ഴക്കാലത്ത് പച്ചക്കറിമുതല്‍ പപ്പായവരെയുള്ള വിവിധ വിളകളുടെ പ്രധാന ശത്രുവാണ് ഒച്ച്. ഇമ്മിണി ശംഖ് മുതല്‍ ആഫ്രിക്കന്‍ ഒച്ചുവരെ ഈ ഗണത്തില്‍പ്പെടും. പകല്‍വെളിച്ചത്തില്‍  ഒളിച്ചിരുന്ന് സന്ധ്യക്ക് പുറത്തെത്തി നാശം വരുത്തുന്നതാണ് ഇതിന്റെ രീതി.

വരള്‍ച്ച ഒച്ചിന്റെ വളര്‍ച്ചയ്ക്ക് പ്രതികൂലമാണ്. പുറന്തോടിനുള്ളിലേക്ക് വലിഞ്ഞ്  ഭക്ഷണമില്ലാതെ കഴിയാനുള്ള കഴിവാണ് ഈ സമയത്ത് ഒച്ചിനെ തുണയ്ക്കുക. സംഘം ചേര്‍ന്നാണ് ജീവിതം. മഴക്കാലമായാല്‍ ഒച്ചിന്റെ ആക്രമണം ശക്തമാകും. പച്ചക്കറി, തോട്ടവിള, ഫലവര്‍ഗവിള എന്നുവേണ്ട പൂന്തോട്ടത്തിനും ഇവ നാശമുണ്ടാക്കും. ആക്രമണം ശക്തമാകുന്നതിനനുസരിച്ച് വീടുകളെയും ലക്ഷ്യമാക്കുന്നു. ഒരു വര്‍ഷം ആയിരം മുട്ടവരെയിടും.

ഈര്‍പ്പത്തോട് ഒച്ചിന് താത്പര്യം കൂടും. രാത്രികാലത്ത് ചണച്ചാക്കുകള്‍ കൃഷിയിടത്തിനുചുറ്റും നനച്ചിടുക. ഇതില്‍ ഒച്ചിന്റെ ഇഷ്ട ആഹാരമായ പപ്പായ ഇലയോ വാഴയിലയോ കൂനകൂട്ടിയിടുക ആകൃഷ്ടരായെത്തുന്ന ഒച്ചുകളെ അതിരാവിലെ ശേഖരിച്ച് ഉപ്പ് വിതറി നശിപ്പിക്കാം.

കൃഷിസ്ഥലത്ത് ഒച്ചിനെ കണ്ടുതുടങ്ങിയാല്‍ പുകയിലസത്ത് തുരിശ് ലായനിയുമായി ചേര്‍ത്ത് തളിക്കാം. ഇതിനായി ഒന്നരലിറ്റര്‍ വെള്ളത്തില്‍ 25 ഗ്രാം പുകയിലയിട്ട് തിളപ്പിച്ച് ഒരു ലിറ്ററാക്കി കുറുക്കണം. 60 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെള്ളവുമായി ലയിപ്പിച്ച ലായനി തണുത്ത പുകയില ലായനിയില്‍ കൂട്ടിച്ചേര്‍ക്കണം. ജൈവരീതിയില്‍ ഒച്ചിനെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്.