ളരെയധികം പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഭക്ഷ്യവിളയാണ് കൂണ്‍. രുചിയുടെ കാര്യത്തിലും കൂണ്‍ മുമ്പില്‍ തന്നെയാണ്. അധികം മുതല്‍ മുടക്കില്ലാതെ നല്ല വുരമാനം ലഭിക്കാനുള്ള ഒരു തൊഴില്‍ സംരംഭമായി കൂണ്‍ കൃഷി ചെയ്യാവുന്നതണ്. വളം നല്‍കേണ്ടാത്ത വളര്‍ച്ചാപരിചരണങ്ങളാവശ്യമില്ലാത്ത മറ്റ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എന്തിന് മണ്ണുപോലും ആവശ്യമില്ലാത്ത കൃഷിയാണ് കൂണ്‍ കൃഷി. വൈക്കോല്‍, അറക്കപ്പൊടിയെന്നിവയാണ് മാധ്യമമായി ഉപയോഗിക്കുന്നത്. 1087 അളവിലുള്ള ചെറിയ  മുറി സൗകര്യമുള്ളവര്‍ക്ക്  (വെളിച്ചം കടക്കാത്ത ചായ്പായാലും മതി). കൂണ്‍ വിളയിച്ചെടുക്കാനും ആഴ്ചയില്‍ 10,000 രൂപവരെ വരുമാനം നേടാനും കൃഷിക്കാര്‍ക്ക് നല്‍കാന്‍ കഴിയുന്നു.

സാധാരണ കൂണ്‍കൃഷിയില്‍ വൈക്കോലാണ് മാധ്യമമായി ഉപയോഗിക്കുന്നത്. കൃഷി ചെയ്യുകയല്ല കൂണ്‍ വിത്തിന് മുളച്ചുപൊന്തി സ്വാഭാവികമായി വളരാനുള്ള പരിസ്ഥിതി ഒരുക്കികൊടുക്കുകയാണ് സംരഭകര്‍ ചെയ്യുന്നത്. ഒരു തടത്തിന് (തിരി) മൂന്നുകിലോ വൈക്കോല്‍ വേണം.  ഒരു തിരിക്ക് 20-25 രൂപയാണ് വില. ഒരു തടത്തിലേക്ക് 300ഗ്രാം വരുന്ന ഒരു പാക്കറ്റ് വിത്താണ് വേണ്ടത്. ഇതിന് ഒന്നിച്ചുവാങ്ങുമ്പോള്‍ 30-40 രൂപവരെ വരും. ഒരു കിലോ കൂണ്‍ ഉത്പാദിപ്പിക്കാന്‍ ഏകദേശം 70രൂപയാണ് ചെലവ്. പാല്‍ കൂണായാലും ചിപ്പിക്കൂണായാലും കിലോക്ക് 300രൂപയ്ക്കാണ് വില്പന. ആയതിനാല്‍ കുറഞ്ഞത് 200 രൂപയോളം ഒരു കിലോ കൂണില്‍നിന്ന് കിട്ടുന്നു. 1087 വലിപ്പംവരുന്ന മുറിയില്‍ ഏകദേശം 60-70 തടം സ്ഥാപിക്കാം.

അതില്‍നിന്ന് 40-50 ദിവസത്തിനുള്ളില്‍ത്തന്നെ ആദ്യവിളവെടുക്കാം. 60-70 ദിവസത്തിനിടയില്‍ 3 തവണകൂടി വിളവെടുക്കാം.
വീട്ടുനുള്ളില്‍ മുറിയിലും ടെറസിന് മുകളിലും ഷെഡ്‌നെറ്റും ടാര്‍പോളിനും ഉപയോഗിച്ച് മറച്ച ഷെഡ്ഡുകളില്‍ കൂണ്‍ നന്നായി വളരും. പാല്‍ക്കൂണ്‍, ചിപ്പിക്കൂണ്‍ എന്നിങ്ങനെ രണ്ടുതരം കൂണുകള്‍ ഉത്പാദിപ്പിക്കാം. ഹ്യുമിഡിറ്റി കൂടുതലുള്ള ജൂണ്‍-ഡിസംബര്‍ കാലങ്ങളില്‍ ചിപ്പിക്കൂണ്‍ വളര്‍ത്താം. എന്നാല്‍ ജനവരി മുതല്‍ മെയ്‌വരെയുള്ള വേനല്‍ക്കാലത്ത് പാല്‍ക്കൂണാണ് നല്ലത്. 

