മാതൃഭൂമിയുടെ മൂന്നാമത് കാര്‍ഷികമേള ഏപ്രില്‍ ഒന്നു മുതല്‍ പയ്യന്നൂരില്‍ നടക്കുന്നു. കാര്‍ഷികോത്പന്നങ്ങളുടെയും പഴയ കാര്‍ഷിക ഉപകരണങ്ങളുടെയും കാര്‍ഷികസംസ്‌കാരവുമായി ബന്ധപ്പെട്ട സാമഗ്രികളുടെയും പ്രദര്‍ശനം, സെമിനാറുകള്‍ എന്നിവ മേളയുടെ ഭാഗമായി നടക്കും. മേളയുടെ മുന്നോടിയായി ഉത്തരകേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതിയിലെ ആദാന പ്രദാനങ്ങളിലേക്ക് ഒരെത്തിനോട്ടം

കണ്ണൂരില്‍ കശുവണ്ടി അച്ചടിഭാഷ മാത്രമാണ്, കശുമാങ്ങയും. നാട്ടിന്‍പുറത്തെ കൃഷിക്കാരോട് ചോദിച്ചാല്‍ മുമ്പൊന്നും ഇങ്ങനെയൊരു സാധനത്തെപ്പറ്റി അറിയില്ല. അണ്ടിയും പൃത്തിക്ക മാങ്ങയുമാണ്. പൃത്തിക്ക, അഥവാ പിറുത്തിക്ക എന്താണ്. രാഷ്ട്രീയസാംസ്‌കാരികരംഗത്തെ കോളനീകരണത്തിന്റെയും കാര്‍ഷികവ്യവസായ രംഗത്തെ മാത്രമല്ല, ഭാഷയിലെയും വലിയൊരു ആദാനത്തിന്റെ പ്രതീകമാണ് പൃത്തിക്ക. 

പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യകാലത്ത് ഒരു അറബിക്കപ്പലില്‍ കണ്ണൂരിലെത്തി ഇവിടത്തെ കാര്‍ഷിക കാലാവസ്ഥാ മനുഷ്യപ്രകൃതികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി കൈമാറിയ പോര്‍ച്ചുഗീസുകാരനാണ് ജാവേ പെരസ് കോവില്‍ഹോം. കോവില്‍ഹോം നാട്ടിലെത്തിയില്ലെങ്കിലും ആ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പോര്‍ച്ചുഗീസ് ഭരണക്കാര്‍ അറിഞ്ഞു. കറുത്തപൊന്നിന്റെ, കുരുമുളകിന്റെ സമൃദ്ധിയെപ്പറ്റിയറിഞ്ഞ് അവര്‍ വാസ്‌കോഡഗാമയെ മൂന്ന് കപ്പല്‍ നിറച്ചാളുകളുമായി ഇങ്ങോട്ടയക്കുന്നു. 1498ല്‍ ഗാമ ഏഴിമലയും കണ്ണൂരും പിന്നിട്ട് മലബാര്‍തീരത്തെ മറ്റൊരു കേന്ദ്രമായ കാപ്പാട്ട് ഇറങ്ങുന്നു. പിന്നീട് കുരുമുളകിനായുള്ള യുദ്ധങ്ങള്‍, കൂട്ടക്കൊലകള്‍...

എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ വരുന്നതിനും വളരെമുമ്പ്, മൂവായിരത്തോളം കൊല്ലംമുമ്പ് ഗ്രീക്കുകാരും റോമാക്കാരും ഈ മലബാര്‍തീരത്തെത്തി. കുരുമുളകും ഏലവും ആനക്കൊമ്പുമെല്ലാം കൊണ്ടുപോയി. പഴയ നിയമത്തിലെ ശലമോന്റെ ഗീതങ്ങളില്‍ വരെ അതിന്റെ സൂചനകള്‍ വായിക്കാം. കുരുമുളകിന്റെ പ്രധാനകേന്ദ്രം വയനാടും കൂടി ഉള്‍പ്പെട്ട പഴയ കണ്ണൂരാണെന്നതാണ് ലോകചരിത്രത്തില്‍ ആദ്യം രേഖപ്പെടുത്തപ്പെട്ട ദക്ഷിണേന്ത്യന്‍ പ്രദേശങ്ങള്‍ ഈ മേഖലയിലുള്ളതായത്. എ.ഡി. ഒന്നാംനൂറ്റാണ്ടില്‍ രചിച്ച പെരിപ്ലസ് ഓഫ് എരിത്രിയല്‍ എന്ന ഗ്രീക്ക് കൃതിയില്‍ ഏറ്റവും മികച്ച കുരുമുളകിന്റെ  ഉത്പാദനകേന്ദ്രം കൊട്ടോനാരിക്ക എന്ന് പ്രസ്താവിക്കുന്നു. ഏതാനും പതിറ്റാണ്ടുകള്‍ക്കുശേഷം പ്ലിനി എഴുതിയ ഗ്രീക്ക് ഭൂമിശാസ്ത്രകൃതിയില്‍ കൊട്ടോനാര എന്ന് ഇതേകേന്ദ്രത്തെ പരാമര്‍ശിക്കുന്നു. 

അതായത് പാശ്ചാത്യര്‍ അവര്‍ക്ക് ആവശ്യമായ കുരുമുളകിനായി കൊട്ടനാരയിലാണ് എത്തിയത്. കൊട്ടനാര എന്നത് കൂത്തുപറമ്പിനടുത്ത കോട്ടയമാണെന്ന് ചരിത്രകാരന്മാര്‍ ഏറക്കുറെ സമ്മതിച്ചുകഴിഞ്ഞു. കൊട്ടനാര എന്ന വാക്ക് കോലത്തുനാട് എന്ന രാജ്യപ്പേരില്‍നിന്നുണ്ടായതാണെന്ന് പെരിപ്ലസിനെപ്പറ്റി പഠിച്ച ചിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. കൊട്ടയം നാട്ടില്‍ ഉത്പാദിപ്പിച്ച കുരുമുളക് ധര്‍മപട്ടണം തുറമുഖത്തുനിന്ന് യൂറോപ്പിലേക്ക് കയറ്റിക്കൊണ്ടുപോയിരുന്ന സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തെ കഥയാണിവിടെ സൂചിതം. ഈ കൊട്ടനാരയെയാണ് എ.ഡി. അഞ്ചാം നൂറ്റാണ്ടിലുണ്ടായതെന്ന് കരുതുന്ന അമരകോശത്തില്‍ ധര്‍മപത്തനം, കോലം എന്നീ പര്യായങ്ങളിലും കൂടി എടുത്തുചേര്‍ത്തത്. കോലത്തുപഴമ എന്ന പ്രസിദ്ധമായ ഗവേഷണഗ്രന്ഥത്തില്‍ എം.പി.കുമാരന്‍ ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. കോലത്തുനാട്ടിലെ, കോട്ടയത്തെ കുരുമുളക് കൃഷിയുടെ ആകര്‍ഷണമാണ് പാശ്ചാത്യരെ ഇങ്ങോട്ടേക്ക് നയിച്ചത്.

ഈ കുരുമുളകിന്റെ വള്ളികളാണ് പോര്‍ച്ചുഗീസുകാര്‍ കണ്ടമാനം മുറിച്ചുകൊണ്ടുപോകുന്നതായി മാങ്ങാട്ടച്ചന്‍ എന്ന മന്ത്രി സാമൂതിരിയോട് ആവലാതിപ്പെട്ടത്. അപ്പോള്‍ സാമൂതിരിപ്പാട് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞത്, കൊണ്ടുപോകട്ടെ, അവര്‍ക്കെവിടുന്നാ തിരുവാതിര ഞാറ്റുവേല കിട്ടുക എന്നാണ്.... 

