കാസര്‍കോട്: വെള്ളരി സ്‌ക്വാഷ് രൂപത്തില്‍ വിപണിയിലെത്തുന്നു. ഇടിച്ചുപിഴിഞ്ഞ വെള്ളരിച്ചാറില്‍ ചെറുനാരങ്ങയും ഇഞ്ചിയും ചേര്‍ത്തുള്ള സ്‌ക്വാഷ് ഏപ്രിലില്‍ വിപണിയിലെത്തും. ഒപ്പം ചീര സ്‌ക്വാഷും ഉണ്ട്. ചീരച്ചാറില്‍ പഞ്ചസാരയും ചെറുനാരങ്ങ രുചിയുള്ള സിട്രിക് ആസിഡും ചേര്‍ത്തുള്ളതാണ് ചീര സ്‌ക്വാഷ്. കൃഷിവകുപ്പാണ് ഇത് വിപണിയിലെത്തിക്കുന്നത്.

വെള്ളരിയും ചീരയും സീസണില്‍ ഒന്നിച്ച് തഴച്ച് വളരുമ്പോള്‍ വേണ്ടത്ര വിപണി ലഭിക്കാത്ത കര്‍ഷകര്‍ക്കിത് ആശ്വാസമാകും. മറ്റ് സ്‌ക്വാഷിനെക്കാളും പോഷകസമ്പുഷ്ടമാണ് ഇവയെന്ന് നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വീണാറാണി പറയുന്നു. വെള്ളരി ഹല്‍വ, വെള്ളരി ജ്യൂസ്, വെള്ളരി സോപ്പ്, വെള്ളരി ഫെയ്‌സ് പാക്ക് എന്നിവയും വിപണിയിലെത്തും. ചീര കട്‌ലറ്റിലൂടെ പച്ചക്കറി മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വൈവിധ്യവും വിപണിയിലെത്തും.

ഇതിന്റെ ഭാഗമായി നീലേശ്വരം ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത വനിതകളെ ഉള്‍പ്പെടുത്തി മൂന്ന് ദിവസത്തെ പച്ചക്കറി മൂല്യവര്‍ധിത ഉത്പന്ന പരിശീലന ക്ലാസ് നടത്തി.
 
ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തിയ പരിശീലനത്തില്‍ പങ്കെടുത്തവരാണ് ഇവിടെ നേതൃത്വം നല്കിയത്. നീലേശ്വരം ബ്ലോക്ക്തലത്തില്‍ പച്ചക്കറി വികസന പദ്ധതി പ്രകാരം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതി പ്രകാരമാണിത്. നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വീണാറാണിയും കൃഷി ഓഫീസര്‍ പി.വി. ആര്‍ജിതയുമാണ് നേതൃത്വം.