ഹൈടെക് കള്‍ട്ടിവേഷന്‍

പ്രത്യേകതരം കൂടാരത്തില്‍ കൂണ്‍ കൃഷി ചെയ്യുന്ന രീതിയാണ് ഹൈടെക് മഷ്‌റൂം കള്‍ട്ടിവേഷന്‍. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന പ്ലാന്റേഷന്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഈ നൂതന കൃഷിരീതി പരീക്ഷിച്ച് വിജയിപ്പിച്ചത്. ഇതിനെ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ അംഗീകരിച്ചിട്ടുണ്ട്. മാത്രമല്ല ഹൈടെക് കൂണ്‍ യൂണിറ്റുകള്‍ നിര്‍മിച്ച് ഉത്പാദനം നടത്താനും കൂണ്‍കൃഷി പ്രോത്സാഹിപ്പിക്കാനും യൂണിറ്റുകള്‍ക്ക് ഒരു ലക്ഷം രൂപവീതം സബ്‌സിഡിയും നല്‍കിവരുന്നുണ്ട്.

കൃഷിരീതി

ടിഷ്യൂകള്‍ച്ചര്‍ രീതിയിലാണ് കൂണ്‍വിത്ത് പാകപ്പെടുത്തിയെടുക്കുന്നത്. പത്തനംതിട്ടി ജില്ലയിലെ തെളിയൂര്‍ കാര്‍ഡ് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ കൂണ്‍വിത്ത് ഉത്പാദനത്തില്‍ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. മാത്രമല്ല കൃഷിയിലും പരിശീലനം നല്‍കിവരുന്നു. വൈക്കോല്‍, ചകിരിച്ചോറ്, അറക്കപ്പൊടിയെന്നിവയാണ് കൂണ്‍വിത്ത് വിളയിച്ചെടുക്കാനാവുന്ന മാധ്യമമായി ഉപയോഗിച്ചുവരുന്നത്. 12 മുതല്‍ 18 മണിക്കൂര്‍വരെ ശുദ്ധമായ ജലത്തില്‍ കുതിര്‍ത്തുവെച്ച മാധ്യമം ചെറിയ ഈര്‍പ്പത്തില്‍ 40 മിനിറ്റില്‍ കുറയാതെ ആവിക്ക്‌വെച്ച് പുഴുങ്ങിയെടുക്കണം. ഇത് ഒരു പ്രതലത്തില്‍ വിതറിയിട്ട് വെള്ളം വാര്‍ന്നശേഷമാണ് തടം തയ്യാറാക്കല്‍. കണ്ടാല്‍ ഈര്‍പ്പം തോന്നുകയും കൈകൊണ്ട് പിഴിഞ്ഞാല്‍ ഒരുതുള്ളി വെള്ളംപോലും വരാതെയിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ബഡ്ഡായി ഒരുക്കിയ മാധ്യമത്തില്‍ വിത്തിടല്‍.

വിത്ത് വിതയ്ക്കല്‍

കൂണ്‍കൃഷിയുടെ കൃഷിയിടമെന്ന്പറയുന്നത് പോളിത്തീന്‍ കവറാണ്. പോളിത്തില്‍ ബാഗില്‍ രണ്ടിഞ്ച് കനത്തില്‍ കവിയാതെ വൈക്കോല്‍ വിതറുന്നു. കൈപ്പത്തിയാല്‍ മാധ്യമം ഒരുക്കിയശേഷം കൈകൊണ്ട് കട്ടപൊടിച്ച് കൂണ്‍വിത്തുകള്‍ വൈക്കോല്‍ കവറും ചേരുന്ന ഭാഗത്തുമാത്രം വിതറുന്നു. കനംകുറഞ്ഞരീതിയിലെ വിതറാവൂ. വീണ്ടും രണ്ടിഞ്ച് കനത്തില്‍ വൈക്കോല്‍ നിറച്ച് ഒരുക്കുവെക്കുന്നു. വീണ്ടും വിത്ത് പാകുന്നു. ഇങ്ങനെ ഒരു മികച്ച നിലവാരത്തിലുള്ള പോളീത്തീന്‍ കവറില്‍ 6 തവണവരെ ആവര്‍ത്തിക്കാം.