അങ്ങനെ പറഞ്ഞെങ്കിലും കേരളക്കാര്‍ക്ക് കാര്‍ഷികമേഖലയില്‍ എക്കാലത്തും നന്ദിയോടെയേ പോര്‍ച്ചുഗീസുകാരെ ഓര്‍ക്കാനാവൂ. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച കശുവണ്ടി കിട്ടുന്ന സ്ഥലം കണ്ണൂരായത് അവരുടെ സംഭാവനയത്രെ. പോര്‍ത്തുഗീസ് അണ്ടിയാണ് കശുവണ്ടി, അഥവാ പൃത്തിയണ്ടി. അതിന്റെ മാങ്ങയത്രേ പൃത്തിക്കമാങ്ങ. ഈ അണ്ടിയുടെ തോടില്‍നിന്നുള്ള എണ്ണയാണ് കണ്ണൂര്‍ക്കാര്‍ പണ്ട് കാല്‍ വിണ്ടുകീറിയാല്‍ ഉണങ്ങനായി തേച്ചിരുന്നത്! ഈ മാങ്ങയില്‍നിന്നാണത്രേ മാങ്ങേന്റെ വെള്ളം എന്നപേരില്‍ നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെട്ട റാക്കുണ്ടാക്കിയിരുന്നത്. ഇപ്പോള്‍ പൃത്തിക്കമാങ്ങ എന്തുചെയ്യുമെന്നാണ് നാട്ടുകാരുടെ ചോദ്യം. ചാരായം നിരോധിച്ചതിനാല്‍ അത് പറ്റില്ല. എന്നാല്‍ വെറുതെയിട്ട് പൃക്ക് എന്ന കൊതുകിനെ വളര്‍ത്തി നാട്ടുകാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത് ഒഴിവാക്കിക്കൂടേ. തെങ്ങില്‍നിന്ന് നീരയുണ്ടാക്കുന്നതുപോലെ എന്തെങ്കിലും. അതല്ല മദ്യം പൂര്‍ണമായി നിരോധിക്കുന്ന സാഹചര്യമില്ലെങ്കില്‍ മദ്യനിര്‍മാണ കമ്പനികള്‍ക്ക് അസംസ്‌കൃതസാധനമായി നല്‍കിക്കൂടേ എന്ന ചോദ്യവുമുയരുന്നുണ്ട്.

 തേങ്ങ നേരത്തെ മുതല്‍ ഇവിടെയുള്ളതാണെങ്കിലും തെങ്ങുകൃഷി വ്യാപകമാക്കിയതിലും ശാസ്ത്രീയമാക്കിയതിലും പോര്‍ത്തുഗീസുകാരുടെ സംഭാവനയാണുള്ളത്. ചകിരിനാരിന്റെ, കയറിന്റെ ഉപയോഗം മനസ്സിലാക്കിയ അവര്‍ തെങ്ങിന്‍ പ്ലാന്റേഷന്‍ ശക്തിപ്പെടുത്തി. കൊപ്രക്കച്ചവടവും. 

പൃത്തിച്ചക്ക എന്നത് മാത്രമല്ല കണ്ണൂരില്‍ മുളക് കൃഷി പരിചയപ്പെടുത്തിയതും പോര്‍ത്തുഗീസുകാര്‍തന്നെ. മുളക് കണ്ണൂരിലില്ല, ഉള്ളത് പറങ്കിയാണ്. പറങ്കികളായ പോര്‍ത്തുഗീസുകാര്‍ തന്ന എരിവ്. പറമ്പുകളിലെ പ്രധാന കൃഷിയായി അടുത്തകാലംവരെ പറങ്കിയുണ്ടായിരുന്നു. കാന്താരി പോര്‍ത്തുഗീസുകാര്‍ കൊണ്ടുവന്നതല്ലെങ്കിലും കണ്ണൂരില്‍ അത് കാന്താരിപ്പറങ്കിയാണ്. പച്ചക്കറിക്ക് കൂടുതലായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയത് പറങ്കികൃഷിയില്ലാതായതോടെയാണ്. പറങ്കിത്തട്ടുകളിലാണിവിടെ പച്ചക്കറികളും വിളഞ്ഞിരുന്നത്...പറങ്കി കപ്പല്‍മുളകായും അറിയപ്പെടുന്നു.

