക്കുന്നത്. 

oil cakeതിരിച്ചറിയാം 

വേപ്പിന്‍പിണ്ണാക്കിലെ കള്ളനാണയങ്ങളെ എങ്ങനെ തിരിച്ചറിയാമെന്നത് പല പുതിയ കര്‍ഷകര്‍ക്കും ഒരു പ്രശ്നമാണ്. അവയെ ഇങ്ങനെയൊക്കെ തിരിച്ചറിയാം.

തോടുചേര്‍ത്ത ചില പിണ്ണാക്കുകള്‍ക്ക് കാഴ്ച്ചയില്‍ത്തന്നെ അല്പം ചുവന്ന നിറമായിരിക്കും. അതിന്റെ പിണ്ണാക്കിന് ഉറപ്പും കുറവായിരിക്കും. എന്നാല്‍ ശുദ്ധമായതിന് നല്ലകറുത്ത നിറവും ഉറപ്പും ഉണ്ടാകും. മായം ചേര്‍ത്തതില്‍ പുറംതോടിന്റെ അംശങ്ങള്‍ കാണിക്കുന്നവയായിരിക്കും. ചാക്കില്‍ നിന്ന് വാരിനോക്കിയാല്‍ കേടായ മുന്തിരിത്തോടുപോലുള്ള പുറം ഭാഗം ചതച്ചത് പിണ്ണാക്കില്‍ കാണാം. 

ചിലതില്‍ തോടും നന്നായി അരച്ചുചേര്‍ത്തിട്ടുണ്ടാകും അത് കണ്ടെത്താന്‍ രണ്ട് കുപ്പിഗ്ളാസില്‍ സമം വെള്ളമെടുത്തതിന് ശേഷം അതില്‍ 50 ഗ്രാം വീതം രണ്ടുപിണ്ണാക്കും നന്നായി കലക്കി യോജിപ്പിക്കുക. ശുദ്ധമായ വേപ്പിന്‍പിണ്ണാക്ക് കലക്കിയതിന്റെ അടിയില്‍ മഞ്ഞനിറത്തില്‍ ഊറിവരികയും മുകളില്‍ നല്ല കറുത്ത നിറത്തില്‍ ലായനി തെളിയുകയും ചെയ്യും. എന്നാല്‍ ശുദ്ധമല്ലാത്ത പിണ്ണാക്ക് ചേര്‍ത്ത ഗ്ളാസിലെ ലായനി നന്നായി ഊറില്ല. മാത്രമല്ല അതിന് ചെമ്പന്‍(ചുവന്ന) നിറമായിരിക്കും ഉണ്ടാവുക. 
 
വേപ്പിന്‍പിണ്ണാക്ക് വാങ്ങുമ്പോള്‍ ശരിക്കും പരിശോധിച്ചതിന് ശേഷം മാത്രം വാങ്ങണം. അല്ലെങ്കില്‍ നമ്മുടെ ജൈവകൃഷി കുളമാകും.