ഓരോതവണയും മാധ്യമത്തിന് മുകളില്‍ കവര്‍വരുന്ന ഭാഗത്ത് വിത്ത് വിതറാന്‍ മറക്കരുത്. പിന്നീട് കവറിന്റെ വായഭാഗം കൂട്ടിക്കെട്ടി ശുദ്ധമായ ഒരു ആണി ഉപയോഗിച്ച് 20-ല്‍ കുറയാതെയള്ള സുഷിരങ്ങള്‍ ഓരോ ലയറിലും ഇട്ട് വായുസമ്പര്‍ക്കമുള്ള പ്രകാശം കടക്കാത്ത മുറിയില്‍ ഈ ബെഡ്ഡ് സൂക്ഷിക്കാം. കൃഷി ചെയ്തിരിക്കുന്ന വിത്തിന്റെ ഗുണമേന്മയ്ക്കനുസരിച്ച് ഹൈടെക് കൃഷിരീതിയില്‍ 15മുതല്‍ 27വരെ ദിവസംകൊണ്ട് വിളവെടുക്കാം. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാന്‍ പറ്റുന്ന കൂണ്‍പുരയാണ് ഹൈ-ടെക് കള്‍ട്ടിവേഷന്‍ ഉപയോഗിക്കുന്നത്.  

താപനില വ്യത്യാസപ്പെടുത്താന്‍ കഴിയുന്ന ഇത്തരം കൂണ്‍പുരകള്‍ കൊടുങ്ങല്ലൂരിലെ അഗ്രോ മഷ്‌റൂസ് നിര്‍മിച്ചുകൊടുക്കുന്നുണ്ട്. പാല്‍കൂണും ചിപ്പിക്കൂണും നമുക്കിങ്ങനെ വളര്‍ത്തിയെടുക്കാം. ചിപ്പികൂണ്‍ പുറത്തുവെച്ചാല്‍ പെട്ടന്നുകേടാകും എന്നാല്‍ പാല്‍കൂണ്‍ 5 ദിവസംവരെ പുറത്തുവെയ്ക്കാം. കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ കൂണ്‍വിത്ത് ഉത്പാദനത്തിലും കൃഷിയിലും പരിശീലനം നല്‍കിവരുന്നു. വിത്ത് ഉദ്പാദത്തിനുള്ള സംവിധാനമൊരുക്കാന്‍ 10000 രൂപയേ വരുന്നുള്ളൂ. തിരുവനന്തപുരം പ്ലാന്റേഷന്‍ കോര്‍പ്പറേഷനാണ് ഇതിന്റെ മകിച്ച പ്രോത്സാഹകര്‍.

ശുചിത്വവും ക്ഷമയുമുള്ള ആര്‍ക്കും കൂണ്‍കൃഷിയിലേര്‍പ്പെടാം. ഒരു സാങ്കേതിക വിദഗ്ദ്ധന്റെ സേവനം കൂണ്‍കൃഷി വിജയിപ്പിക്കാന്‍ ആവശ്യമാണ്. തിരുവനന്തപുരം പ്ലാന്റേഷന്‍ കോര്‍പ്പറേഷനാണ് ഹൈടെക് കൂണ്‍കൃഷിയുടെ ശില്പികള്‍. ഇവര്‍ കൂണ്‍കൃഷികാര്‍ക്ക് എല്ലാവിധ സഹായവും നല്‍കി വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9995873877, മെയില്‍: pramodpurath@gmail.com.

ഫോണ്‍ നമ്പറുകള്‍: പ്ലാന്റേഷന്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍. തിരുവനന്തപുരം: 0472-2859955, 9400869955

എടക്കര അഗ്രോ പ്രൊഡകറ്റ്‌സ് : 04931-279401, 9745288644,9400869955