മറ്റൊന്നും കറിവെക്കാനില്ലെങ്കില്‍ കപ്പക്കയെങ്കിലും... എല്ലാവീട്ടിലും ഒരു കപ്പയെങ്കിലുമുണ്ടായിരുന്നകാലം.. ഇന്നുമുണ്ട് മിക്ക വീടുകളിലും കപ്പ. കപ്പലില്‍ പോര്‍ത്തുഗീസുകാര്‍ കൊണ്ടുവന്ന കായയാണ് കപ്പക്കായി, കപ്പക്ക. അത് കര്‍മൂസും പപ്പായയുമായി.. കപ്പ എന്ന കപ്പക്ക കായ്ക്കുന്ന മരത്തിന്റെ പേര് തെറ്റിദ്ധരിപ്പിച്ചതല്ല. കപ്പ വേറെത്തന്നെ. അരിയും ഗോതമ്പുമെല്ലാം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും പ്രിയമേറിയ ഭക്ഷണം.

പട്ടിണിമരണങ്ങള്‍ തടഞ്ഞ മരക്കിഴങ്ങ്, കൊള്ളിക്കിഴങ്ങ് കപ്പ എന്ന പേരില്‍ അതറിയപ്പെടുന്നത് അവര്‍ ആ പറങ്കികള്‍ തന്നതിനാലാകുന്നു. കാസ്സാവാ, എന്നും ടപ്പോയിക്ക എന്നും അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ കിഴങ്ങ്. വാട്ട്കപ്പയും പൂളക്കിഴങ്ങും... ടപ്പോയിക്ക എന്ന കപ്പപ്പൊടി വലിയ വ്യവസായമാക്കിയത് പോര്‍ത്തുഗീസുകാരും സ്‌പെയിന്‍കാരുമാണ്. കപ്പപ്പൊടി കേരളത്തിലെ പ്രിയംകരമായ പിട്ട്‌പൊടിയായിരുന്നു. കലത്തിന് തുണിപൊതിഞ്ഞ് ആവിയില്‍ വേവിച്ചെടുക്കുന്ന കപ്പപ്പിട്ട്...

 പൈനാപ്പിള്‍,കൈതച്ചക്ക പൃത്തിച്ചക്കയായിരുന്നു. ആ ചക്ക പോലെതന്നെ ആത്തച്ചക്കയും അവരുടെ സംഭാവനയായാണ് കരുതുന്നത്. പേരയും വത്തക്കയും അങ്ങനെതന്നെ എത്തിയത്. കാര്‍ഷികമേഖലയില്‍ നമ്മുടെ ഒരു പേര് പോര്‍ത്തുഗീസുകാര്‍ ലോകപ്രസിദ്ധമാക്കി. ചക്കയുടെ പേര്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചക്കയുള്ള ബ്രസീലില്‍ ഭരണം പോര്‍ത്തുഗീസുകാരുടേതാണ്. അവിടെയും ജക്ക എന്ന പേരാണ് പോര്‍ത്തുഗീസുകാര്‍ പരിചയപ്പെടുത്തിയത്. ഇംഗ്ലീഷില്‍ ജാക്ക് ഫ്രൂട്ട് എന്ന് ചക്കക്ക് പേര് വന്നത് പോര്‍ത്തുഗീസുകാര്‍ ചക്കയെ ജക്കയാക്കിയതില്‍നിന്നാണ്. 

കാര്‍ഷികമേഖലയുമായും നിത്യജീവിതവുമായും ബന്ധപ്പെട്ട് കേരളീയര്‍ക്ക് നിരവധി പദങ്ങള്‍ സംഭാവന ചെയ്ത പറങ്കികളുടെ പറങ്കിയെന്ന പേര് അവര്‍ പകര്‍ത്തിയ രോഗങ്ങള്‍ക്കും വന്നുഭവിക്കുകയായിരുന്നു. പറങ്കി എന്നുമാത്രം പറഞ്ഞാല്‍ ഗുഹ്യരോഗത്തിന്റെ പേരായി. പറങ്കിപ്പുണ്ണ് എന്നും അതറിയപ്പെട്ടു. കോപ്പ നമുക്ക് പരിചയപ്പെടുത്തിയതും മലയാളത്തിന് ആ വാക്ക് തന്നതും അവരാണ്. അവര്‍ക്ക് ഇവിടത്തുകാരിലുണ്ടായ കുട്ടികളെ, തലമുറയെ കോപ്പക്കൂട്ട് എന്നും വിളിച്ചുപോന്നു.

