മാവ് പൂക്കാനും കായ് പിടിക്കാനും പ്രേരിപ്പിക്കാന്‍ അരഞ്ഞാണംപോലെ ശിഖരത്തില്‍ മുറിവുണ്ടാക്കുന്ന പതിവുണ്ടല്ലോ. എന്താണിതിന്റെ ശാസ്ത്രീയവശം? ഇത് ഫലപ്രദമാണോ?

ഷംസുദ്ദീന്‍, ഇടമുളയ്ക്കല്‍

മാവ് കൂടുതല്‍ പൂക്കാനും കായ് പിടിക്കാനും പ്രേരിപ്പിക്കുന്ന പരിപാലനമാണ് അരഞ്ഞാണം മുറിക്കല്‍ അഥവാ വലയം മുറിക്കല്‍.

തിരഞ്ഞെടുത്ത ഒരു ശിഖരത്തില്‍ നിന്ന് അതിന്റെ പുറംതൊലി ചുറ്റുവട്ടത്തില്‍ അരഞ്ഞാണംപോലെ മുറിച്ചു മാറ്റുന്നതാണിത്. വൃക്ഷം ഉത്പാദിപ്പിക്കുന്ന ആഹാരം (കാര്‍ബോഹൈഡ്രേറ്റ്) ഇത്തരത്തില്‍ വലയം മുറിക്കുന്നതിലൂടെ വൃക്ഷത്തിന്റെ മുകള്‍ത്തട്ടില്‍ തന്നെ നിലനിര്‍ത്തുന്നു.

തിരഞ്ഞെടുക്കുന്ന ശിഖരങ്ങളില്‍ 11.5 സെന്റിമീറ്റര്‍ വീതിയില്‍ വലയംപോലെ തൊലി ഇളക്കി നീക്കുന്നു. 

വൃക്ഷത്തിന്റെ മുകള്‍ഭാഗവും വേരുപടലവും തമ്മില്‍ നിരന്തരം നടക്കുന്ന ഭക്ഷ്യപദാര്‍ഥങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്.
ഇതുവഴി മാവ് ധാരാളം പുഷ്പിക്കുകയും കായ് പിടിത്തം നേരത്തേയാക്കുകയും ചെയ്യും. ഇത്തരത്തില്‍ ചെയ്യുന്ന വൃക്ഷങ്ങളില്‍ 60 ദിവസം വരെ നേരത്തേ കായ് പിടിക്കുന്നതായി കണ്ടിട്ടുണ്ട്. വൃക്ഷത്തിലെ കാര്‍ബണ്‍  നൈട്രജന്‍ അനുപാതം ക്രമീകരിക്കുകവഴി ഇത് ഫലോത്പാദനം വര്‍ധിപ്പിക്കും.