Kisan Suvidhaചെങ്ങന്നൂര്‍ : സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ കൃഷി സംബന്ധമായ കാര്യങ്ങള്‍ കര്‍ഷകന്റെ വിരല്‍തുമ്പിലെത്തും.  കേന്ദ്ര കൃഷിമന്ത്രാലയം മുന്‍കൈ എടുത്ത് തയ്യാറാക്കിയ ' കിസാന്‍ സുവിധ' എന്ന മൊബൈല്‍ ആപ്പ് വഴിയാണ് ഇത് സാധ്യമാകുന്നത്. 
  
ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയായ ഇന്ത്യയില്‍ 87 ദശലക്ഷം ഗ്രാമീണര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇവര്‍ക്ക് പ്രയോജനപ്പെടുക എന്ന ലക്ഷ്യത്തോടെയാണ്  പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
  
പേര്, മൊബൈല്‍ നമ്പര്‍, സ്വന്തം കൃഷിസ്ഥലം ഉള്‍പ്പെടുന്ന ബ്ലോക്ക്  പഞ്ചായത്ത് തുടങ്ങിയ വിവരങ്ങള്‍  ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. കാലാവസ്ഥ, കമ്പോളനിലവാരം, വില്പന, വിളകളുടെ സംരക്ഷണം എന്നീ മേഖലകളാക്കി തിരിച്ചുള്ള വിവരങ്ങള്‍ ആപ്പിലൂടെ ലഭിക്കും. 
  
താപനില, അന്തരീക്ഷ ഊഷ്മാവ്, കാറ്റിന്റെ വേഗം, മഴയ്ക്കുള്ള സാധ്യത എന്നിവ അടുത്ത അഞ്ച് ദിവസത്തേക്ക് എങ്ങനെയായിരിക്കും എന്ന വിവരം ആപ്പിലെ കാലാവസ്ഥ എന്ന ഭാഗത്തുനിന്ന് അറിയാം. ഇതനുസരിച്ച് വിളവെടുപ്പ് എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. 
  
വിളയുടെ വിലനിലവാരം, ഏറ്റവും അടുത്തുള്ള അംഗീകൃത വിപണനശാല തുടങ്ങിയ വിവരങ്ങള്‍ വിപണി എന്ന് ഭാഗത്ത് നിന്നറിയാം. കബളിപ്പിക്കപ്പെടാതെ ഉത്പന്നങ്ങള്‍ യഥാര്‍ഥ വിലയ്ക്ക് വില്ക്കാന്‍ കര്‍ഷകന് ഇത് സഹായകമാവും. നല്ല വിത്ത്, കീടനാശിനി, വളം, കാര്‍ഷികോപകരണങ്ങള്‍ തുടങ്ങിയവ എവിടെ ലഭിക്കുമെന്നും പ്രദേശത്തെ വില്പനശാലയുടെ മേല്‍വിലാസവും  മൊബൈല്‍ നമ്പറും ആപ്പില്‍ ലഭ്യമാണ്. ചെറുകിട കര്‍ഷകര്‍ക്കാണ് ഇവ ഏറ്റവും പ്രയോജനപ്പെടുക. 
  
വളര്‍ച്ചയുടെ ഓരോഘട്ടത്തിലും വിളകളെ ബാധിക്കുന്ന അസുഖങ്ങള്‍, സംരക്ഷണത്തിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, വളപ്രയോഗം, കീടനാശിനി പ്രയോഗിക്കേണ്ട അളവ് തുടങ്ങിയ വിവരങ്ങളും ആപ്പില്‍ ലഭിക്കും. നിയന്ത്രിതമായ രീതിയില്‍ വളവും കീടനാശിനിയും പ്രയോഗിക്കാനും വിളകള്‍ക്ക് ബാധിക്കുന്ന രോഗങ്ങള്‍ക്കെതിരെ മുന്‍കരുതലെടുക്കാനും കര്‍ഷകര്‍ക്ക് ഇതിലൂടെ സാധിക്കും.