 ശപിക്കുന്നതിന് പ്രാക്കല്‍ എന്നണിവിടത്തെ ഭാഷ. പ്‌രാകുക. ചന്തുമേനോന്റെ ഇന്ദുലേഖയില്‍ ഇംഗ്ലീഷിന് ഇംഗിരീയസ് എന്ന് പറയുന്നതിനെ തമാശയായിട്ടല്ല എടുക്കേണ്ടത്. പോര്‍ത്തുഗീസ് ഭാഷയില്‍ ഇംഗ്ലീഷ് ഇംഗിരീയസാണ്. പഞ്ചുമേനോനും സൂരിനമ്പൂതിരിയും ഇംഗിരീയസ് എന്നു പറഞ്ഞത് പോര്‍ത്തുഗീസുകാരെ അനുകരിച്ചാണ്. അതുപോലെ ഇംഗ്ലീഷ് കമ്പനി മേധാവികളെ പഴശ്ശി രാജാവ് അഭിസംബോധനചെയ്തത് ബഹുമാനപ്പെട്ട ഇംഗിരീയസ് കുമ്പഞ്ഞി എന്നാണ്. കുമ്പഞ്ഞി എന്നത് പ്രയോഗദോഷമല്ല. പോര്‍ത്തുഗീസ് ഭാഷയില്‍ കമ്പനി കുമ്പഞ്ഞിയോ ആണ്. തുണിയലക്കാന്‍ സാബന്‍കായ എന്നൊരു കായ ഉപയോഗിക്കാറുണ്ടായിരുന്നു പണ്ട്. സോപ്പിന് പോര്‍ത്തുഗീസ് ഭാഷയില്‍ സാബോ എന്നും സാബോനെറ്റ് എന്നുമാണ് പറയുന്നത്.

 നിത്യജീവിതത്തില്‍ ഉപയോഗത്തിലുള്ള മറ്റ് നിരവധി പദങ്ങളുമുണ്ട് പറങ്കികളുടെ സംഭാവനയായി മലയാളത്തില്‍. എല്ലാ പദവും തനി പോര്‍ത്തുഗീസ് പദമല്ല, പഴയ ലത്തീനില്‍ നിന്നുദ്ഭവിച്ച ആ ഭാഷ പേര്‍ഷ്യനില്‍നിന്നും അറബിയില്‍നിന്നും ആദാനം ചെയ്ത പദങ്ങളുടെ തദ്ഭവമാകാം. ഏഴായിരം അറബിവാക്കുകളും ആറായിരം പേര്‍ഷ്യന്‍ വാക്കുകളും ആദാനംചെയ്ത ഹിന്ദിയില്‍നിന്ന് മലയാളം കടംകൊണ്ട പദങ്ങള്‍ അനവധിയാണല്ലോ. നമ്മുടെ കാര്‍ഷികശബ്ദാവലിയില്‍ പ്രാകൃതത്തില്‍നിന്നും സംസ്‌കൃതത്തില്‍നിന്നും ആദാനംചെയ്തത് അസംഖ്യമാണല്ലോ..

ഏരിയും(ചന്ത) പട്ടാളവും ബത്തേരിയും ലേലവും കുശിനിയും മേശയും വാരയും ചാവിയും വരാന്തയും വിജാഗരിയും റീപ്പറും ഇസ്ത്രിയും ചാക്കും ബസിയും തൂവാലയും കളസവും അലമാരയും മേശയും മേസ്ത്രിയും ജനലും പോര്‍ട്ടിക്കോവും വീപ്പയും പേനയും ഗോബിയും ചാറ(വലിയ ഭരണി) യും ഇലുമ്പിപ്പുളിയും ആയയും തമ്പാക്കു(പുകയില)മെല്ലാം പോര്‍ത്തുഗീസുകാരിലൂടെ ഇവിടെ പ്രചരിച്ചതാണ്. ചായ ഉത്തരേന്ത്യയില്‍നിന്നെത്തിയ ചായയില്‍നിന്നാമോ നമുക്ക് കിട്ടിയത് അതോ പോര്‍ത്തുഗീസുകാരുടെ 'ചാ'യയില്‍നിന്നാണോ എന്ന് വ്യക്തമല്ല. സ്പൂണിന് കുയ്യല്‍ എന്ന് വന്നതും പോര്‍ത്തുഗീസ് സംഭാവനയാവാം. colher ആണ് പോര്‍ത്തുഗീസില്‍ സ്പൂണ്‍. 

ചീനച്ചട്ടിയും ചീനവലയുമടക്കം നിരവധി പദങ്ങള്‍ ചൈനീസ് കച്ചവടക്കാരിലൂടെ എത്തിയതും. പാപ്പര്‍, എക്‌സപാര്‍ടി തുടങ്ങി ലത്തീന്‍ പദങ്ങള്‍.തഹസീലും താലൂക്കും ജില്ലയും ജപ്തിയും വക്കീലും നികുതിയും ഖജാനയും വസൂലും  കവാത്തും കിസ്തും മരാമത്തും രൊക്കവും തകരാറും ബതിലും കീസയും റാക്കും പാനീസും മാപ്പും സബൂറും ഇന്ക്വലാബും ബാക്കിയും കരാറും പൈശും(വര്‍ക്കത്തും ബൗസും അതില്‍നിന്നാവാം) അടക്കം അറബിയില്‍നിന്നെത്തിയ വാക്കുകള്‍ക്ക് കണക്കില്ല. ചായമക്കാനിയിലെ മക്കാനി അറബിയാണ് പീടിക. ഈ പീടിക നമ്മുടെ കാര്‍ഷികസംസ്‌കാരത്തിന്റെ അവിഭാജ്യഘടകമത്രെ. ഇത് സംസ്‌കൃതത്തിലെ പീഠികതന്നെ. സാധനങ്ങള്‍ ഒരിടത്തുകൊണ്ടുവെച്ച് ഒരു പീഠത്തിലിരുന്ന വില്പന നടത്തുന്നത്! പ്രാകൃതഭാഷയില്‍നിന്നാണ് പീടിയ എന്ന് പദം വന്നത്. പീടിയ എന്നത് തെറ്റായ പ്രയോഗമല്ല, ശരിയായ പ്രയോഗംതന്നെ. അത് പിന്നീട് സംസ്‌ക്ൃത സ്വാധീനത്താല്‍ പീടികയായി. ഈ പീടികയില്‍ നടക്കുന്നത് കച്ചവടമാണല്ലോ. കച്ചയുടെ വില്പന. തുണിയാണ് ആദ്യകാലത്തെ പ്രധാന വില്പനവസ്തു. കോണകം അഥവാ കച്ചഡ, അഥവാ കച്ചട്ടം ആയിരുന്നു പ്രധാന വില്പനവസ്തു. 'പീടിയ'യും  'കച്ചവടം' പ്രാകൃതത്തിലൂടെ, സംസ്‌കൃതത്തിലൂടെ അങ്ങനെ ഇവിടെവരെ എത്തി!

 കാര്‍ഷികമേഖലയിലെയും കാര്‍ഷികസംസ്‌കാരത്തിലെയും ആദാനപദങ്ങള്‍ മലയാളത്തിന്റെ പോഷണത്തില്‍ വലിയ പങ്കുവഹിക്കുന്നു. അതിലേക്ക് ചെറിയൊരു എത്തിനോട്ടം മാത്രമാണിത്. സംസ്‌കൃതം, വിവിധ പ്രാകൃതഭാഷകള്‍, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍നിന്നുള്ള ആദാനത്തിലേക്ക് കണ്ണോടിച്ചാല്‍ നിര്‍ത്തുക എളുപ്പമല്ല...